മൺമറഞ്ഞ മഹാരഥൻമാർ…
മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

ബഹുമുഖ പ്രതിഭയായ പമ്പൂരേത്ത് അച്ചൻ…
ശ്രീമൂലം പ്രജാസഭയിൽ വോട്ടവകാശമുണ്ടായിരുന്ന പുരോഹിതൻ….നിവർത്തന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി … കവികളും സാഹിത്യകാരൻമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികൻ… മാന്തുക ഗവൺമെന്റ് യു.പി. സ്കൂളിന്റെ ശിൽപി… കുളനടയിൽ ഗവൺമെന്റ് ഹോസ്പിറ്റൽ വരാനായി അദ്ധ്വാനിച്ചവരിലൊരാൾ… പരിശുദ്ധനായ പരുമല തിരുമേനിയുടെ സെക്രട്ടറി… ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ സംരക്ഷകൻ… കാരക്കാട് ഇടവകയുടെ പ്രഥമ വികാരി… ഇത്യാദി സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പമ്പൂരേത്ത് ചാണ്ടപ്പിള്ള കത്തനാർ.
വിശുദ്‌ധനായ ഒരു പ്രവാചകന്‍വഴി ജ്‌ഞാനം അവരുടെ പ്രവൃത്തികളെ ഐശ്വര്യപൂര്‍ണമാക്കി.
ജ്‌ഞാനം 11 : 1
സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് സ്വപ്രയ്തനത്താൽ പ്രതാപശാലിയായി മാറിയ ഒരു പുരോഹിതശ്രേഷ്ഠന്റെ ജീവിതകഥ.
പന്തളമടുത്ത് ഉള്ളന്നൂർ ദേശത്ത് പമ്പൂരേത്ത് ഭവനത്തിൽ
ഉമ്മുമ്മന്റെ രണ്ടാമത്തെ പുത്രനായി 1870 ഏപ്രിൽ മാസത്തിൽ ജനിച്ചു. നാട്ടിൽ നിലവിലിരുന്ന വിദ്യാഭ്യാസ രീതിയനുസരിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വൈദീകനാകണമെന്നുള്ള ആഗ്രഹത്താൽ ഇടവക പൊതുയോഗത്തിന്റെ അംഗീകാരത്തോടെ ഗുരുകുലരീതിപ്രകാരം മല്പാനച്ചന്റെ കീഴിൽ സുറിയാനിയും കൂദാശാനുഷ്ഠാദികളും, സംസ്‌കൃത ഭാഷയിൽ അറിവും സമ്പാദിച്ച ശേഷം മാന്തളിർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വികാരിയാകുകയും ചെയ്തു. ഉള്ളന്നൂർ, വെൺമണി പള്ളികളിലും ശുശ്രൂഷ ചെയ്തു. ശെമ്മാശനായിരുന്ന കാലത്ത് നിരണം ഭദ്രാസനാധിപനായിരുന്ന പരിശുദ്ധ പരുമലത്തിരുമേനിയുടെ സെക്രട്ടറിയായും ശുശ്രൂഷ ചെയ്തു.
അന്ന് പുത്തൻകൂർ വിഭാഗം മെത്രാൻ കക്ഷി, ബാവ കക്ഷി എന്നിങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞിരുന്നില്ല.
മലങ്കര സഭ രണ്ട് ഭാഗമായി വേർതിരിഞ്ഞുനിന്നപ്പോൾ അച്ചൻ പാത്രിയർക്കീസ് ഭാഗത്ത് നില്ക്കുകയും അവരുടെ വികാരിയായി തീരുകയും ചെയ്തു. സഭയുടെ വിഭജനത്തോടുകൂടി മാന്തളിർ പള്ളിയിലും രണ്ട് വിഭാഗങ്ങൾ തമ്മിൽ എന്നും കേസും വഴക്കും നടന്നുകൊണ്ടിരുന്നു. ഏതാനം വർഷം മുമ്പുവരെയും തൽസ്ഥിതി തുടർന്നു കൊണ്ടേയിരുന്നു.
കക്ഷിവഴക്കുകളിൽ സഹികെട്ട അച്ചൻ സമാധാനമുള്ള കത്തോലിക്ക സഭയിലേക്ക് ചേരാൻ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെൻസിഗർ പിതാവിനെ കണ്ടു ആലോചനകൾ നടത്തിക്കൊണ്ടിരുന്ന കാലത്താണ് മാർ ഇവാനിയോസ് തിരുമേനി 1930ൽ കത്തോലിക്കസഭയിൽ ചേർന്നത്. മാർ ഈവാനിയോസ് പിതാവും ബഥനി പ്രസ്ഥാനവുമായി പരിചയം ഉണ്ടായിരുന്നതിനാലും ശാശ്വത സമാധാനത്തിന് കത്തോലിക്ക സഭ മാത്രമാണ് ഏക പോംവഴി എന്ന് ബോധ്യമായതിന്റെ വെളിച്ചത്തിലും നിരന്തരമായ പഠനത്തിന്റെയും പ്രാർത്ഥനയുടെയും ഉറച്ച ബോധ്യത്തിൽ കത്തോലിക്കാ സഭയിലേക്ക് ചേരാൻ അച്ചൻ തീരുമാനമെടുത്തു. താൻ വികാരിയായിരുന്ന മാന്തളിർ സെന്റ് തോമസ് പള്ളിയിലെ പാത്രിയാർക്കീസ് വിഭാഗത്തിന്റെ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടുകയും കത്തോലിക്കസഭയിൽ ചേരാനുള്ള തന്റെ തീരുമാനം അറിയിക്കുകയും ചെയ്തു. അച്ചന്റെ കുടുംബത്തോടൊപ്പം 40 കുടുംബങ്ങളും 1931 ജൂൺ മാസത്തിൽ കത്തോലിക്ക സഭയിൽ ചേർന്നു. 1930ൽ തന്നെ കാരക്കാട് (മാന്തുക) ഭാഗത്ത് മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ ബഹുമാനപ്പെട്ട ഗീവർഗീസ് കിളന്നമണ്ണിൽ അച്ചന്റെ നേതൃത്വത്തിൽ രൂപപ്പെട്ടിരുന്നു. 1932 ജൂൺ 11ന് മലങ്കര ഹയരാർക്കി നിലവിൽ വരുകയും തിരുവനന്തപുരം അതിരൂപത, തിരുവല്ല രൂപത എന്ന നിലയിൽ ഭരണക്രമീകരണമാകുകയും ചെയ്തപ്പോൾ മലങ്കര കത്തോലിക്ക സഭയുടെ ഒരു ഇടവക ദേവാലയം എന്ന സ്ഥാനം കാരയ്ക്കാട്ട് ഇടവകയ്ക്കു ലഭിക്കുകയും പ്രഥമ വികാരിയായി പമ്പൂരേത്തച്ചൻ നിയമിയ്ക്കപ്പെടുകയുമുണ്ടായി.
മലങ്കര കത്തോലിക്കാസഭയിലെ പ്രവർത്തനങ്ങൾ
ആദ്യകാലത്ത് കാരയ്ക്കാട്ടു പള്ളി ഒരു ഓലഷെഡായിരുന്നു. പിന്നീട് ആലപ്പുഴയിലുള്ള പോത്തൻ ജോസഫ് എന്ന ഒരു കയർ ഫാക്ടറി ഉടമ ഈ പള്ളി ഒരു നേർച്ചയായി പണികഴിപ്പിക്കാൻ മുന്നോട്ട് വരികയും അച്ചന്റെ നേതൃത്വത്തിൽ അത് ഇന്ന് കാണുന്ന പള്ളിയായി പണി കഴിപ്പിക്കുകയും ചെയ്തു.
ഉള്ളന്നൂർപള്ളി, പുന്തലപ്പള്ളി, മുടിയൂർക്കോണംപള്ളി, രാമഞ്ചിറപള്ളി എന്നിവിടങ്ങളിലെ കത്തോലിക്കാ കൂട്ടായ്മകൾക്ക് നേതൃത്വം നൽകാൻ അച്ചനായിട്ടുണ്ട്. ഉള്ളന്നൂർ പള്ളിയുടെ ആദ്യ വികാരിയും അച്ചനാണ്. പുന്തല, മുടിയൂർക്കോണം, രാമഞ്ചിറ ഇവിടങ്ങളിലെ പള്ളികൾക്ക് തുടക്കം കുറിക്കാനും അച്ചനായി. അടൂർ വൈദീകജില്ലാ വികാരിയായിരുന്ന കാലത്താണ് അടൂർ പ്രദേശത്തെ പല പ്രമുഖ കുടുംബങ്ങളും കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടത്.
മാർ ഈവാനിയോസ് പിതാവിന്റെ മുക്ത്യാറായ ഉള്ളന്നൂർ മത്തായി മലഞ്ചരുവിൽ സാറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അച്ചൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാബാവയായ സിറിൾ ബസേലിയോസ് തിരുമേനിയ്ക്ക് 1935 നവംബർ 2ന് കാരക്കാട് പള്ളിയിൽ വെച്ച് മാമോദീസ നൽകി.
മാർ ഇവാനിയോസ് തിരുമേനിയും ഒളിവുജീവിതവും
പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളിൽ ഈവാനിയോസ് തിരുമേനിയ്ക്ക് ശക്തമായ പിന്തുണയുമായി അച്ചൻ കൂടെയുണ്ടായിരുന്നു. മാർ ഈവാനിയോസ് തിരുമേനി റോമിൽ പോയി പതിനൊന്നാം പീയുസ് മാർപ്പാപ്പയെ കാണുന്നതിനും വിവിധ രാജ്യങ്ങളിലെ തലവൻമാരെ സന്ദർശിക്കുന്നതിനും പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതിനുമായി യൂറോപ്യൻ പര്യടനം നടത്തുന്നതിന് തീരുമാനിച്ചു. മെത്രാൻ കക്ഷിക്കാരിൽ നിന്നും ശക്തമായ എതിർപ്പിനെ പിതാവ് നേരിട്ടുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. പിതാവിന്റെ വിദേശ പര്യടനം ഏത് വിധേനയും തടയുന്നതിനും പൊതുജനമദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനുമായി കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്യിക്കാൻ ഒരു ശ്രമമുണ്ടായി. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും റോം യാത്ര തുടരാനുമായി പിതാവിന് ഏതാനും ദിവസം ഒളിവിൽ പാർക്കേണ്ടിവന്നു. അന്ന് അഭയം നൽകിയത് പമ്പൂരേത്തച്ചന്റെ സ്വന്തം വീട്ടിലാണ്. തിരുമേനി അവിടെ രഹസ്യമായി മൂന്നു ദിവസം താമസിക്കുകയും നാലാം ദിവസം രാത്രിയോടുകൂടി റോമിലേക്കു പോകുകയും ചെയ്തു.
സാമൂഹ്യപ്രവർത്തനങ്ങൾ
ഒരു സാധാരണ പുരോഹിതനെപ്പോലെ പള്ളിയും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിലും മാത്രം ഒതുങ്ങികൂടുന്ന ഒരാളായിരുന്നില്ല പമ്പൂരേത്തച്ചൻ. കുളനടയിലും പരിസരപ്രദേശങ്ങളിലും എല്ലാ പൊതുക്കാര്യങ്ങളിലും അച്ചൻ നേതൃസ്ഥാനം വഹിച്ചിരുന്നു. സ്ഥലവാസികളായ നാനാജാതി മതസ്ഥരുടെ ഇടയിലും അച്ചൻ സമ്മതനായിരുന്നു. നാട്ടിലെ വസ്തു സംബന്ധമായ കേസുകളിലും അതിർത്തി തർക്കങ്ങളിലും കുടുംബ വ്യവഹാരങ്ങളിലുമെല്ലാം അച്ചൻ മധ്യസ്ഥനായിരുന്നു. അച്ചന്റെ തീരുമാനങ്ങളിലെ നേർമ ആളുകൾക്ക് ബോധ്യവുമായിരുന്നു. വിപുലമായ ഒരു സുഹൃത് വലയം അച്ചനുണ്ടായിരുന്നു. സരസ കവി മൂലൂർ പത്മനാഭപണിക്കർ, മഹാകവി പന്തളം കേരള വർമ്മ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
കാർഷിക വിപണനത്തിനായി തെല്ലു ദൂരെയുള്ള പന്തളം ചന്തയെ ആശ്രയിക്കുന്നത് ഏറെ ദുഷ്കരമായതിനാൽ കുളനടയിൽ തന്നെ അപ്രകാരമൊരു ക്രമീകരണം വരുന്നത് നാടിനേറെ ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞ്, ഒരു ചന്ത സ്ഥാപിക്കുന്നതിന് അന്നത്തെ തിരുവതാംകൂർ ദിവാനായിരുന്ന മന്നത്ത് കൃഷ്ണൻനായർക്ക് അച്ചന്റെ നേതൃത്വത്തിൽ നിവേദനം നൽകുകയും അതിന്റെ ഫലമായി കുളനടയിൽ ചന്ത അനുവദിച്ചു കിട്ടുകയുമുണ്ടായി.
മാന്തുക ഗവ. യു.പി. സ്കൂൾ അച്ചന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. എം.സി. റോഡരികിൽ അച്ചനുണ്ടായിരുന്ന സ്ഥലത്ത് കെട്ടിടം പണിത് സ്കൂളാരംഭിച്ചു. കുറെക്കാലം അച്ചൻ ഈ സ്കൂൾ നടത്തുകയും പിന്നീട് ഗവൺമെന്റിലേക്ക് നൽകുകയുമുണ്ടായി. കുളനടയിൽ സർക്കാർ ആശുപത്രി സ്ഥാപിക്കുന്നതിനായി നേതൃത്വം നൽകിയതും അച്ചനാണ്.
1931-1938 കാലഘട്ടത്തിൽ തിരുവതാംകൂർ രാജ്യത്തിൽ ഭരണപരിഷ്ക്കാരത്തിനായി നടത്തിയ നിവർത്തന പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് പന്തളം ഭാഗത്ത് അതിന്റെ മുൻനിരയിൽ അച്ചനുണ്ടായിരുന്നു. അച്ചന്റെ അദ്ധ്യക്ഷതയിൽ ആണ് കുളനടയിൽ ഒരു മഹാസമ്മേളനം നടന്നത്.
പമ്പൂരേത്തച്ചന്റെ കുടുംബം
പമ്പൂരേത്തച്ചൻ ധാരാളം ഭൂസ്വത്തുക്കൾ ഉള്ള സമ്പന്നനായ ഒരാൾ ആയിരുന്നു. ശ്രീമൂലം പ്രജാസഭയിലേക്ക് വോട്ടവകാശം ഉണ്ടായിരുന്ന അപൂർവം ക്രിസ്ത്യാനികളിൽ ഒരാളായിരുന്നു അദ്ദേഹം.
അച്ചന് അഞ്ചു ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. അച്ചന്റെ ആൺമക്കളിൽ മൂന്നാമനാണ് അലക്സാണ്ടർ പമ്പൂരേത്ത് അച്ചൻ. അച്ചന്റെ മകളുടെ ഭർത്താവും വൈദീകനായിരുന്നു, യാക്കോബായ സഭയിലെ ഫാ.മത്തായി മനയ്ക്കമണ്ണിൽ. മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ സവിശേഷമായി ശ്രദ്ധ പതിപ്പിച്ചിരുന്നതിനാൽ അച്ചന്റെ പിന്മുറക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നത നിലയിൽ ജീവിക്കുന്നു.
1949 ഏപ്രിൽ 10ന് തന്റെ എഴുപത്തിയൊമ്പതാം വയസ്സിൽ അച്ചൻ നിര്യാതനായി. അച്ചന്റെ മരണശേഷം അദ്ദേഹത്തോടുള്ള സ്നേഹബഹുമാന സൂചകമായി അദ്ദേഹത്തിന്റെ ഹൈന്ദവ സുഹൃത്തുക്കൾ പണികഴിപ്പിച്ചതാണ് ഇന്ന് കാണുന്ന അദ്ദേഹത്തിന്റെ കല്ലറ. ഒരുപക്ഷെ ഇന്ത്യയിൽതന്നെ ആദ്യമായിട്ടായിരിക്കാം ഒരു ക്രിസ്ത്യൻ പുരോഹിതന്റെ കല്ലറ ഹൈന്ദവ സഹോദരങ്ങൾ പണികഴിപ്പിക്കുന്നത്. മതമൈത്രിയുടെ പ്രതീകമായി അത് ഇന്നും നിലകൊള്ളുന്നു.
കടപ്പാട്: ഡോ.കെ.എ.ജോൺ (കൊച്ചുമകൻ)
അജിൻ ചാക്കോ
ആൻ മറിയം റെജി
✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)
Email: fr.sebastiankizhakkethil@gmail.com
Fr Sebastian John Kizhakkethil



Leave a comment