പ്രഭാത പ്രാർത്ഥന
“അവര്‍ അടുത്തുവന്ന് ഗുരോ, ഗുരോ, ഞങ്ങള്‍ നശിക്കുന്നു എന്നുപറഞ്ഞ് അവനെ ഉണര്‍ത്തി. അവന്‍ എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു. അവനിലച്ചു, ശാന്തതയുണ്ടായി (ലൂക്കാ8:24)” ഞങ്ങളെ വഴി നടത്തുന്ന കർത്താവെ, മനോഹരമായ ഒരു ദിനം കൂടെ ഞങ്ങളുടെ ജീവിതത്തിൽ അനുവദിക്കുന്നതിനു അങ്ങേയ്ക്ക് നന്ദി അർപ്പിക്കുന്നു. ശുഭവാർത്തകൾ ഞങ്ങളെ തേടി എത്തുമ്പോൾ തന്നെ അശുഭങ്ങൾ ആയ ചില വാർത്തകളും കേൾക്കുന്ന ഒരു പ്രഭാതം. ദൈവമേ, എല്ലാ പ്രതിസന്ധികളിലും അവിടുത്തെ ഹിതം ഉണ്ട് എന്ന് തിരിച്ചറിയുവാനും അങ്ങയിൽ പ്രത്യാശ അർപ്പിച്ചു ജീവിക്കുവാനും അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങൾ ചെയ്യുവാൻ പോകുന്ന എല്ലാ കാര്യങ്ങളിലും അങ്ങ് ഇടപെടണമെ. അവിടുത്തെ പദ്ധതിയുടെ ഭാഗമായി ജീവിതത്തിലേക്ക് കടന്നു വരുന്ന തകർച്ചകളെ സ്വീകരിക്കുവാനും, സന്തോഷങ്ങളിൽ അമിത ആഹ്ലാദം ഇല്ലാതെ, ദൈവ സന്നിധിയിൽ നന്ദി അർപ്പിക്കുവാനും കൃപ നൽകണമേ. ഇന്നേ ദിനത്തിൽ ജോലി തേടുന്ന മക്കളെ ഓർക്കുന്നു. അവർക്ക് വലിയ അനുഗ്രഹം നൽകണമേ. വിവാഹപ്രായമെത്തിയിട്ടും അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് ദൈവ കരുണ അനുഭവവേദ്യമാകുവാൻ ഇടവരുത്തണമേ. ദൈവ സ്നേഹത്തിന്റെ അനുഭവം ഞങ്ങളിൽ വന്നു നിറയട്ടെ. ജീവിതാന്തസ് തിരഞ്ഞെടുക്കുവാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് ദൈവമേ അങ്ങ് അടയാളം നൽകി അനുഗ്രഹിക്കണമേ. സൗഹൃദങ്ങളിൽ പുലർത്തേണ്ട മാന്യതയ്ക്ക് ഉദാഹരണം കാണിച്ചു തന്ന വിശുദ്ധ ക്ലാര പുണ്യവതി, അവിടുന്ന് അസ്സീസിയിലെ ഫ്രാൻസിസുമായി പുലർത്തിയ സൗഹൃദത്തിന്റെ ഫലമായി ഭൂമിയിൽ ഒരു സന്യാസ സഭയും, ഞങ്ങൾക്ക് മാത്രകയായി വിശുദ്ധരും രൂപപ്പെട്ടു, ഞങ്ങളുടെ സൗഹൃദങ്ങൾ വിശുദ്ധീകരിക്കുവാൻ അവിടുന്ന് മാധ്യസ്ഥം വഹിക്കണമേ. സന്യാസ ജീവിതം തിരഞ്ഞെടുത്തിട്ടും, അനുസരണ വൃതത്തോട് കലഹിച്ചു കൊണ്ട്, സഭയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന വ്യക്തികളെ മാനസാന്തരത്തിലേക്കു നയിക്കുവാൻ അങ്ങയുടെ പ്രാർത്ഥന കാരണമാകട്ടെ. വിശുദ്ധിയിൽ കൂടുതൽ ആഴപ്പെട്ടു കൊണ്ട്, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ വിശുദ്ധ ക്ലാരയുടെ പ്രാർത്ഥനയാൽ ദൈവമേ, ഞങ്ങൾക്ക് സാധിക്കട്ടെ. ആമേൻ
വിശുദ്ധ ക്ലാര, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment