പ്രഭാത പ്രാർത്ഥന
“ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു(ഉല്‍പത്തി പുസ്തകം 2:7-8)” പ്രഭാതത്തിൽ ഞങ്ങളെ ഉണർത്തുന്ന ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ശുഭകരമല്ലാത്ത ഒരുപാടു വാർത്തകൾ ആണ് ഈ പ്രഭാതത്തിൽ ഞങ്ങളെ കാത്തിരിക്കുന്നത്. കോവിഡ് മഹാമാരി വീണ്ടും തകർത്താടി ഞങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർത്തിരിക്കുന്നു. ആകാംഷയുടെയും, ഭീതിയുടെയും ദിനങ്ങളിൽ കൂടി ആണ് ഈ ദിനങ്ങളിൽ ഞങ്ങൾ കടന്നു പോകുന്നത്. പിതാവേ കരുണ ആയിരിക്കണമേ. ഞങ്ങളുടെ മേലും ദേശത്തിന്റെ മേലും അങ്ങയുടെ കൃപ ചൊരിയണമേ. ദേശത്തെ ഭീതി വിഴുങ്ങുവാൻ അങ്ങ് ഇടയാക്കരുതേ. ഈശോ നാഥാ, ഇന്നത്തെ കാലാവസ്ഥ പ്രവചനങ്ങൾ അതി ശക്തമായ മഴയാണ് പ്രവചിക്കുന്നത്. നാഥാ, അവിടുന്ന് മഴയുടേയും കാറ്റിന്റെയും, പ്രകൃതി ശക്തികളെയും നിയന്ത്രിക്കുവാൻ അധികാരമുള്ള ദൈവമാണല്ലോ. പ്രകൃതി ഷോഭങ്ങളിൽ നിന്നും അവിടുന്ന് ഞങ്ങളെ കാത്തു കൊള്ളണമേ. പ്രപഞ്ചത്തിന്റെ സംരക്ഷണത്തിനായുള്ള ദൈവ പദ്ധതികൾ നിറവേറുമ്പോൾ അവിടുത്തെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ അങ്ങ് മറക്കരുതേ. മനുഷ്യ കുലത്തിന്റെ അപരാധങ്ങളും, ദുഷ് ചെയ്തികളും ഭൂമിയുടെ നാശത്തിനു ഇടയാക്കാതെ കാത്തു കൊള്ളണമേ. തെറ്റുകളെ പ്രതി മനുഷ്യനെ പരിപൂർണമായി അങ്ങ് തള്ളി കളയരുതേ. നല്ല പിതാവേ, ഇന്നേ ദിനത്തിൽ ഭയത്തോടെ ജോലിക്ക് പോകേണ്ടി വരുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. അവർക്ക് സംരക്ഷണമായിരിക്കണമേ. കോവിഡ് ബാധിച്ചു കഴിയുന്ന എല്ലാമക്കളെയും ഓർക്കുന്നു. അവരെ ആശ്വസിപ്പിക്കണമേ. വിടുതൽ നൽകി അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ വിശ്വാസത്തിലും, വിശുദ്ധിയിലും കൂടുതൽ വളരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ചിന്തകളെ നിയന്ത്രിച്ചു കൊണ്ട്.,ദൈവത്തിൽ കണ്ണുകൾ ഉറപ്പിച്ചു മഹമാരിയുടെ ഈ നാളുകൾ താണ്ടുവാൻ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ
വിശുദ്ധ അൽഫോൻസ് ലിഗോരി, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment