ദിവ്യബലി വായനകൾ: 20th Sunday in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 16/8/2020

20th Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 83:10-11

ഞങ്ങളുടെ ദൈവമേ, അങ്ങയുടെ അഭിഷിക്തന്റെ മുഖം കടാക്ഷിക്കണമേ.
അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍
അങ്ങയുടെ സങ്കേതത്തില്‍ ഒരു ദിവസം ആയിരിക്കുന്നത്
കൂടുതല്‍ അഭികാമ്യമാണ്.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങയുടെ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങയുടെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 56:1,6-7
പരദേശികളെയും ഞാന്‍ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്‍കാന്‍ പോകുന്നു; എന്റെ നീതി വെളിപ്പെടും. എന്നെ സേവിക്കാനും എന്റെ നാമത്തെ സ്‌നേഹിക്കാനും എന്റെ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കുകയും സാബത്ത് അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടിയോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും ഞാന്‍ എന്റെ വിശുദ്ധഗിരിയിലേക്കു കൊണ്ടുപോകും. എന്റെ പ്രാര്‍ഥനാലയത്തില്‍ അവര്‍ക്കു സന്തോഷം നല്‍കും. അവരുടെ ദഹനബലികളും മറ്റു ബലികളും എന്റെ ബലിപീഠത്തില്‍ സ്വീകാര്യമായിരിക്കും. എന്റെ ആലയം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ഥനാലയമെന്ന് അറിയപ്പെടും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 67:2-3,5,6,8

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

ദൈവം നമ്മോടു കൃപ കാണിക്കുകയും
നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!
അവിടുന്നു തന്റെ പ്രീതി നമ്മുടെമേല്‍ ചൊരിയുമാറാകട്ടെ!
അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകര ശക്തി
സകല ജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

ജനതകളെല്ലാം ആഹ്‌ളാദിക്കുകയും
ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ!
അങ്ങു ജനതകളെ നീതിപൂര്‍വം വിധിക്കുകയും
ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ!
എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!
അവിടുന്നു നമ്മെ അനുഗ്രഹിച്ചു.
ഭൂമി മുഴുവന്‍ അവിടുത്തെ ഭയപ്പെടട്ടെ!

ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!

രണ്ടാം വായന

റോമാ 11:13-15,29-32
ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.

വിജാതീയരായ നിങ്ങളോടു ഞാന്‍ പറയുകയാണ്, വിജാതീയരുടെ അപ്പോസ്തലന്‍ എന്ന നിലയ്ക്ക് എന്റെ ശുശ്രൂഷയെ ഞാന്‍ പ്രശംസിക്കുന്നു. അതുവഴി എന്റെ കൂട്ടരായ യഹൂദരെ അസൂയാകുലരാക്കാനും അങ്ങനെ, അവരില്‍ കുറെപ്പേരെയെങ്കിലും രക്ഷിക്കാനും എനിക്ക് ഇടയാകുമല്ലോ. എന്തുകൊണ്ടെന്നാല്‍, അവരുടെ തിരസ്‌കാരം ലോകത്തിന്റെ അനുരഞ്ജനമായെങ്കില്‍ അവരുടെ സ്വീകാരം മൃതരില്‍ നിന്നുള്ള ജീവനല്ലാതെ മറ്റെന്തായിരിക്കും?
എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടു നിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണം ഇല്ലാത്തവരായിരിക്കുന്നു. എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 15:21-28
സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്.

അക്കാലത്ത്, യേശു ഗനേസറത്തുനിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 129: 7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.
Or:
യോഹ 6: 51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment