പാക്കിസ്ഥാന്റെ ക്രിസ്ത്യൻ വിരുദ്ധതയ്ക്കും ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിനും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തോളം പഴക്കം ഉണ്ട്. ക്രൈസ്തവരുടെ മേലുള്ള അതിക്രമങ്ങൾക്കു ആക്കം കൂട്ടാൻ മതനിന്ദാ കുറ്റത്തിന്റെ വശം പിടിച്ചു നടത്തിയ ശ്രമങ്ങളില്‍ ലോകശ്രദ്ധയിലേയ്ക്ക് കൂടുതൽ എത്തിയത് ആസിയ ബീവിയുടെ സംഭവത്തോടെയാണ്. എങ്കിൽ തന്നെയും അതിനു മുമ്പേ തന്നെ വ്യാജ മതനിന്ദാകുറ്റം ചുമത്തി പീഡിപ്പിക്കപ്പെട്ട നിരവധി ക്രൈസ്തവർ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കാനാവാത്ത ഒരു യാഥാർഥ്യം തന്നെ. 1990 -കൾ മുതൽ ഇതരമതസ്ഥർക്ക് മേൽ വ്യക്തി വൈരാഗ്യം തീർക്കാൻ പോലും മതനിന്ദാകുറ്റം മുസ്ലീങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.
2000 -ന് ശേഷം ക്രിസ്ത്യൻ ന്യൂനപക്ഷത്തിനുമേൽ ഉള്ള പാക്ക് മുസ്ലീങ്ങളുടെ5 ആക്രമണം വർധിച്ചതായിട്ടാണ് റിപ്പോർട്ട്. 2001 -ൽ ടാക്‌സില നഗരത്തിലെ ഒരു ക്രിസ്ത്യൻ മിഷൻ ആശുപത്രിക്കുള്ളിൽ ചാപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. അതിനു ഏതാനും മാസങ്ങൾക്ക് ശേഷം തോക്കുധാരികൾ ഏതാനും ക്രിസ്ത്യൻ ചാരിറ്റി പ്രവര്‍ത്തകരെ കറാച്ചിയിലെ ഓഫീസിൽ വച്ച് കൊലപ്പെടുത്തി. അടുത്ത ആക്രമണം നടക്കുന്നത് 2005 ലാണ്. ഫൈസലാബാദിൽ ഖുറാന്റെ പേജുകൾ കത്തിച്ചു എന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് നൂറു കണക്കിന് ക്രൈസ്തവർക്കാണ് തങ്ങളുടെ വീടും സ്വത്തും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നത്. അന്നത്തെ ആക്രമണത്തിൽ ക്രിസ്ത്യൻ സ്‌കൂളും ദൈവാലയവും തീവ്ര മുസ്ലിം വിശ്വാസികൾ അഗ്നിക്കിരയാക്കിയിരുന്നു.
2009 ൽ പഞ്ചാബിലെ ഗോജ്ര പട്ടണത്തിൽ 40 ഓളം വീടുകളും പള്ളിയും തീവ്ര മുസ്ലിം വിഭാഗങ്ങൾ കത്തിച്ചപ്പോൾ ജീവനോടെ ചുട്ടെരിച്ചത് എട്ടു ക്രൈസ്തവരെയാണ്. ലോകം കണ്ണീർവാർത്ത സംഭവങ്ങളില്‍ ഒന്നായി അതും അവശേഷിച്ചു. എന്നാൽ അതും കൊണ്ടും അവസാനിച്ചില്ല പാക്കിസ്ഥാനിലെ അതിക്രമണങ്ങൾ. 2013 -ൽ പെഷ്‌വാറിലെ ദൈവാലയത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ 80 പേരാണ് കൊല്ലപ്പെട്ടത്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയും ഭരണപക്ഷം സ്വീകരിച്ചില്ല. 2015 മാർച്ചിൽ ലാഹോറിലെ പള്ളികളിൽ നടന്ന രണ്ട് ബോംബ് സ്ഫോടനങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 മാർച്ചിൽ ലാഹോർ കളിസ്ഥലത്ത് ഈസ്റ്റർ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ചാവേർ ആക്രമണത്തിൽ 70 പേർ മരിക്കുകയും 340 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ക്രൈസ്തവരുടെ സംരക്ഷണത്തിനായി മുറവിളി രാജ്യമെമ്പാടും ഉയർന്നു. ഏറ്റവും അടുത്തായി 2017 ഡിസംബറിൽ ക്വറ്റയിലെ ഒരു പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മതനിന്ദാക്കുറ്റം ചുമത്തി ധാരാളം നിരപരാധികളായ ക്രൈസ്തവർ പാക്ക് ജയിലുകളിൽ കഴിയുന്നുണ്ട് എന്നുള്ളതായ റിപ്പോർട്ടുകളും പുറത്തു വന്നത് അടുത്തിടെയാണ്. 2010 -ൽ ആണ് വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി ആസിയ ബീബിയെ വ്യാജ കേസിൽ കുടുക്കിയത്. ആസിയയ്ക്കായി ലോകം ഉയർത്തിയ ശബ്ദം ഫലം കണ്ടു എന്ന് മാത്രമല്ല സമാനമായ സാഹചര്യത്തിൽ പലരും ജയിലുകളിൽ കഴിയുന്നുണ്ട് എന്ന കണ്ടെത്തലിലേയ്ക്കും അത് വഴി തെളിച്ചു.
പാക്ക് നിയമത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ പാക്കിസ്ഥാൻ ന്യൂനപക്ഷകാര്യ മന്ത്രിയും ക്രിസ്ത്യൻ നേതാവുമായ ഷഹബാസ് ഭട്ടിയെ 2011 -ൽ താലിബാൻ കൊലപ്പെടുത്തി. മേല്‍പറഞ്ഞവ ചില പ്രധാന സംഭവങ്ങളാണെന്നിരിക്കെ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ അനുദിനം പാക്കിസ്ഥാനിൽ അരങ്ങേറുന്നുണ്ട്. പലപ്പോഴും അത് ഭരണകൂടത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടികൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിക്കുകയും മതം മാറ്റുകയും ചെയ്യുന്ന പ്രവണതകൾ ഏറി വരുന്നുണ്ട്. അതിനു ഉദ്ദാഹരമാണ് മൈറ എന്ന പതിനാലുകാരിയുടെ കേസ്.
2014 -ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍ രാജ്യത്തു ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും, പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി കൊണ്ടിരിക്കുന്നതായി വെളിപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിനു അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
14 വയസ്സു പ്രായമുള്ള ഹുമ യൂനസ് എന്ന കത്തോലിക്കാ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ മതംമാറ്റി വിവാഹം കഴിച്ച കേസ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ ഹൈക്കോടതി 2020 ഫെബ്രുവരി 3-ന് നിഷ്കരുണം തള്ളിക്കളഞ്ഞു. കറാച്ചിയിലെ സിയാ കോളനിയില്‍ വീട്ടില്‍ തനിച്ചായിരുന്ന ഹുമാ യൂനസിനെ ഭവനഭേദനത്തിലൂടെയാണ് തട്ടിയെടുത്തത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള അബ്ദുള്‍ ജബ്ബാറാണ് 2019 ഒക്ടോബര്‍ 10-ന് അവളെ പിടിച്ചുകൊണ്ടുപോയത്. നാലു മാസങ്ങള്‍ക്കു ശേഷം സിന്ധ് പ്രവിശ്യയുടെ ഹൈക്കോടതയില്‍ കേസെടുത്തപ്പോള്‍ കേവലം അഞ്ച് മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന നടപടിക്രമത്തില്‍ ഇസ്ലാമിക നിയമമായ ശരിയയില്‍ നിന്ന് ഏതാനും വാക്കുകള്‍ ഉച്ചരിച്ച ജഡ്ജി പെണ്‍കുട്ടിയുടെ ആദ്യ ആര്‍ത്തവചക്രം പൂര്‍ത്തിയായതിനാല്‍ അവളുടെ വിവാഹം സാധുവാണെന്ന് വിധിച്ചു. പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുക്കാതെയും അവളെയോ അവളുടെ വക്കീലിനെയോ കേള്‍ക്കാതെയോ പുറപ്പെടുവിച്ച ആ വിധി അന്താരാഷ്ട്രതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല.
14 വയസ് മാത്രം പ്രായമുണ്ടായിരുന്ന മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഈ ദിവസങ്ങളില്‍ നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മരിയ ഷഹബാസ്. ഫൈസലാബാദിലെ മദീന ടൗണിലാണ് അവളുടെ ഭവനം. വീട്ടിലേക്ക് നടന്നുപോകുന്ന വഴിയില്‍ വച്ചാണ് മുഹമ്മദ് നകാഷ് എന്ന മുസ്ലീം പുരുഷന്‍ മറ്റു രണ്ടുപേരോടൊപ്പം കാറിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി അവളെ തട്ടിക്കൊണ്ടുപോയത്. കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിച്ച അവരുടെ അടുക്കലേക്ക് ചെല്ലാന്‍ കണ്ടുകൊണ്ടു നിന്നവര്‍ ധൈര്യപ്പെട്ടില്ല. വിവാഹിതന്‍ കൂടിയായിരുന്ന മുഹമ്മദ് നകാഷിന്‍റെ വീട്ടില്‍ മരിയ തടവിലാക്കപ്പെട്ടു. വിവരമറിഞ്ഞ മാതാപിതാക്കന്മാര്‍ മകളെ മോചിപ്പിക്കാന്‍ തങ്ങള്‍ക്കറിയാവുന്ന അധികാരകേന്ദ്രങ്ങളെയെല്ലാം സമീപിച്ചു. അന്വേഷണം നടക്കുന്നുവെന്നും വിവരങ്ങളറിഞ്ഞുവരുന്നുവെന്നുമെല്ലാമായിരുന്നു മറുപടി.
തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ പേരില്‍ നല്കിയ പരാതി പോലീസ് രജിസ്റ്റര്‍ ചെയ്യുകയും കേസ് ഫൈസലാബാദ് ജില്ലാ സെഷന്‍സ് കോടതിയിലെത്തുകയും ചെയ്തു. നകാഷിന്‍റെ തടവറയിലുള്ള മകളെ തിരിച്ചുകിട്ടണമെന്നതായിരുന്നു മാതാപിതാക്കളുടെ ഏകആവശ്യം. എന്നാല്‍ കോടതയിലെത്തിയ മുഹമ്മദ് നകാഷിന്‍റെ വാദം തികച്ചും വിചിത്രമായിരുന്നു. മരിയയെ താൻ വിവാഹം കഴിച്ചെന്നും അവൾ ഇതിനകം മതം മാറിയെന്നുമുള്ള രേഖകള്‍ അയാള്‍ കോടതിക്ക് നല്കി. കെട്ടിച്ചമച്ച പ്രസ്തുത തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭാര്യയെ കൂടെ താമസിപ്പിക്കുന്നത് തട്ടിക്കൊണ്ടു പോകലോ തടവിൽ പാർപ്പിക്കലോ അല്ലെന്ന് അയാള്‍ വാദിച്ചു. മാത്രവുമല്ല പെൺകുട്ടിക്കു 19 വയസായെന്നു സ്ഥാപിക്കുന്ന സർട്ടിഫിക്കറ്റുകളും അയാള്‍ വ്യാജമായി നിര്‍മ്മിച്ച് ഹാജരാക്കി.
മുഹമ്മദിന്‍റെ വ്യാജതെളിവുകള്‍ക്കെതിരേ, മരിയയ്ക്ക്14 വയസ്സു മാത്രമേയുള്ളുവെന്ന അവളുടെ പ്രായം തെളിയിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റും സ്കൂള്‍ രേഖകളും മാതാപിതാക്കന്മാര്‍ കോടതയില്‍ ഹാജരാക്കി. എങ്കിലും ലാഹോര്‍ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ വീണ്ടും മുഹമ്മദ് നകാഷ് സമര്‍പ്പിച്ച വ്യാജരേഖകള്‍ ആധാരമാക്കി മരിയക്ക് പ്രായപൂര്‍ത്തിയായെന്നും അവള്‍ മതം മാറിയെന്നും അവള്‍ അയാളുടെ ഭാര്യയാണെന്നും കോടതി സമ്മതിച്ചു. മരിയയുടെ മാതാപിതാക്കന്മാര്‍ സമര്‍പ്പിച്ച മരിയയുടെ പ്രായം തെളിയിക്കുന്നതടക്കമുള്ള യഥാര്‍ത്ഥരേഖകള്‍ തള്ളിയശേഷമാണ് ഹൈക്കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്. വിധികേട്ട മരിയ കോടതിമുറിയില്‍ തന്നെ കണ്ണീര്‍വാര്‍ത്തു. നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ടിരിക്കുന്ന ആ പെണ്‍കുട്ടിയോട് വിധി പ്രസ്താവിച്ച ജഡ്ജി രാജാ മുഹമ്മദ് സാഹിദ് അബ്ബാസി സ്നേഹരൂപേണയെന്നോണം പറഞ്ഞ മനുഷ്യത്വരഹിതമായ വാക്കുകളിതായിരുന്നു – ഇനിയൊരു നല്ല ഭാര്യയായിരിക്കുക…
മരിയ ഷബാസ് എന്ന 14 വയസുകാരി ക്രിസ്ത്യന്‍ പെൺകുട്ടിക്ക് എതിരായ വിധി വന്നപ്പോള്‍ കുടുംബ സുഹൃത്തും അഭിഭാഷകനുമായ വക്കീല്‍ പറഞ്ഞു: “ഈ വിധിയോടെ ഇവിടെ ഒരു ക്രിസ്ത്യൻ പെൺകുട്ടിയും സുരക്ഷിതയല്ല:” പാക്കിസ്ഥാനിലെ ക്രിസ്തീയ പീഡനങ്ങളുടെ നാള്‍വഴി വായിക്കുക…
പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിക്കൊപ്പം പെൺകുട്ടിയെ അയക്കാൻ ഉള്ള കോടതി വിധി ലോകമെമ്പാടും ഉള്ള ക്രൈസ്തവർ ഏറെ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഒരു പെൺകുട്ടിയോട് ചെയ്യാവുന്ന ക്രൂരതകൾ ഒക്കെ ചെയ്തിട്ടും ഇസ്ലാം മതസ്ഥനായ പ്രതിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച കോടതിയോട് ലോകം ചോദിക്കുകയാണ്, ഇത് നീതിയോ? എന്നാൽ അത് കേൾക്കാൻ തയ്യാറല്ലാത്ത വിധം നീതിന്യായ വിഭാഗം ചെവിയടച്ചിരിക്കുകയാണ് മതന്യൂനപക്ഷങ്ങൾക്കു നേരെ.
ഹുമയുടെയും മരിയയുടെയും ആസിയാ ബീവിയുടെയും പോലെ പേരില്ലാത്ത അനേകം പാവപ്പെട്ടവരുടെ കണ്ണീരാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലുമെന്നതുപോലെ പാക്കിസ്ഥാനിലും അടര്‍ന്നുവീഴുന്നത്. ഈ കണ്ണീര്‍ത്തുള്ളികള്‍ ഹൃദയമുള്ള മനുഷ്യരുടെ നെഞ്ചിലെ തീയാണ്. അക്രമികളും അധര്‍മ്മികളും അധികാരം കൈയ്യാളുന്ന ഇടങ്ങളില്‍ ദുര്‍ബലരും പരസ്നേഹത്തിന്‍റെ ക്രിസ്തുസാക്ഷികളുമായ ക്രൈസ്തവന്യൂനപക്ഷം ഞെരിച്ചമര്‍ത്തപ്പെടുന്നു. ഇല്ലാതാക്കപ്പെടുന്നു. അവരെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളില്‍ രക്തം വിയര്‍ത്ത മിശിഹായോടൊപ്പം ഈ സങ്കടഗദ്സെമനിയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം.
സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിറക്കപ്പെട്ട ഹുമ യൂനസും പെരുവഴിയില്‍ നിന്ന് അപഹരിക്കപ്പെട്ട മരിയ ഷഹബാസും 2020-ാമാണ്ടിലെ ലോകക്രൈസ്തവികതയുടെ പ്രതീകമാണ്. വിശ്വാസത്തില്‍ നമ്മള്‍ ദുര്‍ബലപ്പെടുന്ന കാലത്ത്, എണ്ണത്തില്‍ നമ്മള്‍ കുറഞ്ഞുപോകുന്ന ദേശത്ത് സ്വഭവനത്തില്‍ നിന്നും തെരുവീഥികളില്‍ നിന്നും നാം തട്ടിയെടുക്കപ്പെടാം എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍. പാകിസ്ഥാനില്‍ ബലം പ്രയോഗിച്ച് നേടിയെടുക്കുന്നത് കേരളത്തിലും മറ്റു പലയിടങ്ങളിലും പ്രണയം നടിച്ചാണ് സാധിച്ചെടുക്കുന്നത് എന്നത് മാത്രമാണ് ഏകവ്യത്യാസം. ക്രൈസ്തവര്‍ ക്രിസ്തുസാക്ഷ്യത്തിന്‍റെ ജീവിതബോദ്ധ്യത്താല്‍ കൂട്ടായ്മയില്‍ കരുത്തരും സാഹചര്യങ്ങളെക്കുറിച്ച് കരുതലും ഉള്ളവരാകണം. ചരിത്രപഠനങ്ങളും ഇതരക്രൈസ്തവസമൂഹങ്ങളുടെ അതിജീവനപ്രതിസന്ധികളെ പരിചയപ്പെടലും അതിനു സഹായകമാകും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Fr. Noble parackal

Leave a comment