ദിവ്യബലി വായനകൾ: Wednesday of week 20 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 ബുധൻ

Wednesday of week 20 in Ordinary Time
or Saint John Eudes, Priest

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 83:10-11

ഞങ്ങളുടെ ദൈവമേ, അങ്ങയുടെ അഭിഷിക്തന്റെ മുഖം കടാക്ഷിക്കണമേ.
അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍
അങ്ങയുടെ സങ്കേതത്തില്‍ ഒരു ദിവസം ആയിരിക്കുന്നത്
കൂടുതല്‍ അഭികാമ്യമാണ്.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങയുടെ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങയുടെ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എസെ 34:1-11
എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍ നിന്നു രക്ഷിക്കും.

കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയന്മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങള്‍ മേദസ്സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു. എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.
ആകയാല്‍, ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ പോറ്റി. ആകയാല്‍ ഇടയന്മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്മാര്‍ക്കെതിരാണ്. എന്റെ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കു ചോദിക്കും; അവരുടെ മേയ്ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായി തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍ നിന്നു രക്ഷിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങയുടെ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 20:1-16
ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?

അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരുപമ അരുളിച്ചെയ്തു: സ്വര്‍ഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാന്‍ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം. ദിവസം ഒരു ദനാറ വീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍; ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി. അവന്‍ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍. വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങള്‍ക്കു കൂടുതല്‍ ലഭിക്കുമെന്ന് ആദ്യം വന്നവര്‍ വിചാരിച്ചു. എന്നാല്‍, അവര്‍ക്കും ഓരോ ദനാറ തന്നെ കിട്ടി. അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു-അവസാനം വന്ന ഇവര്‍ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. അവന്‍ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്‌ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‍കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകള്‍കൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? ഇപ്രകാരം, പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരുമാകും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 129: 7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.
Or:
യോഹ 6: 51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങയുടെ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment