ഉണർന്നെഴുന്നേൽക്കുമ്പോൾ…
എനിക്ക് വിശക്കുമ്പോഴും ദാഹിക്കുമ്പോഴും നെഞ്ചിനുള്ളിലെ കാസയും പീലാസയും കയ്യിലെടുത്തു എനിക്കുനേരെ നീട്ടിപ്പിടിച്ചുകൊണ്ടു ‘ഇത് നിനക്കായ്’ എന്ന് പറഞ്ഞു എനിക്ക് തരുന്ന എന്റെ ഈശോയെ, സുലഭമായി കിട്ടിക്കൊണ്ടിരുന്നപ്പോൾ എന്റെ ജീവിതത്തിൽ ഞാൻ അറിയാതെപോയ ഏറ്റവും വിലപിടിപ്പുള്ള കാര്യം എന്താണെന്ന് വച്ചാൽ, ഈശോയെ, അത് നിന്റെ ദിവ്യബലിയാണ്… വാച്ചു നോക്കിയും ഉറങ്ങിയും ഞാൻ കണ്ടുതീർത്ത ദിവ്യബലികൾ ഇന്നെന്നെ വല്ലാതെ കുത്തിനോവിക്കുന്നുണ്ട്… ദിവ്യകാരുണ്യത്തോട് ഭക്തിയുണ്ടെങ്കിലും അതെനിക്ക് സമ്മാനിക്കുന്ന ദിവ്യബലിയോട് എനിക്കിനിയും ഒരടുപ്പം ഇല്ലെന്നുതന്നെ ഞാൻ കുറ്റസമ്മതം നടത്തുകയാണ് ഈശോയെ… “നീ പറയുന്നു ദിവ്യബലി നീളമേറിയതാണെന്ന്. എന്നാൽ നിന്റെ സ്നേഹം ചെറുതാണ് എന്ന് ഞാൻ അതിനോട് കൂട്ടിക്കിച്ചേർക്കും” എന്ന് പറഞ്ഞ സ്പെയിനിലെ വിശുദ്ധ ജോസ് മരിയ എസ്ക്രീവയും വിയറ്റനാമിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിൽ പാർപ്പിച്ചതിനാൽ വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആരുമറിയാതെ വിശ്വാസികൾ എത്തിച്ചുനൽകിയ ഓസ്തിയും വീഞ്ഞുമുപയോഗിച്ചു തടവറയിലെ സുഷിരത്തിലൂടെ കടന്നുവരുന്ന അരണ്ട വെളിച്ചത്തിൽ കൈവെള്ളയിൽ മൂന്നു തുള്ളി വീഞ്ഞും ഒരു തുള്ളി വെള്ളവും മറുകയ്യിൽ ഓസ്തിയുമായി നീണ്ട പതിമൂന്ന് വർഷം ദിവ്യബലിയർപ്പിച്ച കർദ്ദിനാൾ വാൻ തുവാനും ഒക്കെ ബലിയർപ്പണത്തിന്റെ യഥാർത്ഥ വില എനിക്ക് മനസ്സിലാക്കി തരുന്നുണ്ട്… ദിവ്യബലിയുടെ നേരത്ത് ഫാൻ കറങ്ങുന്നതു ശ്രദ്ധിച്ചും തലയ്ക്കു മുകളിലെ ചിലന്തിവല ഇളകിയാടുന്നതും നോക്കിക്കൊണ്ട്നിന്ന ഞാൻ കുർബ്ബാന സ്വീകരണത്തിനുശേഷം നാവിൽ സ്വീകരിച്ച ദിവ്യകാരുണ്യ ഈശോയോടു അൽപനേരം കൂടി മിണ്ടിയും പറഞ്ഞുമിരിക്കാൻ പെട്ടെന്നുതന്നെ അത് ഭക്ഷിക്കാതെ ദിവ്യബലിക്കുശേഷവും കുറച്ചുനേരം കൂടി നാവിൽതന്നെ സൂക്ഷിച്ചു ഈശോയോടു പ്രാർത്ഥിച്ചിരിക്കാറുണ്ട്… നിത്യാരാധന ചാപ്പലിൽ പോയി ദിവ്യകാരുണ്യ സന്നിധിയിൽ സാഷ്ടാംഗപ്രണാമം നടത്തുന്ന ഞാൻ ചങ്ക് പറിച്ചെടുക്കുന്ന വേദനയോടെ നീ അൾത്താരയിൽ ബലിയർപ്പിക്കുമ്പോൾ അവിടെയും ഇവിടെയും നോക്കിയിരുന്നു ഞായറാഴ്ച്ചക്കടം തീർക്കുമ്പോൾ വെറുമൊരു അപ്പക്കഷണത്തെ എനിക്ക് പിന്നീട് ആരാധിക്കാൻ പറ്റുന്ന വിധത്തിൽ ഈശോയുടെ തിരുശരീരമാക്കി മാറ്റുന്ന ഒരു മായാജാലപ്രവർത്തിയായിട്ടാണോ ഞാൻ ബലിയർപ്പണത്തെ കാണുന്നത് എന്ന് ഇടക്കെന്നോടുതന്നെ ഞാൻ ചോദിക്കാറുണ്ട്… ഈശോയെ, മറ്റൊന്നും എനിക്ക് വേണ്ട, അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതന് പകരം ചോര ചിന്തി സ്വന്തം ഹൃദയം പറിച്ചു ഉള്ളം കയ്യിലേക്ക് വച്ചുതരുന്ന ഈശോയെ സ്വന്തം കണ്ണുകൊണ്ട് കാണുന്ന അനേകരിലൊരുവനായി എന്നെയും മാറ്റേണമേ… ആമേൻ

Leave a comment