ദിവ്യബലി വായനകൾ The Assumption of the Blessed Virgin Mary

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

August 15

The Assumption of the Blessed Virgin Mary – Mass of the Day 
(see also Vigil Mass)

Liturgical Colour: White.

These readings are for the day of the feast itself:

പ്രവേശകപ്രഭണിതം

cf. വെളി 12:1

സ്വര്‍ഗത്തില്‍ വലിയൊരടയാളം കാണപ്പെട്ടു.
സൂര്യനെ ഉടയാടയാക്കിയവളും
അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രനും
ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുളള
കിരീടമുളളവളുമായ ഒരു സ്ത്രീ.
Or:

കര്‍ത്താവില്‍ നമുക്കെല്ലാവര്‍ക്കും ആനന്ദിക്കാം.
കന്യകമറിയത്തിന്റെ ബഹുമാനാര്‍ഥം
ഈ തിരുനാള്‍ ആഘോഷിച്ചുകൊണ്ട്
അവളുടെ സ്വര്‍ഗാരോപണത്തില്‍
മാലാഖമാര്‍ സന്തോഷിക്കുകയും
ദൈവസുതനെ സ്തുതിച്ചു വാഴ്ത്തുകയും ചെയ്യുന്നു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങയുടെ പരിപാലനത്തില്‍,
പാപരഹിതമായ കന്യകമറിയത്തിന്റെ
സ്വര്‍ഗാരോപണ മഹത്ത്വത്തിന്റെ വലിയ അടയാളത്തിന്‍ കീഴില്‍,
ഭാരതം ഒരു സ്വതന്ത്രരാഷ്ട്രമായി ജന്മമെടുത്തുവല്ലോ.
എല്ലാ തിന്മകളിലുംനിന്ന് മോചിതരായി,
സ്വര്‍ഗീയകാര്യങ്ങളില്‍ സദാ ശ്രദ്ധപതിച്ച്,
ഈ കന്യകയുടെ മഹത്ത്വത്തില്‍ പങ്കുചേരാനുളള അര്‍ഹത
കാരുണ്യപൂര്‍വം ഞങ്ങള്‍ക്കു തന്നരുളണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങയുടെ പുത്രന്റെ മാതാവായ അമലോത്ഭവ കന്യകമറിയത്തെ,
ആത്മശരീരങ്ങളോടെ സ്വര്‍ഗീയമഹത്ത്വത്തിലേക്ക്
അങ്ങ് കൈക്കൊണ്ടുവല്ലോ.
ഉന്നതങ്ങളിലുളളവയില്‍ എപ്പോഴും ശ്രദ്ധപതിച്ച്,
അവളുടെ മഹത്ത്വത്തില്‍ പങ്കാളികളാകാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
വെളി 11:19,12:1-6,10a, 10b
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു.

സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍ പിണരുകളുംഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. സ്വര്‍ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ, അഗ്‌നിമയനായ ഒരുഗ്ര സര്‍പ്പം. അതിനു ഏഴു തലയും പത്തു കൊമ്പും. തലകളില്‍ ഏഴു കിരീടങ്ങള്‍. അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍ . അവളുടെ ശിശു ദൈവത്തിന്റെയും അവിടുത്തെ സിംഹാസനത്തിന്റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു. ആ സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി. അവിടെ ആയിരത്തിയിരുന്നൂറ്റിയറുപതു ദിവസം അവളെ പോറ്റുന്നതിനു ദൈവം സജ്ജമാക്കിയ ഒരു സ്ഥലമുണ്ടായിരുന്നു.
സ്വര്‍ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 45:10,11,12,16

നിന്റെ വലതുഭാഗത്ത് സ്വര്‍ണ്ണ അങ്കി അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.

നിന്റെ അന്തഃപുര വനിതകളില്‍ രാജകുമാരിമാരുണ്ട്;
നിന്റെ വലത്തുവശത്ത് ഓഫീര്‍ സ്വര്‍ണം അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.
മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക;
നിന്റെ ജനത്തെയുംപിതൃഭവനത്തെയും മറക്കുക.

നിന്റെ വലതുഭാഗത്ത് സ്വര്‍ണ്ണ അങ്കി അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.

അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും,
അവന്‍ നിന്റെ നാഥനാണ്,അവനെ വണങ്ങുക.
കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു.
ആഹ്‌ളാദഭരിതരായി അവര്‍ രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.

നിന്റെ വലതുഭാഗത്ത് സ്വര്‍ണ്ണ അങ്കി അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.

രണ്ടാം വായന

1 കോറി 15:20-26
ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും.

നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു. ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍ വഴി പുനരുത്ഥാനവും ഉണ്ടായി. ആദത്തില്‍ എല്ലാവരും മരണാധീനര്‍ ആകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും. എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ ആഗമനത്തില്‍ അവനുള്ളവരും. അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മാര്‍ജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാല്‍, സകല ശത്രുക്കളെയും തന്റെ പാദസേവകരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു. മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം സമസ്തവും അധീനമാക്കി തന്റെ പാദത്തിന്‍ കീഴാക്കിയിരിക്കുന്നു.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 1:39-56
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു; എളിയവരെ ഉയര്‍ത്തി.

ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി. അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
മറിയം പറഞ്ഞു:

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെനാമം പരിശുദ്ധമാണ്.
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും
എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ഈ ആദരത്തിന്റെ സമര്‍പ്പണം
അങ്ങയുടെ പക്കലേക്ക് ഉയരുകയും
സ്വര്‍ഗാരോപിതയായ ഏറ്റവും പരിശുദ്ധ
കന്യകമറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങളുടെ ഹൃദയങ്ങള്‍, സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്,
അങ്ങയെ നിരന്തരം അന്വേഷിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 1: 48-49

എക്കാലവും എല്ലാ ജനങ്ങളും എന്നെ അനുഗ്രഹീത എന്നു വിളിക്കും.
സര്‍വശക്തന്‍ മഹത്തായ കാര്യങ്ങള്‍ എനിക്കു ചെയ്തുതന്നിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാളില്‍,
വിസ്മയനീയദാനങ്ങള്‍ സ്വീകരിച്ച ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ ദാനങ്ങള്‍ അങ്ങയുടെ മക്കള്‍ക്ക്
അങ്ങു വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം
ഞങ്ങള്‍ക്കു നേടിത്തരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment