Kunjettan, Njan Kanda Vishudhan

കുഞ്ഞേട്ടന്‍: ഞാന്‍ കണ്ട വിശുദ്ധന്‍ 

2009 ഓഗസ്റ്റ്‌ 13-ന് പതിനായിരങ്ങളുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങിയ ഒരു ശവസംസ്കാരം കേരളത്തില്‍ നടന്നു. പൊട്ടിക്കരയുന്നവരും, കണ്ണുനിറഞ്ഞൊഴുകുന്നവരും, ദുഖം കടിച്ചമര്‍ത്തിനടക്കുന്നവരുമായ അനേകം സാധാരണക്കാരും, വൈദികരും, സന്ന്യാസിനികളും, യുവാക്കളും, കുട്ടികളുമൊക്കെ പങ്കെടുത്ത ആ സംസ്കാരചടങ്ങില്‍ കേരളത്തിലെ പല മെത്രാന്‍മാരും, രാഷ്ട്രീയനേതാക്കളും, ജഡ്ജിമാരുമൊക്കെ വെറും സാധാരണക്കാരനായി നമ്മുടെ ഇടയില്‍ ജീവിച്ച ആ പാവം വയോധികന്റെ ചലനമറ്റ ശരീരത്തിനു മുന്‍പില്‍ ശിരസ്സ്‌ നമിച്ചു നിന്നു. അതെനിക്കും – നമുക്കും  – പ്രിയപ്പെട്ട കുഞ്ഞേട്ടനായിരുന്നു.

കേരളകത്തോലിക്കാസഭയുടെ പൊന്‍താരകമായി, ഈ നൂറ്റാണ്ടിന്‍റെ അത്മായ പ്രേഷിതനായി, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് എന്നെപ്പോലെ അനേകര്‍ക്ക് മാതൃകയും പ്രചോദനവും പ്രേരണയും പ്രേഷിതാഭിമുഖ്യവുമൊക്കെ നല്‍കിയ “കുഞ്ഞേട്ടന്‍” എന്ന് സ്നേഹപൂര്‍വ്വം നമ്മള്‍ വിളിച്ചിരുന്ന ശ്രി. പി. സി. എബ്രാഹത്തിനെ ഒരുകാലത്തും മറന്നുകളയാന്‍ ഭാരത കത്തോലിക്കാസഭക്കാവുമെന്ന് കരുതുന്നില്ല.

1925- മാര്‍ച്ച്‌ -19 -നു ഭരണങ്ങാനം അമ്പാറ പല്ലാട്ടുകുന്നേല്‍ ഭവനത്തില്‍ എട്ടാം മാസത്തില്‍ പിറന്നു വീണ എബ്രാഹം പന്ത്രണ്ടുവയസ്സുവരെ വളരെയധികം സഹനങ്ങളിലൂടെയും ബാലാരിഷ്ടതകളിലൂടെയുമാണ് കടന്നു പോയത്. ആ ബാല്യം മുഴുവന്‍ സ്കൂളില്‍ പോകാതെ അമ്മയുടെ പിന്നാലെ നടന്നിരുന്ന എബ്രാഹാമിന്, ലിസ്യുവിലെ വി. കൊച്ചുത്രേസ്യായുടെ കഥ പതിവായി അമ്മ പറഞ്ഞു കൊടുത്തിരുന്നു. 13 വയസ്സുമുതല്‍ വി. അല്‍ഫോന്‍സാമ്മയെ അദ്ദേഹം അടുത്തറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചേച്ചി, അല്‍ഫോന്‍സാമ്മയുടെ ബാച്ചുകാരിയായിരുന്ന സി. റീത്തായെ കാണാന്‍ വരുമ്പോഴൊക്കെ അല്‍ഫോന്‍സാമ്മയെ കണ്ടിട്ടേ എബ്രാഹം പോകുമായിരുന്നുള്ളൂ. 1946-ല്‍ അല്‍ഫോന്‍സാമ്മ മരിക്കുന്നതുവരെയുള്ള സൗഹൃദം യുവാവായ എബ്രാഹത്തിന്റെ ഉള്ളില്‍ ഒരു വലിയ മിഷണറിയെ രൂപപ്പെടുത്തിയിരുന്നു. മിഷനറിമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, അവരെ സഹായിക്കണമെന്നും എപ്പോഴും പറയുമായിരുന്ന അല്‍ഫോന്‍സാമ്മ നല്‍കിയ പ്രചോദനം ഏറ്റുവാങ്ങി 1947 ഒക്ടോബര്‍ 3-ആം തീയതി വെറും ഏഴു പേര്‍ ചേര്‍ന്ന് രൂപികരിച്ച ചെറുപുഷ്പമിഷന്‍ലീഗെന്ന അത്മായ പ്രേഷിത സംഘടന ഇന്നു ലോകം മുഴുവന്‍ വളര്‍ന്ന് പന്തലിച്ച് ഫലം നല്‍കി നില്‍ക്കുകയാണ്. ഏറ്റവും വലിയ കത്തോലിക്കാ അല്‍മായ സംഘടനയായ മിഷന്‍ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ദൈവവിളി സ്വീകരിച്ച 40 മെത്രാന്മാരും, 4500 വൈദികരും, 36000 സന്ന്യാസിനികളും മിഷന്‍ലീഗ്‌ സംഘടനയില്‍ നിന്നും സമര്‍പ്പിതജീവിതത്തിലേക്ക് കടന്നുവന്നവരാണ്.

നരച്ച താടിയും, തോളില്‍ തുണി സഞ്ചിയും, വെറും ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ടു നഗ്നപാദനായി, നമ്മുടെ ഇടയിലൂടെ കഥകള്‍ പറഞ്ഞ്, പാട്ടുപാടി, ഉപദേശങ്ങള്‍ നല്‍കി കടന്നുപോയ നമ്മുടെ കുഞ്ഞേട്ടന്‍ തെരഞ്ഞെടുത്തത് വേറിട്ട വഴിയായിരുന്നു. അതുകൊണ്ടുതന്നെ കേരളസഭയില്‍ നിന്ന് ഈ നൂറ്റാണ്ടിന്റെ വിശുദ്ധനായി അള്‍ത്താരയില്‍ വണങ്ങപ്പെടാന്‍ തക്കവിധം കുഞ്ഞേട്ടന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും എന്ന കാര്യത്തില്‍എനിക്ക് യാതൊരു സംശയവുമില്ല. കാണുന്നവരോടൊക്കെ കുഞ്ഞേട്ടന്‍ ഇപ്പോഴും പറയുമാരുന്നു “ഒരു വിശുദ്ധയാകണം വിശുദ്ധനാകണം” എന്ന്.

സ്നേഹം, ത്യാഗം, സേവാ, സഹനം, എന്ന സ്വന്തം ജീവിത ദര്‍ശനത്തെ മിഷന്‍ലീഗിന്‍റെ മുദ്രാവാക്യമായി മാറ്റിയ കുഞ്ഞേട്ടന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മലബാറില്‍നിന്നുവന്ന ഒരു വൈദികന്റെ കാര്‍ ഡ്രൈവര്‍ പങ്കുവച്ച ഒരു കാര്യം കൂടി ഇവിടെ കുറിക്കുന്നു. ശവസംസ്കാരത്തിന് അച്ചനെയും കൊണ്ടുവന്ന ഈ സഹോദരന്‍ അവിടെ കൂടിയിരുന്ന പുരുഷാരത്തെകണ്ട് അത്ഭുതപ്പെട്ടു. മലബാറിലെങ്ങും ഒരു ശവ സംസ്കാരത്തിനും ഇത്രയും വലിയ ജനകൂട്ടത്തെ കണ്ടിരുന്നില്ല. ഏതോ സന്യാസിവര്യനാണ് മരിച്ചുകിടക്കുന്നതെന്ന ബോധ്യത്തില്‍ ഈ മനുഷ്യന്‍ കുഞ്ഞേട്ടനോട്‌, ശരീരം മുഴുവന്‍ വ്രണം ബാധിച്ച മൂന്നു വയസ്സുള്ള തന്‍റെ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നുപറഞ്ഞു. പിറ്റെ ദിവസം ഇയാള്‍ തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ അത്ഭുതകരമായി, ഒരു വര്‍ഷമായി അയാളുടെ കുട്ടിയെ ബാധിച്ചിരുന്ന അലര്‍ജിരോഗം പൂര്‍ണ്ണമായിമാറി. രണ്ടുമൂന്നു ദിവസത്തിനകം വ്രണബാധിതശരീരത്തിലെ പാടുകള്‍പോലും അപ്രത്യക്ഷമായി.

ഭാരതലിസ്യുറാണി വി. അല്‍ഫോന്‍സാമ്മയുടെ സ്നേഹസാമിപ്യങ്ങള്‍ ഏറ്റുവാങ്ങി, ജീവിതത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ കുഞ്ഞേട്ടന്‍ ഇന്നു അല്‍ഫോന്‍സാമ്മക്കൊപ്പം നമുക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടാവില്ലെ.? രാത്രിയില്‍ നക്ഷത്രങ്ങള്‍ മിഴിചിമ്മുമ്പോള്‍ എന്നെ ഞാനാക്കിയ ചെറുപുഷ്പ മിഷന്‍ലീഗിന്‍റെ, സ്ഥാപകനും വളര്‍ത്തുപിതാവായിരുന്ന പ്രിയപ്പെട്ട കുഞ്ഞേട്ടന്‍ എന്നെ നോക്കി ചിരിക്കാറുണ്ട്. മിഷന്‍ലീഗിന്‍റെ ചങ്ങനാശേരി അതിരൂപതാസെക്രട്ടറി, സംസ്ഥാന മാനേജിംഗ് കമ്മറ്റിഅംഗം, എന്നീനിലകളില്‍ കുഞ്ഞേട്ടനൊപ്പം പങ്കിട്ട നല്ല നിമിഷങ്ങള്‍ ഓര്‍ത്ത് പലപ്പോഴും എന്‍റെ നയനങ്ങള്‍ ഈറനണിയുന്നു. ഒരു വിശുദ്ധ മനുഷ്യന്റെ കരസ്പര്‍ശവും അനുഗ്രഹാശിസുകളും കിട്ടിയിട്ടുള്ളതുകൊണ്ടാവും ആ വഴിയിലൂടെ നടക്കാന്‍ ഞാനും വല്ലാതെ കൊതിക്കുന്നു… കുഞ്ഞേട്ടാ എനിക്കുവേണ്ടി പ്രാര്‍തിക്കില്ലേ?

Kunjettan CML

(2009 ആഗുസ്റ്റുമാസം രണ്ടിന് ചങ്ങനാശ്ശേരി പാറേല്‍ പള്ളിയുടെ മുന്‍പില്‍ വച്ചുണ്ടായ ഒരു അപകടത്തെ തുടര്‍ന്നു ആ മാസം 11ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വച്ചാണ് കുഞ്ഞേട്ടനെ ദൈവം തന്‍റെ സ്വര്‍ഗീയ ആരാമാത്തിലേക്ക് കുട്ടികൊണ്ടുപോയത്.)

Author Unknown


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment