🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ, 26/8/2020
Wednesday of week 21 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 85:1-3
കര്‍ത്താവേ, എന്നിലേക്കു ചെവിചായ്ച്ച് എന്നെ ശ്രവിക്കണമേ.
എന്റെ ദൈവമേ, അങ്ങില്‍ പ്രത്യാശിക്കുന്ന
അങ്ങയുടെ ദാസനെ രക്ഷിക്കണമേ.
കര്‍ത്താവേ, എന്നോട് കരുണ കാണിക്കണമേ.
എന്തെന്നാല്‍, ദിവസംമുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
സമിതിപ്രാര്‍ത്ഥന
വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,
അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനും
അങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹം
അങ്ങയുടെ ജനത്തിനു നല്കണമേ.
അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,
എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,
ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 തെസ 3:6-10b,16-18
അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.
അലസതയിലും, ഞങ്ങളില്‍ നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍ ഞങ്ങള്‍ അലസരായിരുന്നില്ല. ആരിലുംനിന്നു ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്കു നല്‍കാനാണ് ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ നിങ്ങളുടെകൂടെ ആയിരുന്നപ്പോള്‍തന്നെ നിങ്ങള്‍ക്ക് ഒരു കല്‍പന നല്‍കി: അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ.
സമാധാനത്തിന്റെ കര്‍ത്താവുതന്നെ നിങ്ങള്‍ക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്‍കട്ടെ. കര്‍ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഈ അഭിവാദനം പൗലോസായ ഞാന്‍ എന്റെ കൈകൊണ്ടുതന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇത് എന്റെ അടയാളമാണ്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 128:1-2,4-5
കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍
നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.
കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും.
കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 23:27-32
നിങ്ങള്‍ പ്രവാചകഘാതകരുടെ മക്കളാണ്.
അക്കാലത്ത്, യേശു അരുളിച്ചെയ്തു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകന്മാര്‍ക്കു ശവകുടീരങ്ങള്‍ നിര്‍മിക്കുകയും നീതിമാന്മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുകയുംചെയ്തുകൊണ്ടുപറയുന്നു, ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ കാലത്തു ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്മാരുടെ രക്തത്തില്‍ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ, നിങ്ങള്‍ പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങള്‍ക്കുതന്നെ എതിരായി സാക്ഷ്യം നല്‍കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ചെയ്തികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുവിന്‍!
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, എന്നേക്കുമായി അര്‍പ്പിക്കപ്പെട്ട ഏകബലിയാല്‍,
ദത്തെടുപ്പിന്റെ ജനതയെ അങ്ങേക്കുവേണ്ടി അങ്ങു നേടിയെടുത്തുവല്ലോ.
അങ്ങയുടെ സഭയില്‍, ഐക്യത്തിന്റെയും സമാധാനത്തിന്റെയും
ദാനങ്ങള്‍ കാരുണ്യപൂര്‍വം അങ്ങ് ഞങ്ങള്‍ക്കു പ്രദാനംചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 103:13-15
കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികളുടെ ഫലങ്ങളാല്‍
ഭൂമി തൃപ്തിയടയുന്നു.
ഭൂമിയില്‍നിന്ന് അപ്പവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും
അങ്ങ് പ്രദാനംചെയ്യുന്നു.
Or:
cf. യോഹ 6: 54
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം
പാനംചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.
അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ കാരുണ്യത്തിന്റെ സമ്പൂര്‍ണഔഷധം
ഞങ്ങളെ ഫലമണിയിക്കുകയും
കാരുണ്യപൂര്‍വം പൂര്‍ണതയിലെത്തിക്കുകയും
ഞങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യണമേ.
അങ്ങനെ, എല്ലാറ്റിലും അങ്ങയെ പ്രസാദിപ്പിക്കാന്‍
ഞങ്ങള്‍ പ്രാപ്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment