പാഠത്തില്‍നിന്ന് പാടത്തേക്ക് സിസ്റ്റര്‍

12.5 ഏക്കറില്‍ നെല്‍ക്കൃഷി; പാഠത്തില്‍നിന്ന് പാടത്തേക്ക് സിസ്റ്റര്‍ റോസ്…

Sr Rose

പ്രാർഥന കഴിഞ്ഞാൽ പാഠത്തിലേക്ക് എന്ന രീതിക്ക് അവധി നൽകിയിരിക്കുകയാണ് സിസ്റ്റർ റോസ് ആന്റോ. ഇപ്പോൾ പ്രാർഥനയ്ക്കുശേഷം നേരെ പാടത്തേക്കാണ് സിസ്റ്ററുടെ യാത്ര. മികച്ച കോളേജ് അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ സിസ്റ്റർ റോസ് 2019-ൽ വിരമിച്ചശേഷം മുഴുസമയം കൃഷിയിലാണ്.

ഇരിങ്ങാലക്കുട കോമ്പാറ പെരുവല്ലിപ്പാടത്താണ് 12.5 ഏക്കറിൽ നെൽക്കൃഷി. അധ്വാനം കാണുമ്പോാൾ നാട്ടുകാരിൽ ചിലർ ഉപദേശിക്കും. ‘സൂക്ഷിക്കണം. ഒരു വൃക്കയില്ലാത്ത ശരീരമാണ്’. 2018 -ൽ പരിചയമില്ലാത്ത വ്യക്തിക്ക് സിസ്റ്റർ ഒരു വൃക്ക നൽകിയത് ഓർമിപ്പിച്ചുകൊണ്ടാണ് നാട്ടുകാരുടെ ഈ സ്നേഹോപദേശം.
ആലപ്പുഴ കൈതവനയിലെ ദേവസ്യ-ത്രേസ്യാമ്മ ദമ്പതിമാരുടെ 12 മക്കളിൽ ഒമ്പതാമത്തെയാളാണ് സിസ്റ്റർ റോസ്. ഹിന്ദി സാഹിത്യത്തിൽ ഒന്നാംറാങ്കോടെ എം.ഫിലും പിഎച്ച്.ഡി.യും നേടി. 1988 -ലാണ് ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്സ് കോളേജിൽ ഹിന്ദി അധ്യാപികയായത്. 1992-ലാണ് ഹോളിഫാമിലി സഭയിൽ സിസ്റ്ററായത്.

സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനുള്ള അനുമതി ബിഷപ്പ് ജയിംസ് പഴയാറ്റിലിൽ നിന്ന് കിട്ടിയതോടെയാണ് കൃഷിയും സഹായങ്ങളുമായി ഇറങ്ങിയത്. കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറും പെൺകുട്ടികളുടെ സെല്ലിന്റെ ചുമതലയുമായിരുന്നു. 31 വർഷത്തെ സേവനശേഷം വകുപ്പ് മേധാവിയായി വിരമിക്കുമ്പോൾ കാലിക്കറ്റ് സർവകലാശാല മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന പ്രൊഫ. എം.എം. ഗനി പുരസ്കാരം സ്വന്തമാക്കി.

വ്രത സ്വീകരണത്തിന്റെ കാൽനൂറ്റാണ്ട് തികയുന്ന സമയത്താണ് ഇരിങ്ങാലക്കുട ആസാദ് റോഡിലെ സൈക്കിൾ കടക്കാരന് വൃക്ക ദാനംചെയ്തത്. വിരമിക്കും മുമ്പ് പെരുവല്ലിപ്പാടത്ത് അഞ്ചുവർഷം വിളവിറക്കി കൊയ്ത്തും നടത്തിയിരുന്നു. പാടത്തുനിന്ന് വിളവെടുക്കുന്നതും പെൻഷൻ കിട്ടുന്നതുമെല്ലാം പാവങ്ങൾക്കാണ്.  പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ബാധിതർക്ക് ഒരു ലോറി സാധനങ്ങളാണ് സിസ്റ്റർ എത്തിച്ചത്. രക്തദാനം, വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കൽ തുടങ്ങി സാമൂഹിക സേവനങ്ങളുമുണ്ട്.
നെല്ലും വളവും കൊണ്ടുവരാൻ കാർ വാങ്ങി ഡ്രൈവിങ് പഠിച്ചു. ജീവാമൃതം തയ്യാറാക്കാൻ കാസർകോട് കുള്ളൻ പശുവിനെയും വാങ്ങി. 125 ഏക്കറിലെ കാർഷിക കർമസേനയുടെ നെൽക്കൃഷിക്ക് പ്രചോദനവും മാർഗദർശിയും സിസ്റ്ററാണ്. കൃഷിയിടത്തിന് സമീപത്തെ വീട്ടിലാണ് താമസം.

കടപ്പാട്

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment