പുലർവെട്ടം 373

{പുലർവെട്ടം 373}
അവൻ ധരിച്ചിരുന്ന വസ്ത്രത്തേക്കുറിച്ച് ഒരു സൂചന ഒഴിവാക്കിയാൽ – റ്റാലിട് എന്ന അലങ്കാരപ്പുതപ്പ് – യേശുവിന്റെ ആകാരത്തേക്കുറിച്ച് സുവിശേഷസൂചനകളൊന്നും നമുക്ക് ലഭിക്കുന്നില്ല. അയാൾ കുറിയവനായിരുന്നോ, മെല്ലിച്ചതാണോ മേദസുള്ളതാണോ… നമുക്കറിയില്ല. അതുകൊണ്ടുതന്നെ യേശുവിന്റെ ആദ്യകാലചിത്രങ്ങളേക്കുറിച്ച് കാര്യമായ ഗവേഷണങ്ങൾ നടന്നിരുന്നു. അവനെ പ്രതിനിധാനം ചെയ്യുന്ന ആദ്യചിത്രമെന്നു കരുതപ്പെടുന്നത് 1857-ൽ റോമിലെ പാലറ്റൈൻ കുന്നിൽ നടന്ന ഖനനത്തിൽ നിന്നാണ് നമുക്കു ലഭിച്ചത്. അതൊരു ചുവർചിത്രമാണ്. ചക്രവർത്തിയുടെ അധീനതയിലുണ്ടായിരുന്നത് എന്നു കരുതാവുന്ന ഡോമൂസ് ഗെലോഷ്യാന എന്ന ഭവനത്തിന്റെ മറഞ്ഞുപോയ ശേഷിപ്പുകളിലാണ് അജ്ഞാതനായ ഒരാൾ അവനെ കോറിയിട്ടിരിക്കുന്നത്. ഇപ്പോൾ ആ ചുവർകഷണം പാലറ്റൈൻ ഹിൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. നമ്മുടെ സങ്കല്പങ്ങളെ കുറച്ചൊന്ന് നടുക്കുന്ന ഒരു ചിത്രീകരണമാണത്.
ഒരു കുരിശ്, അതിൽ തറച്ചിരിക്കുന്നത് ഒരു കഴുതയേയാണ്. 200 എ. ഡി.യിൽ നിന്നാണ് ഈ ചിത്രം വരുന്നത്. ഇടതുകൈ ഉയർത്തി പ്രാർത്ഥനാഭാവത്തിൽ ഒരാൾ നിൽപ്പുണ്ട്. അതിൽ ഗ്രീക്ക് ഭാഷയിൽ ഇങ്ങനെ അർത്ഥം വരാവുന്ന ഒരു ലിഖിതം കാണാം – ALE XAMENOS WORSHIPS GOD. ആരാണ് ചിത്രത്തിൽ പരിഹസിക്കപ്പെടുന്നതെന്ന് അറിഞ്ഞുകൂടാ. അലെ ക്സാമേനോസാകാം, യേശുവാകാം, അതുമല്ലെങ്കിൽ രണ്ടു പേരുമാകാം. ക്രിസ്തീയധർമ്മത്തിലേക്കു വന്ന ഒരു റോമൻ പടയാളിയെ മറ്റൊരു പടയാളി പരിഹസിക്കാൻ വേണ്ടി കോറിയിട്ടതാണ് ഇതെന്നാണ് ഊഹക്കച്ചവടം. കലയുടെ ചരിത്രത്തിൽ അലെക്സാമേനോസ് ഗ്രാഫിറ്റോ എന്ന പേരിലാണിത് അറിയപ്പെടുന്നത്. വലതുവശത്ത് ഗ്രീക്ക് അക്ഷരമാലയിലെ Tau അടയാളപ്പെടുത്തിയിട്ടുണ്ട്. കുരിശാരോഹണത്തിന്റെ ആദ്യചിത്രം കൂടിയാണിത്. ആറാം നൂറ്റാണ്ടിനു ശേഷമാണ് കുരിശ് ചിത്രകാരന്മാരുടെ വിഷയമായി മാറിയത്.
ക്രിസ്റ്റ്യാനിറ്റിയുടെ ആദ്യനൂറ്റാണ്ടിൽ, കുരിശിലേറ്റപ്പെട്ട ഒരാൾ ആരാധനാവിഷയമാവുക അതിൽത്തന്നെ വലിയ പരിഹാസമുണർത്തിയിരുന്നു. കൂടാതെ, പൊതുവേ ജൂതരേക്കുറിച്ച് ഒരു റോമൻ മിത്തുണ്ടായിരുന്നു, ഓണോലാട്രി- കഴുതയെ ആരാധിക്കലായിരുന്നു അത്. എങ്ങനെയാണ് ആ ആശയം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് നമുക്ക് അറിഞ്ഞുകൂടാ. ഈജിപ്ഷ്യൻ പണ്ഡിതനായ എപിയോൺ ബി.സി. ഒന്നാം നൂറ്റാണ്ടിൽ അതിനെ പരാമർശിച്ചിട്ടുണ്ട്. റ്റെർതൂലിയൻ എന്ന ആദ്യകാല ക്രിസ്ത്യൻ പണ്ഡിതനും കഴുതാരാധനയിൽ ഏർപ്പെട്ടവരെന്ന രീതിയിൽ തങ്ങൾ അപഹസിക്കപ്പെട്ടതിനേക്കുറിച്ച് പറയുന്നുണ്ട്.
കാരണങ്ങൾ എന്തുമാവട്ടെ, അതിൽ അതീവതീക്ഷ്ണമായ ഒരു കവിത അടക്കം ചെയ്തിട്ടുണ്ട്. പല രീതിയിൽ കഴുതയുടെ രാശി മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഒരു പൊതുബോധത്തിൽ അതിപ്പോഴും ഒരു പോഴനെത്തന്നെയാണ് ഓർമിപ്പിക്കുന്നത്. സ്നേഹം അതിന്റെ സാചുറേഷൻ കണ്ടെത്തിയ ഒരു ചരിത്രബിന്ദുവാണ് കുരിശ്. സ്നേഹത്തോളം വലിയ മണ്ടത്തരമെന്താണുള്ളത്! എന്നിട്ടും അതിലാണ് ഈ നീല ഗ്രഹം വലം ചുറ്റുന്നത്. ഉള്ളിന്റെയുള്ളിൽ ഇടം കണ്ടെത്തിയ ഒരാളും ഒരു പ്രായോഗികവാദിയോ അതിബുദ്ധിമാനോ ആയിരുന്നില്ലെന്ന് കണ്ണടച്ച് സ്വയമേ നിങ്ങൾക്ക് ഓർമിച്ചെടുക്കാവുന്നതാണ്. മുങ്ങുന്ന ഒരാളെ കാണുമ്പോൾ നീന്തൽ അറിയില്ലെങ്കിലും പുഴയിലേക്കു ചാടണമെന്ന് പണ്ടൊരു അച്ഛൻ മകളോടു പറഞ്ഞുകൊടുത്തു. അയാളൊരു വൈദ്യനായിരുന്നു. ടൈഫസ് രോഗികളുടെ ഇടയിൽ അപകടകരമായി പ്രവർത്തിക്കുന്നതിന് അയാൾ മകൾക്കു കൊടുത്ത വിശദീകരണമായിരുന്നു അത്. ഊഹിക്കാവുന്നതുപോലെ, അതേ രോഗം പിടിപെട്ട് അച്ഛൻ മരിച്ചു. ആ പെൺകുട്ടി ആ ദൂതിനെ വളരെ ഗൗരവമായിട്ടെടുത്തു. ‘Female Schindler’ എന്നു വിളിക്കപ്പെട്ട ഐറീന സെൻഡ്‌ലറാണത്. നാസി ക്യാംപുകളിൽ നിന്നും രണ്ടായിരത്തിലധികം ജൂതക്കുട്ടികളെയാണ് അവിടെ നഴ്സായി കയറിപ്പറ്റിയ അവൾ ഒളിച്ചുകടത്തിയത്.
അപകടം പിടിച്ച ആ മണ്ടത്തരത്തിനുള്ള വാഴ്ത്തുകളാണ് ഈ കുഴപ്പം പിടിച്ച പ്രഭാതങ്ങളിലെ സുവാർത്തകൾ.
– ബോബി ജോസ് കട്ടികാട്
Pularvettom, Fr Bobby Jose Kattikadu OFM Cap.

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment