പ്രഭാത പ്രാർത്ഥന
“കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. (ഉല്‍പത്തി പുസ്തകം 12:1-2)”
അബ്രാഹത്തിനെ പ്രവാസത്തിലേയ്ക് വിളിക്കുകയും, അവനെ സംരക്ഷിക്കുകയും ചെയ്ത കർത്താവെ, ഈ പ്രഭാതത്തിൽ പ്രവാസികളായി കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. നാഥാ, അവരുടെ ജീവിതങ്ങളിൽ അങ്ങ് ഇടപെടണമേ. പ്രവാസികളായ പ്രിയപ്പെട്ടവരെ ഓർത്തു വേദനിക്കുകയും, ആകുലപ്പെടുകയും ചെയ്യുന്നവർക്ക് ആശ്വാസം നൽകണമേ. കൊറോണ വൈറസ് തകർത്താടുന്ന രാജ്യങ്ങളിൽ കഴിയുന്നവർക്ക് അങ്ങയുടെ സംരക്ഷണം അനുഭവവേദ്യം ആകട്ടെ. കോവിഡ് മഹാ മാരിയുടെ ഈ കാലത്തു പ്രവാസികൾ അനുഭവിക്കുന്ന ഒറ്റപ്പെടലും, വേദനകളും കടന്നു പോകുവാൻ ഇടയാകട്ടെ. ഒരു ആയുഷ്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി അദ്ധ്വാനിച്ചിട്ടും തിരിച്ചറിയാതെ പോകുന്ന ചില ജീവിതങ്ങൾ ഉണ്ടല്ലോ. വാർദ്ധ്യക്യത്തിൽ മക്കളാൽ പോലും ഉപേക്ഷിക്കപ്പെടുന്നവർ, അവരുടെ ഹൃദയ വേദന അങ്ങ് കാണണമേ. അവരുടെ നൊമ്പരങ്ങൾ ഒപ്പുവാൻ ഇടപെടണമേ. പ്രവാസ ലോകത്തു സമ്പന്നതയിൽ കഴിയുന്നവർക്ക് ദേശത്തെ പറ്റി ചിന്തിക്കുവാനും അവരുടെ സമ്പന്നതയിൽ നിന്നും ഇടവക ദേവാലയത്തെയും, അർഹരായ നാട്ടുകാരെയും, സംരക്ഷിക്കുവാനും, സഹായിക്കുവാനും ഇടവരുത്തണമേ. ജനിച്ച നാടിനെ മറന്നു പോറ്റുന്ന നാടിൻറെ സുഖങ്ങളിൽ അഭിരമിച്ചു കൊണ്ട് മനുഷ്യൻ അല്ലാതായി മാറുന്നവർക്ക് മാനസാന്തരം നൽകണമേ. പ്രവാസ ലോകം നൽകുന്ന സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്തു കൊണ്ട് വിശ്വാസത്തെയും, സഭയെയും തള്ളി പറഞ്ഞു ജീവിക്കുന്നവർക്ക് അങ്ങയുടെ വഴിയിലേക്ക് തിരികെ വരുവാൻ പ്രേരണ നൽകണമേ. പ്രവാസിയെ കറവ പശുവിനെ പോലെ ചൂഷണം ചെയ്യുന്ന കുടുംബങ്ങൾക്ക് അവന്റെ ആകുലതകളെ പറ്റി തിരിച്ചറിയുവാൻ കൃപ കൊടുക്കണമേ. കോവിഡ് ബാധിച്ചു പ്രവാസ ലോകത്തു കഴിയുന്നവർക്ക് ആശ്വാസം നൽകണമേ. ജീവിത പങ്കാളിയിൽ നിന്നും അകന്നു ജീവിക്കുന്നവർക്ക് ഒരുമിക്കുവാൻ അവസരം നൽകണമേ. മക്കളില്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ. പ്രവാസ ലോകത്തു ദുരിതം അനുഭവിക്കുന്ന എല്ലാ മക്കൾക്കും ദൈവമേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ചു ആശ്വാസം നൽകണമേ. ആമേൻ
വിശുദ്ധ മോനിക്ക പുണ്യവതി, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment