ഇന്ത്യയിലെ ആദ്യത്തെ കേക്ക് ഉണ്ടാക്കിയത് കേരളത്തിൽ..

കേക്കുകൾ കഴിക്കാത്തവരോ ഇഷ്ടം ഇല്ലാത്തവരോ ആയി ആരും തന്നെ ഉണ്ടാവില്ല. പണ്ടൊക്കെ ക്രിസ്തുമസുമായി ബന്ധപ്പെട്ട് കേട്ടിരുന്ന കേക്കുകൾ ഇന്ന് പിറന്നാളാഘോഷം, കല്യാണം തുടങ്ങി നമ്മുടെ പല ആഘോഷങ്ങളുടേയും ഭാഗമായി തന്നെ മാറി കഴിഞ്ഞു. നാവിൽ തൊട്ടാൽ അലിയുന്ന മുന്തിയ ഇനം കേക്കുകൾ മുതൽ സർവ്വ സാധാരണമായി കാണുന്ന പ്ലം കേക്കുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.
കേക്കുകളുടെ ചരിത്രം പരിശോധിച്ചാൽ കേക്കുകൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് ഗ്രീസിലാണെന്നും അല്ല റോമിലാണെന്നും, ഈജിപ്തിലാണെന്നും, ഇംഗ്ലണ്ടിലാണെന്നുമെല്ലാം ഉള്ള വിവിധ അഭിപ്രായങ്ങൾ ഉണ്ട്. പക്ഷേ ഈജിപ്തിനെ ആണ് കേക്കിന്റെ ജന്മനാട് ആയി പരക്കേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
പുരാതന സ്കാൻഡനേവിയൻ വാക്ക് ആയ കാക (Kaka) യിൽ നിന്നും ആണ് കേക്ക് എന്ന വാക്ക് ഉണ്ടായത്.
പുരാതന ഗ്രീക്കുകാർ മൈദ, മുട്ട, പാല്, തേൻ, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയവ ചേർത്തുണ്ടാക്കിയ വിഭവത്തെയും കേക്കിന്റെ ആദിമരൂപമായി കണക്കാക്കുന്നുണ്ട്.
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യം ആയപ്പോളേക്കും ഇംഗ്ലണ്ടിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കേക്ക് നിർമ്മാണം ആരംഭിച്ചിരുന്നു. അവരാണ് വട്ടത്തിലുള്ളതും മുകളിൽ ഐസിംഗ് ഉള്ളതുമായ കേക്കുകളെല്ലാം നിർമ്മിച്ച് തുടങ്ങിയത്. ഇതിന്റെ സ്വാദും നിർമ്മിക്കാനുള്ള ചിലവും എല്ലാം കാരണം ഇതൊരു ആഡംബര വിഭവം ആയിരുന്നെങ്കിലും പത്തൊമ്പതാം നൂറ്റാണ്ട് ആയപ്പോഴേക്കും പുതിയ തരത്തിലുള്ള ഓവന്റെയും ഉപകരണങ്ങളുടെയും കണ്ടുപിടിത്തവും എല്ലാം കാരണം കേക്കുകളുടെ വില കുറഞ്ഞ് എല്ലാവർക്കും ലഭ്യമായി തുടങ്ങി.
പുരാതന കാലത്ത് ഗ്രീക്ക് ദൈവങ്ങളുടെ പിറന്നാളാഘോഷത്തിന് കേക്ക് ഉപയോഗിക്കുന്ന ആചാരം പിന്നീട് മനുഷ്യരുടെ പിറന്നാളിനും കേക്ക് ഉപയോഗിക്കുന്നതായി പരിണമിച്ചതാണ് ബർത്ത്ഡേ കേക്കുകളുടെ ചരിത്രത്തിന് പിന്നിലെ അറിയപ്പെടുന്ന കഥ. സൂര്യനേയും ചന്ദ്രനേയും പ്രീതി പെടുത്തുന്നതിനായാണ് അവർ വട്ടത്തിൽ കേക്ക് നിർമ്മിച്ചു തുടങ്ങിയത്.
മദ്ധ്യകാല ഇംഗ്ലണ്ടിലാണ് ക്രിസ്തുമസ് കേക്കുകളുടെ തുടക്കം. ധാന്യപൊടിയും, തേനും ഉണക്ക മുന്തിരിയും എല്ലാം ചേർത്ത് ക്രിസ്തുമസിന് തലേന്ന് ഉണ്ടാക്കിയിരുന്ന വിഭവം പിന്നീട് കേക്ക് ആയി പരിണമിക്കുക ആയിരുന്നു.
അവിടുന്ന് അങ്ങോട്ട് ബ്രിട്ടീഷ് കോളനികളിലൂടെ കേക്ക് തന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ഇന്ത്യ, അമേരിക്ക, കാനഡ, ഓസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കേക്ക് സ്വീകാര്യമായി. മുട്ട പ്രധാന നിർമ്മാണ വസ്തു ആണെങ്കിലും വെജിറ്റേറിയൻ കേക്കുകളും ഇന്ന് ധാരാളം വിറ്റഴിക്കപ്പെടുന്നുണ്ട്.
ഇന്ത്യൻ കേക്കിന്റെ യഥാർത്ഥ ഉറവിടം ഇംഗ്ലണ്ടല്ല ഫ്രാൻസ് ആണെന്നാണ് പ്രമുഖ ചരിത്രകാരനായ എം ജി എസ് നാരായണൻ രേഖപെടുത്തിയിരിക്കുന്നത്. എന്ത് തന്നെ ആയാലും ഇന്ത്യയിലെ ആദ്യത്തെ കേക്ക് നിർമ്മിച്ചത് ഒരു മലയാളിയാണെന്നതും അത് ഭക്ഷണപെരുമക്ക് പേരു കേട്ട തലശ്ശേരിയിലാണെന്നതും നമുക്ക് അഭിമാനിക്കാവുന്ന കാര്യം ആണ്. തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പുവാണ് 1883 ഡിസംബർ 3 ന് തലശ്ശേരിയിൽ വച്ച് ഇന്ത്യയിലെ ആദ്യത്തെ കേക്ക് നിർമ്മിച്ചത്. ഫ്രാൻസീസ് കാർനാക്ക് ബ്രദർ സായ്പിന്റെ ആവശ്യപ്രകാരമായിരുന്നു അത്. സായ്പ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ട് വന്ന കേക്ക് നൽകിയിട്ട് അതിന്റെ കൂട്ടും പറഞ്ഞു കൊടുക്കുകയും അത് പോലൊന്ന് ഉണ്ടാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. 1880 ൽ തലശ്ശേരി ടൗണിൽ ബാപ്പു ആരംഭിച്ച മമ്പള്ളി റോയൽ ബിസ്കറ്റ് ഫാക്ടറിയാണ് കേരളത്തിലെ ആദ്യ ബേക്കറി. കണ്ണൂരും കോഴിക്കോടും കൊച്ചിയിലും എല്ലാമായി പരന്നു കിടക്കുന്ന ഒരു ബേക്കറി ശൃംഖല തന്നെ ഇന്ന് ഇവർക്കുണ്ട്.
കേക്കുകളുടെ ലോകം ഇന്ന് ഒത്തിരി വലുതായി കഴിഞ്ഞു.
ഈ ആധുനിക കാലത്ത് കേക്ക് നമ്മുടെ പല ആഘോഷങ്ങളുടേയും ഭാഗമാണ്.
സാദാ പ്ലംകേക്ക് മുതൽ ബ്ലാക്ക് ഫോറസ്റ്റ്, മോച്ചോ, വാഞ്ചോ, റെഡ് ബീ, കിഫായ തുടങ്ങി പിങ്ക് ഷാംപെയ്ൻ, റെഡ് വെൽവെറ്റ്, ലൂസിയസ് ലെമൺ എന്നിങ്ങനെ വില കൂടിയ കേക്കുകൾ വരെ വിപണിയിൽ ഉണ്ട്. ബ്രിട്ടീഷ്കാരനായ ഡബീ വിംങ്ഹാം നിർമ്മിച്ച 450കിലോയോളം വരുന്ന ഒരു ബർത്ത്ഡേ കേക്ക് ആണ് ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വില കൂടിയതായി കണക്കാക്കുന്നത്. 75 മില്യൺ ഡോളർ ആണ് ഇതിന്റ വില.
UAE യിൽ നിന്നുള്ള ഇത് വാങ്ങിയ ആളുടെ വിവരങ്ങൾ ഇതു വരെ പുറത്ത് വിട്ടിട്ടില്ല.

പക്ഷേ ലോകത്തിലെ ഏറ്റവും വലിയ കേക്ക് എന്ന റെക്കോർഡ് നേടിയിട്ടുള്ളത് നമ്മുടെ കൊച്ചു കേരളത്തിൽ നിർമ്മിച്ച ഒരു കേക്കിനാണ്. കേരളത്തിലെ ബേക്കറി ഉടമകളുടെ സംഘടനയായ ബേക്കേഴ്സ് അസോസിയേഷനാണ് ഇക്കഴിഞ്ഞ ജനുവരിയിൽ തൃശ്ശൂരിൽ വച്ച് ആറര കിലോമീറ്ററോളം നീളമുള്ള ഈ കേക്ക് നിർമ്മിച്ചത്. 27000 കിലോ തൂക്കവുമുണ്ടായിരുന്നു ഇതിന്.
NB : അന്ന് സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ട് വന്ന കേക്കിനേക്കാൾ സ്വാദ് ഉണ്ടായിരുന്നു മമ്പള്ളി ബാപ്പു ഉണ്ടാക്കിയ കേക്കിന്. അതിന് കാരണം യീസ്റ്റിന് പകരം അദ്ദേഹം നാടൻ കശുവണ്ടി വാറ്റ് ആയിരുന്നു ചേർത്തത് എന്നും കഥകളുണ്ട്.
🖋️ Saju Joseph

Leave a comment