ദിവ്യബലി വായനകൾ 21st Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ,23/8/2020

21st Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 85:1-3

കര്‍ത്താവേ, എന്നിലേക്കു ചെവിചായ്ച്ച് എന്നെ ശ്രവിക്കണമേ.
എന്റെ ദൈവമേ, അങ്ങില്‍ പ്രത്യാശിക്കുന്ന
അങ്ങയുടെ ദാസനെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നോട് കരുണ കാണിക്കണമേ.
എന്തെന്നാല്‍, ദിവസംമുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.

സമിതിപ്രാര്‍ത്ഥന

വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങയുടെ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 22:19-23
ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും.

സൈന്യങ്ങളുടെ കര്‍ത്താവ് കൊട്ടാരം വിചാരിപ്പുകാരനായ ഷെബ്‌നായോടു അരുളിച്ചെയ്യുന്നു:

നിന്റെ പദവിയില്‍ നിന്നു ഞാന്‍ നിന്നെ നിഷ്‌കാസനം ചെയ്യും.
നിന്റെ സ്ഥാനത്തുനിന്നു നിന്നെ ഞാന്‍ താഴെയിറക്കും.
അന്ന് എന്റെ ദാസനും ഹില്‍ക്കിയായുടെ പുത്രനുമായ
എലിയാക്കിമിനെ ഞാന്‍ വിളിക്കും.
നിന്റെ അങ്കിയും അരപ്പട്ടയും അവനെ ഞാന്‍ ധരിപ്പിക്കും.
നിന്റെ അധികാരം അവന്റെ കരങ്ങളില്‍ ഞാന്‍ ഏല്‍പ്പിക്കും.
ജറുസലെം നിവാസികള്‍ക്കും യൂദാഭവനത്തിനും
അവന്‍ പിതാവായിരിക്കും.
ദാവീദുഭവനത്തിന്റെ താക്കോല്‍
അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും.
അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ
അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.
ഒരു കുറ്റിപോലെ ഉറപ്പുള്ള സ്ഥാനത്ത്
ഞാന്‍ അവനെ സ്ഥാപിക്കും.
അവന്‍ പിതൃഭവനത്തിനു
മഹത്വത്തിന്റെ സിംഹാസനമായി ഭവിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 138:1-2,2-3,6,8

കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു;

കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍ ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.

കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു;
അഹങ്കാരികളെ അവിടുന്ന് അകലെ വച്ചു തന്നെ അറിയുന്നു.
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്;
അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

രണ്ടാം വായന

റോമാ 11:33-36
എല്ലാം അവിടുന്നില്‍ നിന്ന്, അവിടുന്നു വഴി, അവിടുന്നിലേക്ക്.

ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്‌ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം! എന്തെന്നാല്‍, ദൈവത്തിന്റെ മനസ്സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്? തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്? എന്തെന്നാല്‍, എല്ലാം അവിടുന്നില്‍ നിന്ന്, അവിടുന്നു വഴി, അവിടുന്നിലേക്ക്. അവിടുത്തേക്ക്‌ എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 16:13-20
നീ പത്രോസാണ്, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും.

അക്കാലത്ത്, യേശു കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവന്‍, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്മാരോടു കല്‍പിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കുവേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങയുടെ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 103:13-15

കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.
Or:
cf. യോഹ 6: 54

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തിന്റെ സമ്പൂര്‍ണഔഷധം
ഞങ്ങളെ ഫലമണിയിക്കുകയും
കാരുണ്യപൂര്‍വം പൂര്‍ണതയിലെത്തിക്കുകയും
ഞങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, എല്ലാറ്റിലും അങ്ങയെ പ്രസാദിപ്പിക്കാന്‍
ഞങ്ങള്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment