മരിയ ഷഹ്ബാസ്: മനുഷ്യാവകാശ സംഘടനകളുടെ നിലപാട് പ്രതിഷേധാര്‍ഹമെന്ന് കെ‌സി‌ബി‌സി

കൊച്ചി: മരിയ ഷഹ്ബാസ് എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിക്കു നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരേ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുമ്പോഴും നിശബ്ദത തുടരുന്ന പാക്കിസ്ഥാന്റെ സമീപനവും ഇടപെടാന്‍ മടിക്കുന്ന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും നിലപാടുകളും പ്രതിഷേധാര്‍ഹമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.

പാക്കിസ്ഥാനില്‍, അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ക്കുനേരേ നടക്കുന്ന അതിക്രമങ്ങള്‍ എണ്ണമറ്റതാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നിരവധി പെണ്‍കുട്ടികളുടെ വ്യത്യസ്തങ്ങളായ ദുരന്തകഥകള്‍ ലോകമെമ്പാടും ചര്‍ച്ചയായിട്ടും ശക്തമായി പ്രതികരിക്കാന്‍ ആഗോള മതേതരസമൂഹം തയാറാകാത്തത് ഖേദകരമാണ്.

സമാനസ്വഭാവമുള്ള സംഭവങ്ങള്‍ പ്രണയക്കെണികളുടെ രൂപത്തില്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന വാസ്തവവും കൂടുതല്‍ ജാഗ്രതയോടെ പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആശങ്കകള്‍ അറിയിക്കുന്നതിനൊപ്പം കേരളത്തിലെ മതേതരസമൂഹത്തിന്റെയും ലോകരാഷ്ട്രങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും അടിയന്തരശ്രദ്ധ വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment