പുലർവെട്ടം 369

{പുലർവെട്ടം 369}
 
ജീവിതം ഏകാഗ്രമാകുമ്പോൾ മനുഷ്യർ ഉച്ചരിക്കുന്ന ചെറുമന്ത്രങ്ങൾക്കു പോലും വല്ലാത്ത മുഴക്കമുണ്ടാകും. മരണാസന്നനായ ആ കുഞ്ഞിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അസ്സീസിയിലെ ഫ്രാൻസിസ് കുഞ്ഞിനെ തൊട്ടു പ്രാർത്ഥിച്ച് ഇങ്ങനെ പറഞ്ഞു, ‘O Buona Ventura’ – നല്ലതു ഭവിക്കട്ടെ. കുട്ടി സുഖം പ്രാപിച്ചു. ആ ശുഭാശംസ വൈകാതെ കുഞ്ഞിന്റെ പേരുതന്നെയായി. പണ്ഡിതനായ ബൊനവെഞ്ചർ എന്ന പുണ്യവാന്റെ കഥയാണ് പറഞ്ഞുവന്നത്. നമ്മുടെ നിവിൻ പോളിയുടെ വല്യപ്പച്ചന്റെ പേര് ബൊനവെഞ്ചർ ആണെന്ന് അടുത്തയിടെ എങ്ങോ കണ്ടു. ആലുവായിലെ ആദ്യകാല ഫൊട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു അദ്ദേഹം. പൊതുവേ നമുക്ക് അപരിചിതമായ ആ പേരിനു പിന്നിലും ഇതുപോലൊരു കഥ ചേർത്തിരുന്നു. ചെറുപ്പത്തിലേ കുഞ്ഞുങ്ങൾ മരിച്ച ഒരമ്മയുടെ ആശങ്കയിൽ, പിന്നെ പിറന്ന കുട്ടിക്ക് ഇടവകവികാരി നിർദേശിച്ച പേരായിരുന്നു അത്. ശുഭാശംസകളിൽ നിന്ന് എന്തത്ഭുതമാണ് സംഭവിക്കാത്തത്!
മനുഷ്യർ ചില നേരങ്ങളിൽ അതു വല്ലാതെ കൊതിക്കുന്നുണ്ടാവും. കല്പറ്റ നാരായണൻ തന്റെയൊരു കഥാപാത്രത്തേക്കുറിച്ച് പറയുന്നതുപോലെ, ഒരു തെരുവുനായ ആലിംഗനം ചെയ്താൽപ്പോലും എത്ര നന്നായേനെ എന്ന മട്ടിൽ മനസ്സു മടുക്കുന്ന നേരങ്ങളിലാണ് പറഞ്ഞുപതിഞ്ഞ ചെറിയ പദങ്ങൾക്കു വരെ എത്ര അഴകുണ്ടെന്ന് നമുക്ക് വെളിപ്പെടുന്നത്. Bonne Chance എന്ന ഫ്രഞ്ച് ഹ്രസ്വചിത്രം അതാണു വരയ്ക്കാൻ ശ്രമിക്കുന്നത്. വല്ലാതെ ഉലഞ്ഞ ഒരു സ്ത്രീ ഒരു പുലരിയിൽ തെരുവിലൂടെ അലയുകയാണ്. അവൾ അഭിമുഖീകരിച്ച ആദ്യത്തെയാൾ നിസ്സംഗമായി അവളെ ഒഴിവാക്കുന്നു. അതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് അയാൾ തർക്കിക്കുന്നത്. സന്തുഷ്ടരായി പോകുന്ന ഒരു പുരുഷനോടും സ്ത്രീയോടും അവളതു പിന്നെയും ആവശ്യപ്പെടുന്നുണ്ട്. “എന്തിനാണത്” എന്നായിരുന്നു സ്ത്രീയുടെ മറുചോദ്യം. “എനിക്കതു പറഞ്ഞുതരാനാവുന്നില്ല. എങ്കിലും ഇപ്പോൾ അതെനിക്ക് ആവശ്യമുണ്ട്.” എന്ന് അവൾ. “അതു വെളിപ്പെടുത്താനായില്ലെങ്കിൽ എനിക്കു നിന്നോടതു പറയാനും താല്പര്യമില്ല” എന്നു പറഞ്ഞ് വളരെ വേഗത്തിൽ അവർ വഴുതിപ്പോയി. അങ്ങനെ ഓരോരുത്തർ അവളെ അവഗണിച്ചും മുഖം വെട്ടിച്ചും കടന്നുപോകുന്നു. ഒടുവിൽ പരിക്ഷീണിതയായ അവൾ ഒരിടത്തു വെറുതെയിരിക്കുന്നു. അപ്പോൾ അതുവഴി കടന്നുപോകുന്ന ഒരാൾ അവളെ നോക്കി പുഞ്ചിരിച്ച് അവൾ കെഞ്ചിച്ചോദിച്ചിരുന്ന ആ വാക്ക് പതുക്കെ പറയുന്നു, ബെൻ ഷോസ്. – Good luck. അവളുടെ കൈയിൽ ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരു സ്ക്രാച് കാർഡ് അപ്പോൾ ഉണ്ടെന്നുകൂടി നമ്മൾ ശ്രദ്ധിക്കുന്നുണ്ട്.
ആശീർവാദത്തേക്കുറിച്ച് മതിപ്പുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം പിയർ പഡേർവന്റെ The Gentle Art of Blessing ആണ്. By blessing I mean wishing from the bottom of my heart in total sincerety the very best for that person- his or her complete fulfilment and deepest happiness. It is the most important dimension of blessing: a sincerety that comes from the heart. ഞാനൊരു പുണ്യവാനോ ജ്ഞാനിയോ വയോധികനോ ഒന്നുമാകേണ്ട ലോകത്തെ ആശീർവദിക്കുവാൻ. വെറുതേ അപരനോടുള്ള അടിസ്ഥാന മമതയും ഹൃദയാർജ്ജവവും മാത്രം മതി. ഏതൊക്കെ ജാലകങ്ങളാണ് അതു തുറന്നുതരുന്നത്. കൃതജ്ഞത, പ്രചോദനം, ശുഭപ്രതീക്ഷ, ആനന്ദം, നൈർമല്യം, ഉണർവ്… അങ്ങനെയങ്ങനെ. ഒരു കലയാണ് ആശീർവാദമെന്നുതന്നെയാണ് എഴുത്തുകാരൻ പറയാൻ ശ്രമിക്കുന്നത്. ഏതു കലയും നിരന്തരസാധന കൊണ്ടു മാത്രമാണ് ബലപ്പെടുന്നത്. അയാൾ എല്ലാത്തിനേയും ആശീർവദിക്കുകയാണ്. ഒരു തടവറയ്ക്കു വെളിയിലൂടെ പോകുമ്പോൾ അയാൾ മതിൽക്കെട്ടിനകത്തെ മനുഷ്യർക്ക് നിഷ്കളങ്കതയും സ്വാതന്ത്ര്യവും ആശംസിക്കുന്നു. ഒരു ആതുരാലയത്തിനരികിലൂടെ പോകുമ്പോൾ സഹനത്തിലും അവർ സമഗ്രത അനുഭവിക്കട്ടെയെന്ന്. ലുത്തിനിയ പോലെ അതു നീളുന്നുണ്ട്.
അതിന്റെ പോസ്റ്റ് സ്ക്രിപ്റ്റ് ഇതാണ്
PS: And of-course, above all do not forget to bless the utterly beautiful person YOU are.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment