പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥിച്ച സ്ത്രീതന്നെയാണ് ഞാന്‍. ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്റെ പ്രാര്‍ഥന കര്‍ത്താവ് കേട്ടു. ആകയാല്‍, ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന്‍ കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ ത്താവിനെ ആരാധിച്ചു. (1 സാമുവല്‍ 1:26-28)”
കുഞ്ഞുങ്ങൾ എന്റെ അടുക്കൽ വരുവാൻ തടയരുത് എന്ന് ശിഷ്യന്മാരോട് അരുളി ചെയ്ത ഈശോ നാഥാ, ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുഞ്ഞു മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു. ഓരോ കുഞ്ഞും ദൈവത്തിന്റെ വരദാനം ആണല്ലോ. ഭൂമിയിൽ അവർ പ്രത്യാശയുടെ നാളങ്ങൾ തെളിയിക്കുന്നു. നാഥാ, ഭൂമിയിൽ ജീവിക്കുവാൻ അവകാശം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളേ ഓർക്കുന്നു. അവരുടെ മാതാപിതാക്കളോട് കരുണ ആയിരിക്കണമേ. അറിഞ്ഞോ, അറിയാതെയോ, സാഹചര്യങ്ങളുടെ നിർബന്ധം കാരണമോ, ചെയ്തു പോയ പാപത്തിൽ നിന്നും മോചനം നൽകണമേ. ബാല്യം നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് അങ്ങ് ആശ്രയമായിരിക്കണമേ. ബാലവേല ചെയ്യുവാൻ നിര്ബന്ധിതരായവർ, ലൈംഗിക ചൂഷണം അനുഭവിക്കുന്നവർ, വിദ്യാഭ്യാസവും, പോഷക ആഹാരവും ലഭിയ്ക്കാതെ പോകുന്നവർ തുടങ്ങി നല്ളൊരു ബാല്യകാലം അനുഭവിക്കുവാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ക്രിസ്‌തുവിന്റെ സ്നേഹം അനുഭവവേദ്യമാകുവാൻ ഇടവരുത്തണമേ. ഈശോയെ, ഇന്നേ ദിനത്തിൽ ഒരു കുഞ്ഞു ഇല്ലാതെ വിഷമിക്കുന്ന ദമ്പതികളെ സമർപിക്കുന്നു. ദീർഘകാലമായി ഉള്ള അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നല്കണമേ. ദൈവ സന്നിധിയിൽ ഒരു പ്രാർത്ഥനയും സ്വീകരിക്കപ്പെടാതെ പോകുകയില്ലല്ലോ. ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി അനുഗ്രഹിക്കണമേ. മാതാപിതാക്കളുടെ സ്നേഹം ലഭിയ്ക്കാതെ പോകുന്ന കുഞ്ഞുങ്ങളെ ഓർക്കുന്നു. ദൈവമേ കരുണ ആയിരിയ്ക്കണമേ. അവരെ അനുഗ്രഹിക്കണമേ. മക്കളെ വളർത്തുവാൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് അങ്ങ് താങ്ങായിരിക്കണമേ. രോഗികളായ കുഞ്ഞുങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. കുഞ്ഞുങ്ങളെ നേർവഴിയിൽ വളർത്തുവാൻ മാതാപിതാക്കളെ അനുഗ്രഹിക്കണമേ. ഓരോ കുഞ്ഞിനേയും സംരക്ഷിക്കുവാൻ സമൂഹം കരുതൽ നല്കട്ടെ. ഇന്നേ ദിനത്തിൽ കർത്താവെ, ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്യണമേ. ആമേൻ

വിശുദ്ധ സ്നാപക യോഹന്നാനെ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment