പ്രഭാത പ്രാർത്ഥന
“ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു. ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? (1 യോഹന്നാന്‍ 3:16-17)” സ്നേഹസ്വരൂപനായ ഈശോയെ, അവിടുന്ന് അരുളി ചെയ്തുവല്ലോ നിന്നെ പോലെ നിന്റെ അയല്ക്കാരെനെയും സ്നേഹിക്കണം. ഇന്നേ ദിനത്തിൽ ഞങ്ങളുടെ അയൽവാസികളെയും, സഹപ്രവർത്തകരെയും ആയിരിയ്ക്കുന്ന സമൂഹത്തെയും, നാടിനെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മഹാമാരിയുടെ ഈ കാലത്തു അവർക്ക് ഞങ്ങൾക്ക് ആകുന്ന വിധത്തിൽ സംരക്ഷണം ഒരുക്കുവാൻ സഹായിക്കണമേ. കൈകൾ കഴുകി കൊണ്ടും, വ്യക്തി ശുചിത്വം പാലിച്ചും, അസുഖലക്ഷണങ്ങൾ ഉള്ളപ്പോൾ സമൂഹത്തിൽ നിന്ന് അകന്നും ജീവിച്ചു കൊണ്ട് മഹാമാരിയെ തടയുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. ആകുന്ന വിധത്തിൽ ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിൽ ആയവരെ സഹായിക്കുവാനും ദേവാലയങ്ങൾക്ക് അർഹമായ വിഹിതം നൽകി കൊണ്ട് ദേവാലയത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുവാനും ഞങ്ങൾ പരിശ്രമിക്കട്ടെ. ഈ ഭൂമിയിലെ ഓരോ ദിനവും എത്ര നിസാരമാണെന്നും, മനുഷ്യൻ പുല്കൊടിക്ക് തുല്യമാണെന്നും കോവിഡ് പത്തൊന്പത് ഞങ്ങളെ ഓർമ്മപെടുത്തുന്നുവല്ലോ. കർത്താവെ, ഇന്നേ ദിനത്തിൽ സ്വാർത്ഥ ചിന്തകൾ പരിപൂർണ്ണമായി വെടിഞ്ഞു സമൂഹ നന്മയ്ക്കായ് പരിശ്രമിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. പിതാവേ, ഞങ്ങളുടെ നേഴ്സ്മാരെയും, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവർക്ക് സംരക്ഷണം ഒരുക്കി നൽകണമേ. ഭയത്തിന്റെയും ആകുലതയുടെയും ദിനങ്ങളിൽ നിന്നും വിടുതൽ നല്കണമേ. ശാസ്ത്ര ലോകത്തിനു ഈ പ്രതിസന്ധിക്ക് ഉത്തരം കണ്ടെത്തുവാൻ ആവശ്യമായ ജ്ഞാനം ലഭിയ്ക്കട്ടെ. ഈശോയെ, ശാസ്ത്രത്തിന്റെ പരിഹാരങ്ങൾക്ക് മുൻപ് തന്നെ ഒരു അത്ഭുതം വഴി ഞങ്ങളെ ഈ പ്രതിസന്ധിയിൽ നിന്നും കരകയറ്റണമേ. അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ഈ പ്രശ്നം പരിഹരിക്കപ്പെടും വരെ കാത്തിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. വരാനിരിക്കുന്ന കാലവർഷത്തെ ഓർക്കുന്നു. ദുരിത പൂർണ്ണമായ ഒരു സമയമായി തീരാതേ ഈ നാളുകളെ അവിടുന്ന് ഒരുക്കണമേ. എല്ലാ പ്രതി സന്ധികളിൽ നിന്നും ദൈവമേ ഞങ്ങളെ കാത്തു പരിപാലിച്ചു കൊള്ളണമേ. ആമേൻ
കോൾബെ പുണ്യവാളാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment