ദിവ്യബലി വായനകൾ: Tuesday of week 19 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ

Saint Clare, Virgin 
on Tuesday of week 19 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 148:12-14

കന്യകമാര്‍ കര്‍ത്താവിന്റെ നാമം സ്തുതിക്കട്ടെ.
എന്തെന്നാല്‍ അവിടത്തെ നാമം മാത്രമാണ് സമുന്നതം;
അവിടത്തെ മഹത്ത്വം സ്വര്‍ഗത്തെയും ഭൂമിയെയുംകാള്‍
ഉന്നതമാണ്.
Or:
cf. സങ്കീ 44:16

കന്യകമാര്‍ സന്തോഷത്തോടും ആഹ്ളാദത്തോടുംകൂടെ
രാജ സന്നിധിയിലേക്കു പ്രവേശിക്കുന്നു.
അങ്ങയുടെ ആലയത്തില്‍
അവര്‍ രാജാവും കര്‍ത്താവുമായ അങ്ങയുടെ പക്കലേക്ക്
ആനയിക്കപ്പെടുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ക്ലാരയെ
ദാരിദ്ര്യത്തോടുള്ള സ്‌നേഹത്തിലേക്ക്
കാരുണ്യപൂര്‍വം അങ്ങ് നയിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,
ദാരിദ്ര്യാരൂപിയില്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്,
അങ്ങയെ ധ്യാനിക്കാന്‍
സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാനുളള അര്‍ഹത
ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഫിലി 3:8-14
യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു.

എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍ നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്; പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍ നിന്നുള്ള നീതി. അത്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്റെ മരണത്തോടു താദാത്മ്യപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍ നിന്നുള്ള ഉയിര്‍പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 16:1-2a,5,7-8,11

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്.
കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;
എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

എനിക്ക് ഉപദേശം നല്‍കുന്ന
കര്‍ത്താവിനെ ഞാന്‍ വാഴ്ത്തുന്നു;
രാത്രിയിലും എന്റെ അന്തരംഗത്തില്‍
പ്രബോധനം നിറയുന്നു.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങയുടെ വലതുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 19:27-29
എന്നെ അനുഗമിക്കുന്നവന് നൂറിരട്ടി ലഭിക്കും.

പത്രോസ് യേശുവിനോട് പറഞ്ഞു: ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുക? യേശു അവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളില്‍ ഇരിക്കും. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കന്യകമാരായ
വിശുദ്ധ N യുടെയും N യുടെയും സ്മരണയില്‍,
അങ്ങയുടെ വിസ്മയനീയകര്‍മങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട്,
ഈ കാണിക്കകള്‍ ഭക്തിപൂര്‍വം ഞങ്ങള്‍ അര്‍പ്പിക്കുന്നു.
അവരുടെ പുണ്യയോഗ്യതകള്‍ അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
ഞങ്ങളുടെ ശുശ്രൂഷാദൗത്യവും അങ്ങേക്ക് സ്വീകാര്യമാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:10

മണവാളന്‍ വരുകയും ഒരുങ്ങിയിരുന്ന കന്യകമാര്‍
അവനോടൊത്ത് വിവാഹവിരുന്നിന്
അകത്തു പ്രവേശിക്കുകയും ചെയ്തു.
Or:
യോഹ 14: 21, 23

എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവ് സ്‌നേഹിക്കും;
ഞങ്ങള്‍ അവന്റെയടുത്തുവന്ന്
അവനോടൊപ്പം വാസമുറപ്പിക്കുകയും ചെയ്യും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കന്യകമാരായ
വിശുദ്ധ N യുടെയും N യുടെയും
ഈ ആഘോഷത്തില്‍ സ്വീകരിച്ച രഹസ്യങ്ങള്‍
ഞങ്ങളെ സദാ പ്രചോദിപ്പിക്കുകയും
പ്രകാശിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങയുടെ പുത്രന്റെ ആഗമനം
സമുചിതം ഞങ്ങള്‍ കാത്തിരിക്കുകയും
അവിടത്തെ സ്വര്‍ഗീയ വിവാഹവിരുന്നിന്
ഞങ്ങള്‍ അര്‍ഹരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment