Daily Saints in Malayalam – August 06 Transfiguration of Christ

⚜️⚜️⚜️⚜️ August 06 ⚜️⚜️⚜️⚜️
യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരിന്നത്. കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തേയും, അവന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനേയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തെ ഈ തിരുനാള്‍ എടുത്ത് കാണിക്കുന്നു. ദൈവത്തിന്റെ അവര്‍ണ്ണനീയമായ കരുണയാല്‍ അനശ്വര ജീവിതമെന്ന ദൈവത്തിന്റെ വാഗ്ദാനത്തില്‍ നമ്മളും ഉള്‍പ്പെടുന്നു.

ഗാഗുല്‍ത്തായിലെ തന്റെ സഹനങ്ങള്‍ക്ക് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് യേശു ഗലീലിയിലായിരിക്കുമ്പോള്‍, ഒരിക്കല്‍ വിശുദ്ധ പത്രോസിനേയും, സെബദിയുടെ മക്കളായ വിശുദ്ധ യാക്കോബിനേയും, വിശുദ്ധ യോഹന്നാനേയും കൂട്ടികൊണ്ട് മലമുകളിലേക്ക് പോയി. ഐതീഹ്യമനുസരിച്ച്, വളരെ മനോഹരവും, മരങ്ങള്‍ കൊണ്ട് പച്ചപ്പ്‌ നിറഞ്ഞിരുന്ന താബോര്‍ മലയായിരിന്നു അത്. ഗലീലി സമതലത്തിനു നടുക്ക് ഏറെ മനോഹരമായ ഒന്നായിരിന്നു താബോര്‍ മല. ഇവിടെ വെച്ചാണ് മനുഷ്യനായ ദൈവം തന്റെ പൂര്‍ണ്ണ മഹത്വത്തോട് കൂടി പ്രത്യക്ഷപ്പെട്ടത്.

Transfiguration of Christയേശു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ദിവ്യപ്രകാശം യേശുവിന്റെ ശരീരത്തെ മുഴുവന്‍ വലയം ചെയ്തു. യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുകയും, അവന്റെ വസ്ത്രങ്ങള്‍ മഞ്ഞുപോലെ വെളുത്ത് കാണപ്പെടുകയും ചെയ്തു. ആ അവസരത്തില്‍ മോശയും, ഏലിയാ പ്രവാചകനും യേശുവിന്റെ വശങ്ങളില്‍ നില്‍ക്കുന്നതായി ആ മൂന്ന്‍ അപ്പസ്തോലന്‍മാര്‍ക്കുംദര്‍ശിക്കുവാന്‍ കഴിഞ്ഞു. ജെറുസലേമില്‍ സഹനങ്ങള്‍ അനുഭവിച്ചുകൊണ്ടുള്ള യേശുവിന്റെ മരണത്തേക്കുറിച്ച് മോശയും, ഏലിയായും യേശുവിനോടു വിവരിക്കുന്നതായും അപ്പസ്തോലന്‍മാര്‍ കേട്ടു.

ഈ അതിശയകരമായ ദര്‍ശനം കണ്ട അപ്പസ്തോലന്‍മാര്‍ വിവരിക്കാനാവാത്തവിധം സന്തോഷവാന്‍മാരായി. “കര്‍ത്താവേ, നമുക്കിവിടെ മൂന്ന്‍ കൂടാരങ്ങള്‍ പണിയാം, ഒന്ന്‍ ദൈവത്തിനും, ഒരെണ്ണം മോശക്കും മറ്റേത് ഏലിയാക്കും” എന്ന് പത്രോസ് വിളിച്ചു പറഞ്ഞു. പത്രോസ് ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന്‍ വെളുത്ത് തിളക്കമുള്ള ഒരു മേഘം സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വരുകയും ഇപ്രകാരമൊരു സ്വരം തങ്ങളോടു പറയുന്നതായും അവര്‍ കേട്ടു “ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു; ഇവന്‍ പറയുന്നത് കേള്‍ക്കുക.” ഈ സ്വരം കേട്ടപ്പോള്‍ പെട്ടെന്നൊരു ഭയം അപ്പസ്തോലന്‍മാരെ പിടികൂടി. അവര്‍ നിലത്തു വീണു; എന്നാല്‍ യേശു അവരുടെ അടുത്ത് ചെന്ന് അവരെ സ്പര്‍ശിച്ചുകൊണ്ട് എഴുന്നേല്‍ക്കുവാന്‍ പറഞ്ഞു. അവര്‍ ഉടനടി തന്നെ എഴുന്നേറ്റു. അപ്പോള്‍ സാധാരണ കാണുന്ന യേശുവിനെയാണ് അവര്‍ക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്.

ഈ ദര്‍ശനം സംഭവിച്ചത് രാത്രിയിലായിരുന്നു. അടുത്ത ദിവസം അതിരാവിലെ അവര്‍ മലയിറങ്ങി, താന്‍ മരിച്ചവരില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ ഇക്കാര്യം ആരോടും പറയരുതെന്ന്‍ യേശു അവരെ വിലക്കി. ഈ രൂപാന്തരീകരണത്തിലൂടെ പുനരുത്ഥാന ഞായറാഴ്ചക്ക് ശേഷം താന്‍ സ്ഥിരമായി ആയിരിക്കുവാന്‍ പോകുന്ന മഹത്വമാര്‍ന്ന അവസ്ഥയിലേക്ക് യേശു അല്പ സമയത്തേക്ക് പോവുകയായിരുന്നു. യേശുവിന്റെ ആന്തരിക ദിവ്യത്വത്തിന്റെ ശോഭയും, യേശുവിന്റെ ആത്മാവിന്റെ ധന്യതയും അവന്റെ ശരീരത്തിലൂടെ കവിഞ്ഞൊഴുകുകയും, അത് അവന്റെ വസ്ത്രങ്ങളെ മഞ്ഞിന് സമം തൂവെള്ള നിറത്തില്‍ തിളക്കമാര്‍ന്നതാക്കുകയും ചെയ്തു.

തന്റെ സഹനങ്ങളേയും മരണത്തേയും കുറിച്ച് പ്രവചിച്ചപ്പോള്‍ അസ്വസ്ഥരായ ശിഷ്യന്‍മാരെ ധൈര്യപ്പെടുത്തുക എന്നതായിരുന്നു അവിടുത്തെ രൂപാന്തരീകരണത്തിന്റെ ലക്ഷ്യം. യേശുവിന്റെ രക്ഷാകര ദൗത്യത്തിനു കുരിശ്, മഹത്വം എന്നീ രണ്ട് വശങ്ങള്‍ ഉണ്ടെന്ന വസ്തുത അപ്പസ്തോലന്‍മാര്‍ മനസ്സിലാക്കുകയായിരുന്നു. യേശുവിനോടൊപ്പം സഹനങ്ങള്‍ അനുഭവിച്ചാല്‍ മാത്രമേ നമുക്കെല്ലാവര്‍ക്കും അവനോടൊപ്പം മഹത്വത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂയെന്ന്‍ അവിടുത്തെ രൂപാന്തരീകരണ തിരുനാള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

  1. സിക്സ്റ്റസു ദ്വിതീയന്‍ പാപ്പാ, അഗാപിറ്റസ്, ഫെലിച്ചീസിമൂസ്, ജാനുവാരിയൂസ്,മഞ്ഞൂസ്, വിന്‍സെന്‍റ്, സ്റ്റീഫന്‍

  2. കൊളോണിലെ ജസെലിന്‍

  3. ഹോര്‍മിസ്‌ദാസ് പാപ്പാ
    ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment