ദിവ്യബലി വായനകൾ Saint Augustine, Bishop, Doctor 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 August 28

Saint Augustine, Bishop, Doctor 
on Friday of week 21 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 15:5

സഭാമധ്യേ അവന്‍ അവന്റെ വായ് തുറക്കുകയും
ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യംകൊണ്ട്
കര്‍ത്താവ് അവനെ നിറയ്ക്കുകയും ചെയ്തു;
അവിടന്ന് മഹത്ത്വത്തിന്റെ വസ്ത്രം അവനെ അണിയിച്ചു.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, മെത്രാനായ വിശുദ്ധ അഗസ്റ്റിനെ
സംപൂരിതനാക്കിയ ചൈതന്യം
അങ്ങയുടെ സഭയില്‍ നവീകരിക്കണമേ.
അങ്ങനെ, ഞങ്ങളും അതേ ചൈതന്യത്താല്‍ നിറഞ്ഞ്,
യഥാര്‍ഥ ജ്ഞാനത്തിന്റെ ഉറവിടമായ അങ്ങേക്കായി മാത്രം ദാഹിക്കാനും
സ്വര്‍ഗീയസ്‌നേഹത്തിന്റെ ഉടയവനെ അന്വേഷിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 4:7-16
നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം;
എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണ്.
സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്;
അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു.
സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല.
കാരണം, ദൈവം സ്‌നേഹമാണ്.
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി
ദൈവം അവനെ ലോകത്തിലേക്കയച്ചു.
അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല,
അവിടുന്നു നമ്മെ സ്‌നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം.

പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്‌നേഹിച്ചെങ്കില്‍
നാമും പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല;
എന്നാല്‍, നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും.
അവിടുത്തെ സ്‌നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും.
ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാല്‍
നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു.
പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു;
ഞങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു;
അവന്‍ ദൈവത്തിലും വസിക്കുന്നു.
ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
ദൈവം സ്‌നേഹമാണ്.
സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:9,10,11,12,13,14

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും?
അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്.
പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു;
അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു
ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ!
അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങയുടെ നാവില്‍ നിന്നു പുറപ്പെടുന്ന ശാസനങ്ങളെ
എന്റെ അധരങ്ങള്‍ പ്രഘോഷിക്കും.
സമ്പത്സമൃദ്ധിയിലെന്നപോലെ
അങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 23:8-12
നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ രക്ഷയുടെ സ്മാരകം ആഘോഷിച്ചുകൊണ്ട്,
അങ്ങയുടെ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, കാരുണ്യത്തിന്റെ ഈ കൂദാശ
ഞങ്ങള്‍ക്ക് ഐക്യത്തിന്റെ അടയാളവും
സ്‌നേഹത്തിന്റെ ഉടമ്പടിയുമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
മത്താ 23:10,8

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ, ക്രിസ്തു. നിങ്ങളെല്ലാം സഹോദരന്മാരാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

മത്താ 23:10,8

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ, ക്രിസ്തു. നിങ്ങളെല്ലാം സഹോദരന്മാരാണ്.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment