🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ,12/8/2020
Wednesday of week 19 in Ordinary Time
or Saint Jane Frances de Chantal, Religious
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 73: 20,19,22,23
കര്‍ത്താവേ, അങ്ങയുടെ ഉടമ്പടി പരിഗണിക്കണമേ.
അങ്ങയുടെ ദരിദ്രരുടെ ജീവന്‍ അവസാനംവരെ ഉപേക്ഷിക്കരുതേ.
കര്‍ത്താവേ, ഉണര്‍ന്ന് അങ്ങയുടെ ന്യായം വാദിച്ചുറപ്പിക്കണമേ.
അങ്ങയെ അന്വേഷിക്കുന്നവരുടെ സ്വരം വിസ്മരിക്കരുതേ.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
പരിശുദ്ധാത്മാവാല്‍ ഉദ്‌ബോധിതരായി
അങ്ങയെ ഞങ്ങള്‍ പിതാവേ എന്നു വിളിക്കാന്‍ ധൈര്യപ്പെടുന്നു.
ദത്തുപുത്രരുടെ ചൈതന്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ പൂര്‍ത്തീകരിക്കണമേ.
അങ്ങനെ, വാഗ്ദാനത്തിന്റെ അവകാശത്തിലേക്കു പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസെ 9:1-7,10:18-22
ജറുസലെമില്‍ നടക്കുന്ന മ്ലേഛതകളോര്‍ത്തു കരയുന്നവരുടെ നെറ്റിയില്‍ താവ് എന്ന് അടയാളപ്പെടുത്തുക.
കര്‍ത്താവ് ഉച്ചത്തില്‍ വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: നഗരത്തെ ശിക്ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിന്‍. ഇതാ, ആറുപേര്‍ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയില്‍ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രം ധരിച്ച ഒരുവന്‍ അവരുടെകൂടെ ഉണ്ടായിരുന്നു. അവന്റെ പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവര്‍ ഓടുകൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം കെരൂബുകളില്‍ നിന്നുയര്‍ന്ന് ആലയത്തിന്റെ വാതില്‍പടിക്കലെത്തി; അവിടുന്ന് ചണവസ്ത്രം ധരിച്ച് പാര്‍ശ്വത്തില്‍ എഴുത്തു സാമഗ്രികളുമായി നിന്നവനെ വിളിച്ചു. കര്‍ത്താവ് അവനോട് അരുളിച്ചെയ്തു: ജറുസലെം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്ത് കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടുക. അവിടുന്നു മറ്റുള്ളവരോടു ഞാന്‍ കേള്‍ക്കേ ആജ്ഞാപിച്ചു; അവന്റെ പിന്നാലെ പട്ടണത്തില്‍ സഞ്ചരിച്ച് സംഹാരം തുടങ്ങുവിന്‍. നിങ്ങളുടെ കണ്ണില്‍ അലിവുണ്ടാകരുത്; കരുണ കാണിക്കരുത്. വൃദ്ധരെയും യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ്ശേഷം വധിക്കുവിന്‍. എന്നാല്‍ അടയാളമുള്ളവരെയാരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തില്‍ത്തന്നെ ആരംഭിക്കുവിന്‍! അവര്‍ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രേഷ്ഠന്മാരില്‍തന്നെ ആരംഭിച്ചു. അവിടുന്ന് അവരോടു കല്‍പിച്ചു: ഈ ആലയത്തെ അശുദ്ധമാക്കുക. അങ്കണങ്ങളെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്ക്കുക. മുന്നേറുക. അവര്‍ മുന്നേറി, നഗരത്തില്‍ സംഹാരം നടത്തി.
കര്‍ത്താവിന്റെ മഹത്വം ആലയത്തിന്റെ പടിവാതില്‍ക്കല്‍ നിന്നു പുറപ്പെട്ട് കെരൂബുകളുടെമീതേ നിന്നു. ഞാന്‍ നോക്കിനില്‍ക്കേ കെരൂബുകള്‍ ചിറകുകള്‍ വിടര്‍ത്തി ഭൂമിയില്‍ നിന്ന് ഉയര്‍ന്നു. അവ പോയപ്പോള്‍ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ആലയത്തിന്റെ കിഴക്കേ കവാടത്തിങ്കല്‍ അവ നിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അവയുടെ മുകളില്‍ നിലകൊണ്ടു. കേബാര്‍നദീതീരത്തുവച്ച് ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി ഞാന്‍ കണ്ട ജീവികള്‍തന്നെയാണ് ഇവ. ഇവ കെരൂബുകളാണെന്നു ഞാന്‍ മനസ്സിലാക്കി. ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകകളുമുണ്ടായിരുന്നു. ചിറകുകള്‍ക്കു കീഴില്‍ മനുഷ്യകരങ്ങള്‍ക്കു സദൃശ്യമായ രൂപവും. കേബാര്‍ നദീതീരത്തുവച്ച് ഞാന്‍ കണ്ട ജീവികളുടെ മുഖത്തിന്റെ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവ ഓരോന്നും നേരേ മുമ്പോട്ടു പോയി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 113:1-2,3-4,5-6
കര്‍ത്താവിന്റെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
or
അല്ലേലൂയ!
കര്‍ത്താവിനെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവിന്റെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
or
അല്ലേലൂയ!
ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
കര്‍ത്താവിന്റെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
or
അല്ലേലൂയ!
നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?
അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
കര്‍ത്താവിന്റെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 18:15-20
നിന്റെ സഹോദരന്‍ നിന്റെ വാക്കു കേള്‍ക്കുന്നപക്ഷം നീ അവനെ നേടിക്കഴിഞ്ഞു.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേക്കു സമര്‍പ്പിക്കാനായി
അങ്ങ് കാരുണ്യപൂര്‍വം നല്കുകയും
അങ്ങയുടെ ശക്തിയാല്‍
ഞങ്ങളുടെ രക്ഷയുടെ രഹസ്യമായി
അങ്ങു മാറ്റുകയും ചെയ്യുന്ന
അങ്ങയുടെ സഭയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
സംപ്രീതിയോടെ സ്വീകരിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 147:12,14
ജറുസലേമേ, കര്‍ത്താവിനെ സ്തുതിക്കുക,
അവിടന്ന് വിശിഷ്ടമായ ഗോതമ്പുകൊണ്ട് നിന്നെ തൃപ്തമാക്കുന്നു.
Or:
cf. യോഹ 6:51
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ ഉള്‍ക്കൊണ്ട
അങ്ങയുടെ കൂദാശയുടെ സ്വീകരണം
ഞങ്ങളെ രക്ഷിക്കുകയും
അങ്ങയുടെ സത്യത്തിന്റെ പ്രകാശത്തില്‍
സ്ഥിരീകരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment