മാധ്യമങ്ങളിലും സിനിമകളിലും ക്രൈസ്തവ സമൂഹം ആക്രമണം നേരിടുകയാണെന്ന് മുന്‍ പോലീസ് മേധാവി സിബി മാത്യൂസ് ഐപിഎസ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ക്രൈസ്തവ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ മാധ്യമങ്ങളില്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനെ ഫലപ്രദമായി തടയുവാനോ പ്രതിരോധിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. എന്താണ് നടക്കുന്നത്, എന്താണ് വാസ്തവങ്ങള്‍, പുറമെ നിന്നുള്ള ആക്രമണങ്ങള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നതൊന്നും വിശദീകരിക്കാന്‍ കഴിയുന്നില്ല. ഇത് നമ്മുടെ പോരായ്മ തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ കാര്യമായ സ്വാധീനവും ഇന്നില്ല. കുറെ എംഎല്‍എമാര്‍ ക്രൈസ്തവരായി ഉണ്ട് എന്നതിനപ്പുറം സഭയ്ക്കുവേണ്ടി സംസാരിക്കാന്‍ ആരെയും കാണുന്നില്ല. താന്‍ ക്രൈസ്തവരുടെ ആളാണെന്ന് ബ്രാന്റ് ചെയ്യപ്പെടും എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതയിലെ അഭിമുഖത്തില്‍ സിബി മാത്യൂസ് ചൂണ്ടിക്കാട്ടി.
സന്യസ്തരെ അവഹേളിക്കുന്ന നിരവധി സിനിമകള്‍ ഇറങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ക്രൈം ഫയല്‍ എന്ന സിനിമ എത്രയോ തവണയാണ് ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അടുത്ത കാലത്ത് ഇറങ്ങിയ വിശുദ്ധന്‍ എന്ന സിനിമയും ഇത്തരത്തിലുള്ളതായിരുന്നു. വളരെ അപഹാസ്യമായ രീതിയിലാണ് വൈദികരുടെയും സന്യസ്തരുടെയും ജീവിതത്തെപ്പറ്റിയും സഭയെപ്പറ്റിയും അവയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കുമ്പസാരക്കൂടിനെയും കുമ്പസാരത്തെയും അവഹേളിക്കുന്ന ചിത്രീകരണങ്ങളുണ്ടായി. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും സഭയും വിശ്വാസികളും മിണ്ടിയില്ല. ഇതൊക്കെ വിശ്വാസികള്‍ വിശ്വസിച്ചുവെന്ന് കരുതുന്നില്ല. പക്ഷെ പുറത്തുള്ളവര്‍ക്ക് തെറ്റിദ്ധാരണയുണ്ടാകും.
റോമന്‍സ് എന്ന സിനിമ കണ്ടിരുന്നു. എത്ര പരിഹാസ്യമായിട്ടാണ് വൈദികരെ അവതരിപ്പിച്ചിരിക്കുന്നത്. മെത്രാനെ തെരഞ്ഞെടുക്കുന്നത് അച്ചന്മാര്‍ വോട്ടുചെയ്തിട്ടാണ് എന്നുവരെ കാണിച്ചു. എല്ലാം സഹനമായി കാണാമെങ്കിലും ഇത്ര മാത്രം സഹിക്കേണ്ട കാര്യമില്ല. കാരണം കാണുന്നവര്‍ ഇതൊക്കെ ശരിയാണെന്നാണ് വിചാരിക്കുക. എന്തും കാണിക്കാമോ ഈ രാജ്യത്ത്. വെറെ ഒരു മതത്തില്‍പ്പെട്ട കാര്യമാണ് ഇങ്ങനെ അവതരിപ്പിക്കുന്നതെങ്കില്‍ എന്താകും അവസ്ഥ. കത്തോലിക്കാ സഭയിലെ വൈദികരെയും സന്യസ്തരെയും സഭയുടെ സമ്പ്രദായങ്ങളെയും ബിഷപ്പുമാരെയും കുറിച്ച് ആരെന്തു പറഞ്ഞാലും ചോദിക്കാനാരുമില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത് ശരിയല്ല. അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാവുക തന്നെ വേണം. നിയമങ്ങളും കോടതിയും മാര്‍ഗ്ഗങ്ങളും ഉപയോഗിക്കണം. അദ്ദേഹം വിശദീകരിച്ചു.
സിബി മാത്യൂസ് സാറിന് ഐക്യദാർഢ്യം


Leave a comment