ദിവ്യബലി വായനകൾSaturday of week 18 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 8/8/2020

Saint Dominic, Priest 
on Saturday of week 18 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 15: 5

സഭാമധ്യേ അവന്‍ അവന്റെ വായ് തുറക്കുകയും
ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം കൊണ്ട്
കര്‍ത്താവ് അവനെ നിറയ്ക്കുകയും ചെയ്തു;
അവിടന്ന് മഹത്ത്വത്തിന്റെ വസ്ത്രം അവനെ അണിയിച്ചു.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഡോമിനിക്ക്,
അങ്ങയുടെ സത്യത്തിന്റെ നിസ്തുല പ്രഭാഷകനായിരുന്നല്ലോ.
ഈ വിശുദ്ധന്‍ തന്റെ പുണ്യയോഗ്യതകളാലും പ്രബോധനങ്ങളാലും
അങ്ങയുടെ സഭയെ സഹായിക്കുകയും
ഞങ്ങള്‍ക്കുവേണ്ടി കൂടുതല്‍ ഭക്തിതീക്ഷ്ണതയുളള മധ്യസ്ഥനായി
ഭവിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 2:1-10a
രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്.

സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല. നിങ്ങളുടെയിടയില്‍ ആയിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു. എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.
എന്നാല്‍, പക്വമതികളോടു ഞങ്ങള്‍ വിജ്ഞാനം പ്രസംഗിക്കുന്നു. പക്‌ഷേ, ലൗകികവിജ്ഞാനമല്ല; ഈ ലോകത്തിന്റെ നാശോന്മുഖരായ അധികാരികളുടെ വിജ്ഞാനവുമല്ല. രഹസ്യവും നിഗൂഢവുമായ ദൈവികജ്ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്. അതു നമ്മുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കു മുമ്പു തന്നെ ദൈവം നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, നമുക്കു ദൈവം അതെല്ലാം ആത്മാവു മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 96:1-2a,2b-3,7-8a,10

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.

ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 9:57-62
നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും പോകുംവഴി ഒരുവന്‍ യേശുവിനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിച്ചാലും. അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്‌ഷേ, ആദ്യം പോയി എന്റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയില്‍ കൈവച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍,
വിശുദ്ധ ഡോമിനിക്കിന്റെ മാധ്യസ്ഥ്യത്താല്‍
കാരുണ്യപൂര്‍വം ശ്രവിക്കുകയും
ഈ ബലിയുടെ ശക്തിവിശേഷത്താല്‍,
വിശ്വാസസംരക്ഷകരെ
അങ്ങയുടെ കൃപയുടെ പരിപാലനത്തില്‍
ശക്തിപ്പെടുത്തുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.
Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഡോമിനിക്കിന്റെ
ഓര്‍മയാചരണത്തില്‍
സ്വര്‍ഗീയകൂദാശയാല്‍ ഞങ്ങള്‍ പരിപോഷിതരായല്ലോ.
ഈ കൂദാശയുടെ ശക്തി
സമ്പൂര്‍ണഭക്തിയുടെ ഊഷ്മളതയോടെ
അങ്ങയുടെ സഭ അനുഭവിക്കട്ടെ.
ഈ വിശുദ്ധന്റെ സുവിശേഷപ്രഭാഷണത്താല്‍
പുഷ്ടിപ്പെട്ട തിരുസഭ,
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍
തുണയ്ക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment