ദിവ്യബലി വായനകൾ 22nd Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 30/8/2020

22nd Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 85:3,5

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ,
എന്തെന്നാല്‍, ദിവസം മുഴുവനും ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു.
കര്‍ത്താവേ, അങ്ങ് മാധുര്യവാനും ശാന്തശീലനുമാണ്.
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് അങ്ങ് സമൃദ്ധമായി കൃപകാണിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ബലവാനായ ദൈവമേ,
നന്മയായ സകലതും അങ്ങയുടേതാണല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളില്‍
അങ്ങയുടെ നാമത്തോടുള്ള സ്‌നേഹം നിറയ്ക്കണമേ.
ആധ്യാത്മികവളര്‍ച്ചയാല്‍ നല്ലവയെല്ലാം
ഞങ്ങളില്‍ പരിപോഷിപ്പിക്കാനും
പരിപോഷിപ്പിച്ചവ ജാഗ്രതയോടെയുള്ള പഠനത്താല്‍
കാത്തുപാലിക്കാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 20:7-9
ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്‌നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു.
കര്‍ത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു;
ഞാന്‍ വഞ്ചിതനായി. അങ്ങ് എന്നേക്കാള്‍ ശക്തനാണ്.
അങ്ങ് വിജയിച്ചിരിക്കുന്നു.
ദിവസം മുഴുവന്‍ ഞാന്‍ പരിഹാസ പാത്രമായി.
എല്ലാവരും എന്നെ അപഹസിക്കുന്നു.
വായ് തുറക്കുമ്പോഴൊക്കെ അക്രമം, നാശം
എന്നാണു ഞാന്‍ വിളിച്ചുപറയുന്നത്.
കര്‍ത്താവിന്റെ വചനം എനിക്ക് ഇടവിടാത്ത നിന്ദനത്തിനും
പരിഹാസത്തിനും ഹേതുവായിരിക്കുന്നു.
അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല,
അവിടുത്തെ നാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല
എന്നു ഞാന്‍ പറഞ്ഞു.
എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്‌നി
എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ
എനിക്കനുഭവപ്പെട്ടു.
അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു;
എനിക്കു സാധിക്കുന്നില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 63:2,3-4,5-6,8-9

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
ഞാനങ്ങയെ തേടുന്നു.
എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
ഉണങ്ങിവരണ്ട ഭൂമിയെന്ന പോലെ
എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍
ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു.
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്;
എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.
ഞാന്‍ മജ്ജയും മേദസും കൊണ്ടെന്ന പോലെ സംതൃപ്തിയടയുന്നു.
എന്റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

അവിടുന്ന് എന്റെ സഹായമാണ്;
അങ്ങയുടെ ചിറകിന്‍ കീഴില്‍ ഞാന്‍ ആനന്ദിക്കും.
എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു;
അങ്ങയുടെവലത്തുകൈ എന്നെ താങ്ങിനിര്‍ത്തുന്നു.

ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു

രണ്ടാം വായന

റോമാ 12:1-2
നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍.

സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 16:21-27
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.

അക്കാലത്ത്, യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരില്‍ നിന്നും പ്രധാനപുരോഹിതന്മാരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചുതുടങ്ങി. പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ദിവ്യാര്‍പ്പണം
ഞങ്ങള്‍ക്കെപ്പോഴും രക്ഷയുടെ അനുഗ്രഹം പ്രദാനംചെയ്യട്ടെ.
അങ്ങനെ, ദിവ്യരഹസ്യത്താല്‍ അനുഷ്ഠിക്കുന്നത്
ശക്തിയാല്‍ നിറവേറുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 30:20

കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര മഹത്തരമാണ്!
അങ്ങയെ ഭയപ്പെടുന്നവര്‍ക്കായി അങ്ങ് അവ ഒരുക്കിവച്ചിരിക്കുന്നു.
Or:
മത്താ 5:9-10

സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയമേശയുടെ അപ്പത്താല്‍ പരിപോഷിതരായി
അങ്ങയോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സഹോദരരില്‍ അങ്ങേക്ക് ശുശ്രൂഷ ചെയ്യാന്‍
ഞങ്ങള്‍ പ്രചോദിപ്പിക്കപ്പെടുമ്പോഴെല്ലാം
സ്‌നേഹത്തിന്റെ ഈ ഭോജനം
ഞങ്ങളുടെ ഹൃദയങ്ങളെ സ്ഥിരീകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment