മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

നന്മമരമായ മണ്ണിൽ റമ്പാച്ചൻ
വാർദ്ധക്യത്തിലേക്ക് പാദമൂന്നിയ ഋഷിശ്രേഷ്ഠനൊത്തുള്ള യാത്ര ആ കൊച്ചു മൈനർ സെമിനാരിക്കാരന് ഏറെ സന്തോഷമുള്ളതായിരുന്നു. അന്നത്തെ യാത്ര നാലാഞ്ചിറയിലെ കാടുപിടിച്ച് കിടന്ന കുറുനരിയും കീരിയും സ്വച്ഛസഞ്ചാരം നടത്തുന്ന മണ്ണിൽ പണിയാരംഭിച്ച വലിയ കെട്ടിടങ്ങളുടെ പ്രാരംഭപണികൾ വീക്ഷിക്കാനായിരുന്നു. കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ നിന്ന ഒരു വലിയ മരത്തിന്റെ വേരിൽ തട്ടിവീഴാനാഞ്ഞ അപ്പച്ചനെ നോക്കി കൊച്ചു പയ്യൻ ചിരിച്ചു, ‘പ്രായമുള്ളവര് വീഴാൻ പോകുമ്പോ കൊച്ചു പിള്ളാര് ചിരിക്കുന്നോ’, എന്ന് പറഞ്ഞ് ആ പിതാവ് സ്നേഹത്തോടെ അവനെ അടിക്കാനോങ്ങി, ‘ഇതെല്ലാം പണിയുന്നത് നമ്മുടെ സഭാമക്കൾക്കായിട്ടാണ്’ എന്ന് ഒപ്പം കൂട്ടിച്ചേർത്തു. അന്ന് താൻ കാണാനായി പോയ ആ വലിയ കെട്ടിടങ്ങളോടൊപ്പം വളരാനായിരുന്നു ആ കൊച്ചു സെമിനാരക്കാരന്റെ നിയോഗം. കെട്ടിടങ്ങൾ വളർന്നു… അനേകരുടെ ജീവിതത്തിന് വെളിച്ചമേകുന്ന മാർ ഈവാനിയോസ് കോളേജായി… താപസശ്രേഷ്‌ഠനായ മാർ ഈവാനിയോസ് പിതാവിനൊപ്പം കാറിൽ യാത്ര ചെയ്ത ആ മൈനർ സെമിനാരിക്കാരൻ പിതാവിനേറെ പ്രിയങ്കരനായിരുന്നു. നല്ല കൈയക്ഷരമായിരുന്നതിനാൽ പിതാവിന്റെ കത്തിടപാടുകളും ഔദ്യോഗിക രേഖകളും രാത്രി ഒന്നര രണ്ടു മണി വരെ ഇരുന്ന് എഴുതിയിരുന്നു, രാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാനക്ക് ഒരുക്കിയിരുന്നതും കൊച്ചു ബ്രദറായിരുന്നു. ആ മൈനർ സെമിനാരിക്കാൻ അതേ കോളേജിൽ ദീർഘനാൾ സുറിയാനി അദ്ധ്യാപകനായും പിന്നീട് നമുക്കേവർക്കും സുപരിചിതനായ സാമുവൽ മണ്ണിൽ റമ്പാച്ചനായും വളർന്നു.
“വിശ്വസ്‌തതയും സൗമ്യതയും കൊണ്ട് അവിടുന്ന് അവനെ വിശുദ്‌ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന് അവനെ തിരഞ്ഞെടുത്തു”.
പ്രഭാഷകന്‍ 45 : 4
ഓർത്തഡോക്സ് സഭയിൽ ജനിച്ച് മാർ ഈവാനിയോസ് പിതാവിന്റെ പാത പിന്തുടർന്ന് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുകയും വൈദീകനായി സുറിയാനി ഭാഷയിലും സുറിയാനി ആരാധനാക്രമങ്ങളിലും പ്രാവീണ്യവും പ്രാഗത്ഭ്യവും നേടുകയും ചെയ്ത് അനേകം കർമ്മമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ശാന്തനായി കടന്നുപോയ ഒരു അഭിഷിക്തനാണ് വന്ദ്യ സാമുവൽ മണ്ണിൽ റമ്പാച്ചൻ.
പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് അടുത്തുള്ള ഉളനാട് ഗ്രാമത്തിൽ 1927 ഏപ്രിൽ 9ന് ആയിരുന്നു സാമുവൽ മണ്ണിൽ റമ്പാച്ചന്റെ ജനനം. മണ്ണിൽ വടക്കേതിൽ ഗീവർഗീസ് ഉമ്മനും ഏലിയാമ്മയ്ക്കും ദൈവം ദാനമായി നൽകിയ എട്ട് മക്കളിൽ ആറാമനായാണ് അദ്ദേഹം ജനിച്ചത്. ഉളനാട് സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് മാതാപിതാക്കൾ ഗീവർഗീസ് സാമുവൽ എന്ന പേരു നൽകി കുഞ്ഞിന് മാമ്മോദീസ നൽകി. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം നിറഞ്ഞ സന്തോഷത്തോടെയുള്ള ബാല്യകാലം… മക്കൾ ദൈവവിശ്വാസത്തിലും ദൈവാഭിമുഖ്യത്തിലും വളരണമെന്ന നിർബന്ധത്തോടെയാണ് ആ മാതാപിതാക്കൾ മക്കളെ വളർത്തിയിരുന്നത്. ഉളനാട് സ്കൂളിലും പന്തളം എൻ എസ് എസ് സ്കൂളിലുമായി സാമുവൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
1653ൽ മട്ടാഞ്ചേരിയിൽ വച്ച് നടന്ന കൂനൻകുരിശു സത്യത്തിനു ശേഷം കേരളസഭയിൽ ഉണ്ടായ വിഭാഗീയതക്ക് അറുതിവരുത്താൻ പുത്തൻകൂർ സമുദായം കാതോലിക കൂട്ടായ്മയിലേക്ക് ഐക്യപ്പെടാൻ അനേകം ശ്രമങ്ങൾ നടത്തിയിരുന്നു. 1930 സെപ്റ്റംബർ 20ന് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പുനരൈക്യ ശ്രമങ്ങൾ വിജയം കണ്ടു. 1932ൽ ഹയരാർക്കി സ്ഥാപിച്ച ശേഷം ഈ കൂട്ടായ്മയിലേക്ക് യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ, LMS സമൂഹങ്ങളിൽ നിന്ന് അനേകം വൈദീകരും വിശ്വാസികളും വന്നു ചേർന്നു. പുത്തൻകൂർ സമുദായത്തിലെ വിഭാഗീയതകളിൽ മനസു മടുത്ത അനേകർ ഈ കാനോനിക സംസർഗത്തിൽ ആയിരിക്കാൻ താൽപര്യമുള്ളവരായിരുന്നു. 1943 ജൂണിൽ മണ്ണിൽ വടക്കേതിൽ ഗീവർഗീസ് ഉമ്മനും കുടുംബവും മാർ ഈവാനിയോസ് പിതാവിന്റെ ദർശനങ്ങളിൽ ആകൃഷ്ടരാവുകയും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടുകയും ചെയ്തു. ദേവാലയ കാര്യങ്ങളിൽ ഏറെ ആഭിമുഖ്യമുണ്ടായിരുന്ന സാമുവലിൽ കത്തോലിക്കാ സഭയും മാർ ഈവാനിയോസ് പിതാവും വലിയ സ്വാധീനമുണ്ടാക്കി. ഒരു വൈദീകനായി ശുശ്രൂഷ ചെയ്യുവാനുള്ള വിളിയും ആഗ്രഹവും സാമുവലിൽ ശക്തമായി. മകന്റെ ആഗ്രഹത്തിന് ആ മാതാപിതാക്കൾ സന്തോഷത്തോടെ അനുവാദം നൽകി.
മാർ ഈവാനിയോസ് പിതാവിന്റെ സ്വാധീനം
നാലാഞ്ചിറ പള്ളിയിലെ വിശുദ്ധ കുർബാനക്ക് ശേഷം വിശ്രമിക്കുന്ന പിതാവിനെ മൂത്ത സഹോദരനായ M T തോമസിനൊപ്പമാണ് ആ കൊച്ചു പയ്യൻ ആദ്യമായി കാണുന്നത്. നരച്ച താടിയും ജ്വലിക്കുന്ന കണ്ണുകളുമെല്ലാം അവനെ ഏറെ ആകർഷിച്ചു. പിതാവ് സ്നേഹത്തോടെ ബാലനെ അടുത്ത് വിളിച്ച് സംസാരിച്ചു, വിശേഷങ്ങൾ തിരക്കി, ചോദ്യങ്ങൾ ചോദിച്ചു. കോട്ടയത്ത് തുടങ്ങിയ ഇംഗ്ളീഷ് സ്കൂളിൽ പഠിക്കാനായി പോയ ആ ബാലൻ പിന്നീടും പല തവണ പിതാവിനെ കാണുകയും സംസാരിക്കുകയും മുട്ടുകുത്തി ആശീർവാദം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അവന്റെ ജീവിതനിയോഗമറിയാവുന്ന പിതാവ് സ്വന്തം കൈപ്പടയിൽ എഴുതി, ‘സെമിനാരിയിലേക്ക് ചേരാനായി വരുക’, അങ്ങനെ 1944 ജൂൺ 20ന് സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലേക്ക് സ്വീകരിച്ച പിതാവ് തന്നെയാണ് ചെറുപട്ടങ്ങളും നൽകിയത്. മൈനർ സെമിനാരിക്കാലത്തുടനീളം പിതാവിനോടൊത്തുണ്ടായിരുന്നു. പിതാവ് തന്നെയാണ് സുറിയാനിയും ആരാധനക്രമവും മൈനർ സെമിനാരിക്കാരെ പഠിപ്പിച്ചിരുന്നത്. അന്ന് സെമിനാരിയും അരമനയും ഒരുമിച്ചായിരുന്നതിനാൽ പിതാവിന്റെ സവിശേഷമായ സ്നേഹവാത്സല്യമനുഭവിക്കാൻ മൈനർ സെമിനാരിക്കാർക്ക് ഇടയായിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ സുവിശേഷ ഭാഗങ്ങളെ അധികരിച്ചുള്ള പിതാവിന്റെ വചന സന്ദേശം അവർക്ക് ഏറെ അനുഗ്രഹപ്രദമായിരുന്നു
തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ പരിശീലനകാലം പിന്നിട്ട് തന്റെ ആഗ്രഹത്തെ കൂടുതൽ ദൃഢമാക്കി 1948ൽ സാമുവൽ തൃശ്ശിനാപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പഠനത്തിലും പ്രാർത്ഥനയിലും ശെമ്മാശ്ശൻ എല്ലാവർക്കും മാതൃകയായിരുന്നു. സാമുവൽ ശെമ്മാശ്ശൻ 1954 നവംബർ 30ന് തൃശ്ശനാപ്പള്ളി സെന്റ് പോൾസ് സെമിനാരിയുടെ ചാപ്പലിൽ വെച്ച് തൂത്തിക്കോണം രൂപത മെത്രാൻ തോമസ് ഫെർണാഡോ പിതാവിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു. പിന്നീട് നാട്ടിൽ തിരികെയെത്തി മാതൃദേവാലയത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
വൈദീകനാകാനുള്ള ആഗ്രഹവുമായി ആദ്യം പടികയറിയ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലേക്ക് തന്നെയായിരുന്നു സാമുവൽ അച്ചന്റെ ആദ്യ നിയമനം. 1955 മുതൽ 1960 വരെ മൈനർ സെമിനാരി വൈസ് റെക്ടറായി സേവനമനുഷ്ഠിച്ചു. ആധ്യാത്മിക തലത്തിലും അക്കാദമി തലത്തിലും ഒരു പോലെ മികച്ചു നിന്ന അച്ചനെ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉന്നതവിദ്യാഭ്യാസത്തിനായി അയച്ചു. 1960ൽ ബെയ്റൂട്ടിലും തുടർന്ന് റോമിലുമായി അച്ചൻ പഠനം പൂർത്തിയാക്കി. 1962ൽ തിരികെയെത്തിയ സാമുവൽ അച്ചൻ മൈനർ സെമിനാരി റെക്ടറായി നിയമിതനായി.
കാഞ്ഞിരംപാറ, അഞ്ചാമട മിഷൻ, കാവടിത്തല മിഷൻ, അഞ്ചൽ, ഏരൂർ, ആയൂർ, കുളത്തൂപ്പുഴ, മണ്ണൂർ, നിലമേൽ, കരവാളൂർ, പുനലൂർ, വിളക്കുവട്ടം, നരിയ്ക്കൽ, ചെമ്പുമല, പോങ്ങുംമൂട്, പുലയനാർകോട്ട, മേനാംകുളം, ചാന്നാംകര, കീരിക്കുഴി, കഴക്കൂട്ടം, പനച്ചിമൂട്, പാറശ്ശാല, പാളയം, ബാലരാമപുരം, എരുത്താവൂർ, പ്രാവച്ചമ്പലം, കണ്ണംകോട്, പാപ്പനംകോട്, കുറവൻകോണം, പേരൂർക്കട, കരകുളം, പത്തനംതിട്ട, തോട്ടുപുറം, കാട്ടൂർ തുടങ്ങിയ ഇടവകകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. മിഷൻ പ്രദേശങ്ങളുടേയും അവിടുത്തെ ഇടവകകളുടെയും വിദ്യാഭ്യാസപരവും സാമൂഹികവുമായ വികസനത്തിൽ അച്ചൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ബാലരാമപുരം, പത്തനംതിട്ട വൈദീകജില്ലകളുടെ ജില്ലാവികാരിയായിരുന്നു.
അറിയപ്പെടുന്ന സുറിയാനി ഭാഷാ പണ്ഡിതനായിരുന്ന മണ്ണിലച്ചൻ 1964 മുതൽ 1984 വരെ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ സുറിയാനി വിഭാഗത്തിൽ അധ്യാപകനായും Head of the Department ആയും സേവനം ചെയ്തു. ഔദ്യോഗികമായ പല ഉത്തരവാദിത്തങ്ങളും സ്ഥാനങ്ങളും ഈ സമയത്ത് അച്ചൻ വഹിച്ചിരുന്നു. ഒന്നിലേറെ തവണ കേരള സർവ്വകലാശാലയുടേയും മഹാത്മാഗാന്ധി സർവ്വകലാശാലയുടേയും ബോർഡ് ഓഫ് സ്റ്റഡീസ് ഓഫ് സിറിയക്കിന്റെ ചെയർമാനും കേരളാ അക്കാഡമിക് കൗൺസിൽ മെമ്പറും ആയിരുന്നു. കൂടാതെ, അതിരൂപതാ കൗൺസിൽ മെമ്പറായും സെക്രട്ടറിയായും അതിരൂപതയുടെ ലിറ്റർജിക്കൽ കമ്മിറ്റിയുടെയും വിവാഹ ട്രൈബ്യൂണലിന്റെയും അംഗമായും അച്ചൻ പ്രവർത്തിച്ചിരുന്നു.
മാർ ഈവാനിയോസ് കോളജിൽ പ്രവർത്തിച്ചിരുന്ന കാലത്ത് 1971 മുതൽ 1982 വരെ സെന്റ് തോമസ് ഹോസ്റ്റലിന്റെ വാർഡനായും സേവനമനുഷ്ഠിച്ചു. വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിലും പാഠ്യേതരകാര്യങ്ങളിലും സ്വഭാവ രൂപീകരണത്തിലും അച്ചൻ വലിയ പങ്കു വഹിച്ചിരുന്നു. ധാർമ്മികതയിലും അച്ചടക്കത്തിലും വിട്ടുവീഴ്ചയില്ലാത്ത, എന്നാൽ സൗമ്യനും സ്നേഹപ്രകൃതക്കാരനുമായ അച്ചനെ ആ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് ആർക്കും ഒരിക്കലും മറക്കാൻ കഴിയില്ല. പ്രായഭേദമന്യേ എല്ലാവരുമായും സൗഹൃദവും സ്നേഹവും പുലർത്താനും സ്നേഹബന്ധം മുറിയാതെ അഭംഗുരം കാത്തുസംരക്ഷിക്കാനും അച്ചനായിരുന്നു.
ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുത് എന്ന് ഏറെ നിർബന്ധം പുലർത്തിയ ഈ ആചാര്യൻ തനിക്ക് ലഭിച്ചിരുന്ന വരുമാനത്തിലധികവും പാവങ്ങളായ അനേകരുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ചെലവഴിച്ചു. മാർ ഈവാനിയോസ് കോളേജിലെ അനേകം മക്കൾ അത് അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ്. നിർദ്ധനരായ അനേകം പെൺകുട്ടികളുടെ വിവാഹത്തിന് കൈയയച്ച് സഹായിച്ചു. അച്ചന്റെ വിശുദ്ധനായ സാമുവലിന്റെ തിരുനാൾ ദിനമായ നവംബർ 10 ഉൾപ്പെടെ തന്റെ ജീവിതത്തിന്റെ വിശേഷ ദിനങ്ങൾ പാവപ്പെട്ടരോടൊപ്പം ആയിരിക്കണമെന്ന് നിഷ്ഠയുണ്ടായിരുന്നു.
1996 മുതൽ 2000 വരെ തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ റസിഡന്റ് പ്രൊഫസർ, 2008 മുതൽ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ആദ്ധ്യാത്‌മിക പിതാവ് എന്നിങ്ങനെ വൈദീക വിദ്യാത്ഥികളുടെ പരിശീലനത്തിൽ വീണ്ടും ഭാഗഭാക്കായി. സെമിനാരി പരിശീലകനായി വൈദീകജീവിതമാരംഭിച്ച അച്ചൻ തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ അവസാന നാളിലും പരിശീലനപ്രക്രിയയിലായിരുന്നു എന്നത് ജീവിതത്തിലുടനീളം പുലർത്തിയ ജീവിത വിശുദ്ധിയുടെയും മാതൃകാജീവിതത്തിന്റെയും പ്രതിഫലനമാണ്.
1954ൽ വൈദീകനായി അഭിഷിക്തനായ കാലം മുതൽ സഭയുടെ വിവിധ മഠങ്ങളിലെ ചാപ്ളയിനായും കുമ്പസാരക്കാരനായുമൊക്കെ സന്ന്യാസിനിമാരുടെ ആത്മീയ കാര്യങ്ങളിൽ ഏറെ ശ്രദ്ധയോടെ അച്ചൻ സഹായിച്ചിരുന്നു.
ആയിരുന്ന ഇടങ്ങളിലെല്ലാം തന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ക്രിസ്താനുഭവം പകർന്നു നൽകാൻ ശ്രദ്ധിച്ചിരുന്ന സാമുവൽ മണ്ണിലച്ചന്റെ പൗരോഹിത്യ സുവർണ ജൂബിലി 2004 മെയ് 12ന് ജന്മനാടായ ഉളനാട്ടിൽ വച്ച് നടത്തപ്പെട്ടു.
പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ മലങ്കര മെത്രാപ്പൊലീത്തൻ വ്യക്തിഗത സഭയെ 2005 ഫെബ്രുവരി 10ന് പേട്രിയാർക്കൽ സഭയ്ക്കു തുല്യമായ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ സഭയായി ഉയർത്തുകയും ആർച്ച്ബിഷപ് സിറിൽ മാർ ബസേലിയോസ് തിരുമേനിയെ ആദ്യത്തെ മേജർ ആർച്ച് ബിഷപ്പ് – കാതോലിക്കോസ് ആയി നിയമിക്കുകയും ചെയ്തു. 2007 ജനുവരി 18ന് അഭിവന്ദ്യ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവാ കാലം ചെയ്യുന്നതിന് തൊട്ടു മുൻപ് സഭയിലെ ഏതാനും വൈദീകരെ റമ്പാൻമാരും കോർഎപ്പിസ്ക്കോപ്പാമാരും ആയി ഉയർത്തി. അന്ന് വന്ദ്യ സാമുവൽ മണ്ണിൽ അച്ചനും റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അച്ചന്റെ പാണ്ഡിത്യത്തിനും ജീവിതസമർപ്പണത്തിനും തിരുസഭ നൽകിയ ആദരവായിരുന്നു റമ്പാൻ പട്ടം. സന്ന്യാസതുല്യമായ ജീവിതത്തിന് ഉടമയായിരുന്ന അച്ചന് ലഭിച്ച ഏറ്റവും അനുയോജ്യമായ ആദരവ്.
2018 ഫെബ്രുവരി 15ന് റമ്പാച്ചനെ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂർണ്ണമായ ബോധാവസ്ഥയിൽ പ്രാർത്ഥനകൾ ചൊല്ലി തൈലാഭിഷേകം സ്വീകരിക്കണമെന്ന ആഗ്രഹത്താൽ തിരുവനന്തപുരം അതിരൂപതയുടെ സഹായ മെത്രാൻ ആയിരുന്ന അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് പിതാവ് 2018 ഫെബ്രുവരി 21ന് തൈലാഭിഷേകം നൽകി. തന്റെ നാഥന്റെ സ്വർഗീയ തിരുവൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നതിനായി വിളിക്കപ്പെടുന്ന സമയമടുത്തുവെന്ന ഉൾബോധ്യമുണ്ടായിരുന്ന റമ്പാച്ചനെ ഏറെ ഒരുക്കത്തോടെയാണ് ആ സമയങ്ങളിൽ കാണപ്പെട്ടത്. 2018 മാർച്ച് 2ന് വന്ദ്യ റമ്പാച്ചന്റെ ആത്മാവ് തന്നെ വിളിച്ചു വേർതിരിച്ചവന്റെ പക്കലേക്ക് തിരികെ പോയി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ ഉളനാട് സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ റമ്പാച്ചനെ സംസ്കരിച്ചു.
പുനരൈക്യപ്രസ്ഥാനം വിജയത്തിലെത്തിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ ആർച്ച്ബിഷപ്പായ അഭിവന്ദ്യ മാർ ഈവാനിയോസ് പിതാവിന്റെയും ദീർഘകാലം സഭയെ നയിച്ച് വളർത്തിയ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിന്റെയും സഭയുടെ ആദ്യത്തെ കാതോലിക്കാ ബാവയായ അഭിവന്ദ്യ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവയുടേയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ കർദ്ദിനാൾ എന്ന ഖ്യാതി നേടിയ സഭയുടെ ഇപ്പോഴത്തെ തലവനും പിതാവുമായ അഭിവന്ദ്യ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടേയും സമകാലീകനായി ജീവിക്കാൻ ഭാഗ്യം ലഭിച്ച വൈദീകനാണ് വന്ദ്യ സാമുവൽ മണ്ണിൽ റമ്പാച്ചൻ.
‘ To do good to others, you be good and make others good’, മറ്റുള്ളവർക്ക് നന്മ ചെയ്യാനായി നമ്മൾ നന്മയുള്ളവരാകുകയും മറ്റുള്ളവരെ നന്മയുള്ളവരാക്കുകയും ചെയ്യുക. മാർ ഈവാനിയോസ് പിതാവിന്റെ അറുപത്തിരണ്ടാം ഓർമ്മ പെരുനാൾ വർഷത്തിൽ (2015), ക്ളർജിഹോമിൽ തന്നെ സന്ദർശിച്ച് മാർ ഈവാനിയോസ് പിതാവുമൊത്തുള്ള അനുഭവങ്ങൾ അറിയാനായി വന്ന തിരുവനന്തപുരം വൈദീക ജില്ലയിലെ എം.സി. വൈ.എം അംഗങ്ങൾക്ക് അച്ചൻ നൽകിയ സന്ദേശമിതായിരുന്നു. ജീവിതത്തിലുടനീളം മറ്റുള്ളവരിലെ നന്മയെ കണ്ടെത്താനും അതിൽ സന്തോഷിക്കാനും സാധിച്ച നന്മമരത്തിന് ഇതിൽ കൂടുതൽ എന്താണ് തന്റെ സന്ദേശമായി നൽകാനാകുക.
കടപ്പാട് : ജെസ്സി റോയ് &
ലെനി ജോൺസൺ,
മണ്ണിൽ ഉളനാട്
ഫാ.ബെഥേൽ ഡാനിയേൽ
ജിത്ത് ജോൺ ഫ്രാൻസിസ്
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil


Leave a comment