പ്രഭാത പ്രാർത്ഥന
“എന്റെ മനസ്‌സു നുറുങ്ങിയിരിക്കുന്നു; എന്റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു. പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്‌സഹായനായി നോക്കിയിരിക്കുന്നു. അങ്ങുതന്നെ എനിക്കു ജാമ്യം നില്‍ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യം നില്‍ക്കുക? (ജോബിന്റെ പുസ്തകം, 17:1-3)” നല്ല ഈശോയെ, കോവിഡ് മഹാമാരി ഞങ്ങളെ വരിഞ്ഞു മുറുക്കുന്ന ഈ ദിനങ്ങളിൽ അങ്ങയുടെ കരുണയിൽ ആശ്രയിച്ചു പ്രാർത്ഥിക്കുന്നവരെ കൈവിടരുതേ. നാഥാ, ഉപജീവന്മാർഗ്ഗങ്ങൾ പോലും അടഞ്ഞു പോവുകയും, സഞ്ചാര സ്വാതന്ത്ര്യം നിഷിദ്ധമാകുകയും, ഭയം പിന്തുടരുകയും ചെയ്യുന്ന ഈ നാളുകളിൽ അങ്ങയുടെ രക്ഷയെ ശാന്തമായി കാത്തിരിക്കുവാൻ സഹായിക്കണമേ. ഈ ദുർഘടനാളുകൾ കടന്നു പോകുമെന്ന് എപ്പോഴും ഓർക്കുവാൻ ഇടയാക്കണമേ. ഞങ്ങൾക്ക് അജ്ഞാതമായ കാരണങ്ങൾ കൊണ്ട് കടന്നു വരുന്ന സഹനങ്ങളെ ദൈവത്തോട് ചേർന്ന് നിന്ന് നേരിട്ട് രക്ഷ പ്രാപിക്കുവാൻ കൃപ നല്കണമേ. പരിശുദ്ധ ആത്മാവിന്റെ സ്നേഹവും സന്തോഷവും ഞങ്ങളുടെ ജീവിതങ്ങളിൽ നിറയപ്പെടട്ടെ. ഈ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം ദൈവ പദ്ധതി ആണെന്നും ചില സമയങ്ങളിൽ ദുഷ്ടൻ ഞങ്ങൾക്ക് തിന്മ ഭവിപ്പിക്കുമെങ്കിലും അതിൽ നിന്നും ദൈവം മോചിപ്പിക്കുമെന്നും അറിഞ്ഞു അങ്ങയിൽ പരിപൂർണ്ണമായി ആശ്രയിക്കുവാൻ അനുഗ്രഹം നൽകണമേ. നല്ല ഈശോയെ, കടലമ്മ കനിഞ്ഞിട്ടും മൽസ്യം വിൽക്കുവാൻ ആകാത്തവരെയും, ബിസിനസ് തകർച്ച നേരിടുന്നവരെയും, ഓട്ടോ, ടാക്സി തൊഴിലാളികൾ എന്നിവരെയും, ദൈനം ദിന ജോലികളിൽ ഏർപ്പെടുന്നവരെയും പ്രത്യകമായി അങ്ങയുടെ സവിധേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കരുണ ആയിരിക്കണമേ. പ്രതിസന്ധിയുടെ ഈ നാളുകൾ തരണം ചെയ്യുവാൻ അവരെ സഹായിക്കണമേ. വിവേകത്തോട് കൂടി പ്രവർത്തിക്കുവാൻ അനുഗ്രഹം നൽകണമേ. നാഥാ, സഹോദരരുടെ കണ്ണ് നീരൊപ്പുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുവാൻ ഞങ്ങളെ സഹായിക്കണമേ. ക്രിസ്തുവിന്റെ സ്നേഹത്തിൽ കൂടുതൽ വളരുവാനും, അവന്റെ കൃപയിൽ ആശ്രയിച്ചു കൊണ്ട് മുന്നേറുവാനും പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ദൈവത്തിൽ നിന്നുമുള്ള സന്തോഷം ഞങ്ങൾക്ക് അനുഭവവേദ്യമാകട്ടെ. ആമേൻ
വിശുദ്ധ മാക്സ്മില്ല്യൻ കോൾബെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment