പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.(മത്തായി 1:24)” കരുണയുള്ള കർത്താവെ, അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കുന്നു. ജീവിതത്തിലെ കൊടുങ്കാറ്റുകൾ ഞങ്ങളെ കടപുഴക്കി ഏറിയും എന്ന് ഭയന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ കരുണ അപ്പോഴെല്ലാം താങ്ങി നിർത്തി. എത്രയോ മനോഹരമായി അവിടുന്ന് ഞങ്ങളെ പരിപാലിച്ചു. ദുഃഖത്തിന്റെ നിമിഷങ്ങളിൽ അങ്ങയുടെ സ്നേഹം കരുതലായി. എല്ലാം തകർന്നു എന്ന് തോന്നിയപ്പോൾ പ്രത്യാശ കൂട്ടായി മാറി. പിതാവേ മഹാമാരിയുടെ ഈ കാലയളവിൽ പതറാതെ പിടിച്ചു നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവപദ്ധതികളോട് കലഹിക്കാതെ ചേർന്ന് നില്ക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഇന്നേ ദിനത്തിൽ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവെ അങ്ങയുടെ കരുണ അവർക്ക് അനുഭവ വേദ്യം ആകട്ടെ. വിദേശ രാജ്യങ്ങളിൽ ജോലി തേടി അലയുന്നവരെ പ്രത്യകം ഓർക്കുന്നു. നാടിൻറെ പച്ചപ്പ് ഇല്ലാത്ത, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ പിന്തുണ ഇല്ലാത്ത, വേദന നിറഞ്ഞ ദിനങ്ങളിൽ കൂടെ കടന്നു പോകുന്നവർ ഉണ്ട്. നാഥാ അങ്ങയുടെ സ്നേഹത്തിൽ അവരെ പൊതിയണമേ. ജോലി ലഭിയ്ക്കുവാൻ ഉള്ള തടസങ്ങൾ മാറ്റണമേ. പരിശുദ്ധ ആത്മാവിന്റെ ദാനങ്ങൾ കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. കോവിഡ് മഹാമാരിയിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസം ഏകണമേ. ഞങ്ങളുടെ കുഞ്ഞുമക്കളെ ആശീർവദിക്കണമേ. ഭവനങ്ങളിൽ പഠിക്കുവാൻ ആവശ്യമായ സാഹചര്യവും അന്തരീക്ഷവും ഉണ്ടാകുവാൻ ഇടയാകട്ടെ. ദൈവ പിതാവിന്റെ കൃപ ഞങ്ങളുടെ ഭവനങ്ങളിൽ നിറയപ്പെടട്ടെ. ഈശോയെ, കുടുംബനാഥൻ മരിച്ചു പോയതോ, രോഗിയായി മാറിയതോ കൊണ്ട് വേദന അനുഭവിക്കുന്ന കുടുംബങ്ങളിൽ അങ്ങയുടെ കരുതൽ അനുഭവവേദ്യമാകട്ടെ. കോവിഡ് ബാധിച്ചു ആശങ്കയിൽ കഴിയുന്നവർക്ക് ആശ്വാസം പകരണമേ. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി രോഗികളെ ചികിൽസിക്കുവാൻ ഞങ്ങളുടെ അധികാരികൾക്ക് കഴിയുമാറാകട്ടെ. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഔസേപ്പ് പിതാവേ, തൊഴിൽ സ്ഥലത്തു പീഡനങ്ങൾ ഏൽക്കുന്നവരെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. തൊഴിൽ ചെയ്യുവാൻ ആവശ്യമായ സാഹചര്യങ്ങൾ ഇല്ലാതെ വേദനിക്കുന്നവരെ സഹായിക്കുവാൻ അവിടുത്തെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ. ജോലിയുടെ ഭാഗമായി പ്രവാസിയായി കഴിയുന്നവർക്ക് ഔസേപ്പ് പിതാവേ അങ്ങയുടെ മാദ്ധ്യസ്ഥം അനുഗ്രഹ പ്രദാനം ആയി തീരട്ടെ. ആമേൻ

വിശുദ്ധ ഔസേപ്പ് പിതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment