കുരിശിനെ അലങ്കാര വസ്തുവാക്കി തരം താഴ്ത്തരുത്

കുരിശിനെ അലങ്കാര വസ്തുവാക്കി തരം താഴ്ത്തരുത്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കുരിശ് അലങ്കാര വസ്തുവല്ലായെന്നും ത്യാഗ സമര്‍പ്പണത്തിന്‍റെ അടയാളമാണെന്നും കുരിശു വഹിക്കുവാനുള്ള ആരുടെയും സന്നദ്ധത ലോകരക്ഷയ്ക്കായുള്ള ക്രിസ്തുവിന്‍റെ സമര്‍പ്പണത്തിലെ പങ്കാളിത്തമായി മാറുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ആഗസ്റ്റ് 30 ഞായറാഴ്ച വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കുരിശിനെ വെറും കപട ഭക്തിയുടെ അടയാളമോ പ്രകടനമോ അലങ്കാരമോ ആഭരണമോ മാത്രമാക്കി തരംതാഴ്ത്തരുതെന്നും പാപ്പ പറഞ്ഞു.

സാധാരണ വീടുകളുടെ ഭിത്തിയില്‍ ക്രൂശിത രൂപം തൂക്കിയിടാറുണ്ട്. പലരും കഴുത്തിലും അണിയാറുണ്ട്. അത് നമ്മുടെ സഹോദരങ്ങളെ, വിശിഷ്യ പാവങ്ങളും എളിയവരുമായവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുവാനുള്ള സന്നദ്ധതയും ക്രിസ്തുവിന്‍റെ ത്യാഗസമര്‍പ്പണത്തിന്‍റെ പ്രചോദനമായ അടയാളവുമാണ്. അതിനാല്‍ കുരിശ് എപ്പോഴും ദൈവസ്നേഹത്തിന്‍റെ പവിത്രമായൊരു അടയാളമാണ്. ഒപ്പം അത് യേശു ചെയ്ത പരമത്യാഗത്തിന്‍റെ, നമുക്കെന്നും പ്രചോദനമേകേണ്ട പ്രതീകവുമാണ്.

ക്രൂശിത രൂപത്തെ ഓരോ പ്രാവശ്യവും നാം നോക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ദൈവപുത്രനും സഹനദാസനുമായ ക്രിസ്തു എപ്രകാരം തന്‍റെ ദൗത്യം ഭൂമിയില്‍ നിര്‍വ്വഹിച്ചുകൊണ്ട്, മനുഷ്യകുലത്തിന്‍റെ പാപപരിഹാരത്തിനായി രക്തം ചിന്തി, ജീവന്‍ സമര്‍പ്പിച്ചുവെന്നാണ് ധ്യാനിക്കേണ്ടത്. അതിനാല്‍ ജീവിത കുരിശുകളെ തള്ളിക്കളയുന്ന തിന്മയുടെ പ്രലോഭനത്തിനു കീഴ്പ്പെടാതിരിക്കുവാന്‍ പരിശ്രമിക്കണമെന്നും അതുവഴി അവിടുത്തെ വിശ്വസ്തരായ ശിഷ്യന്മാരായിരിക്കുന്നതിന് സഹോദരങ്ങള്‍ക്കായും ദൈവത്തിനായും കലവറയില്ലാതെ ജീവന്‍ സമര്‍പ്പിക്കുന്നതില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതിന് തയ്യാറാകണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment