ദിവ്യബലി വായനകൾ Saturday of week 20 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 22/8/2020

Our Lady, Mother and Queen 
on Saturday of week 20 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 44:10

അങ്ങയുടെ വലത്തുഭാഗത്ത് സ്വര്‍ണവസ്ത്രമണിഞ്ഞ്,
പരിവാരസേവിതയായ രാജ്ഞി നില്ക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ പുത്രന്റെ മാതാവിനെ
ഞങ്ങളുടെ അമ്മയും രാജ്ഞിയുമായി അങ്ങ് നിയോഗിച്ചുവല്ലോ.
ഈ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ ശക്തരായി,
സ്വര്‍ഗരാജ്യത്തില്‍ അങ്ങയുടെ മക്കളുടെ മഹത്ത്വം
ഞങ്ങള്‍ പ്രാപിക്കാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 9:1-7
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.

അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു;
കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.
അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി.
വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെപ്പോലെയും
കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെപ്പോലെയും
അവര്‍ അങ്ങയുടെ മുന്‍പില്‍ ആഹ്‌ളാദിക്കുന്നു.
അവന്‍ വഹിച്ചിരുന്ന നുകവും
അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും
മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.

അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും
രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്‌നിയില്‍ ദഹിക്കും;
എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.
നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു.
ആധിപത്യം അവന്റെ ചുമലിലായിരിക്കും;
വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം,
നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്
എന്ന് അവന്‍ വിളിക്കപ്പെടും.

ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും
അവന്റെ ആധിപത്യം നിസ്സീമമാണ്;
അവന്റെ സമാധാനം അനന്തവും.
നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ.
സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 113:1-2,3-4,5-6,7-8

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്റെ ദാസരേ,
അവിടുത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമത്തെ സ്തുതിക്കുവിന്‍!
കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയ!

ഉദയം മുതല്‍ അസ്തമയംവരെ
കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ!
കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു;
അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയ!

നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്?
അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയ!

അവിടുന്നു ദരിദ്രനെ പൊടിയില്‍ നിന്ന് ഉയര്‍ത്തുന്നു;
അഗതിയെ ചാരക്കൂനയില്‍ നിന്ന് ഉദ്ധരിക്കുന്നു.
അവരെ പ്രഭുക്കന്മാരോടൊപ്പം,
തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം, ഇരുത്തുന്നു.

കര്‍ത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 1:26-38
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.

ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അര്‍ഥം എന്ന് അവള്‍ ചിന്തിച്ചു. ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മാേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ
സ്മരണ ആഘോഷിച്ചുകൊണ്ട്, ഞങ്ങള്‍ അങ്ങേക്ക്
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നു.
കുരിശില്‍ നിര്‍മലയാഗമായി തന്നത്തന്നെ അങ്ങേക്ക് അര്‍പ്പിച്ച
അവിടത്തെ മനുഷ്യപ്രകൃതി ഞങ്ങളെ ശക്തിപ്പെടുത്താന്‍ കനിയണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 1:45

കര്‍ത്താവ് അരുള്‍ചെയ്തകാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ച
നീ ഭാഗ്യവതിയാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ച ഞങ്ങള്‍
അങ്ങയോട് കേണപേക്ഷിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണ
ഭക്തിയോടെ ആഘോഷിക്കുന്ന ഞങ്ങള്‍,
നിത്യവിരുന്നില്‍ പങ്കാളികളാകാന്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment