പൊറുക്കാൻ ഒരാളുണ്ടാവുകയാണ് പ്രധാനം

.

എം.ടി യുടെ കഥാപാത്രം ക്ഷേത്രനടകളിൽ നിന്ന് പറയുന്നതുപോലെ ,പള്ളികളിലെ കുമ്പസാരക്കൂടു പോലെ നമ്മുക്കു പറയാനൊരിടമില്ല.

പൊറുക്കാനൊരു ജ്ഞാനബുദ്ധനില്ല.

കൊടിയ ദാമ്പത്യ അവിശ്വസ്തതകളിലൂടെ കടന്നുപോയ ഒരാൾ അതവളോടു ഏറ്റുപറയാൻ തീരുമാനിക്കുന്നു.

സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.

ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു.
അതിന് ഈ കുമ്പസാരത്തിന്റെ പടപ്പുര കടക്കേണ്ടിയിരുന്നു.

അതവളെ ചില്ലുപാത്രം പോലെ ചിതറിക്കുമെന്ന് അയാൾക്കുറപ്പുണ്ട്. എന്നാൽ, എല്ലാ അർത്ഥത്തിലും അയാളെക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തു പിടിച്ചു.

നിങ്ങൾക്ക് ഞാൻ മാപ്പു നൽകിയില്ലെങ്കിൽ മറ്റാരാണ് തരികയെന്ന് കാതുകളിൽ മന്ത്രിച്ചു.

അങ്ങനെ അയാളെക്കാൾ വല്യവളായി.

ഓരോ കുമ്പസാരവും നിങ്ങൾക്കുറപ്പു തരുന്ന ഒരു സുരക്ഷിതത്വമുണ്ട്.

അതാണതിന്റെ ഭൗതിക ഫലശ്രുതി.

നഗരത്തിലെ ഒരാളെ കൊന്നിട്ട് മരുഭൂമിയിലേക്ക് അഭയം തേടിപ്പോയ ഒരു ചെറുപ്പക്കാരന്റെ ഏററു പറച്ചിലുകൾക്കു ശേഷം അവനു വയോധികനായ ഗോത്രത്തലവൻ അവിടെ സുരക്ഷിതത്വം ഉറപ്പിച്ചു.

രാത്രിയിൽ കുറേയധികം ചെറുപ്പക്കാർ നഗരത്തിൽ നിന്നെത്തി അവനെ വിട്ടുത്തരണമെന്ന് ആവശ്യപ്പെട്ടു. അയാൾ അതിന് വഴങ്ങിയില്ല.

അപ്പോൾ അവരിലൊരാൾ പറഞ്ഞു, ഇനി പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ നിങ്ങളതു ചെയ്യും:

അയാൾ കൊലപ്പെടുത്തിയത് നിങ്ങളുടെ പേരക്കുട്ടിയെയാണ്.
വൃദ്ധൻ മരുക്കാറ്റിൽപ്പെട്ട ഉണക്കമരം പോലെ ഉലഞ്ഞു പോയി.
എന്നിട്ട് അവന്റെ അടുക്കൽ വന്ന് തോളിൽ പിടിച്ച് ഇങ്ങനെ പറഞ്ഞു,

നീ ഇവിടെ അഭയാർത്ഥിയല്ല. എന്റെ പേരക്കുട്ടിയാണ്.

കുമ്പസാരങ്ങളെ വിധി വാചകങ്ങൾക്കും പരിഹാസങ്ങൾക്കും എറിഞ്ഞു കൊടുക്കാത്ത ഇടങ്ങളിലാണ് സമൂഹ മന:സാക്ഷിയുടെ ആരോഗ്യം വെളിപ്പെട്ടു കിട്ടേണ്ടത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment