പ്രഭാത പ്രാർത്ഥന
“തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്ന വന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവ ജലത്തിന്റെ അരുവികള്‍ ഒഴുകും. (യോഹന്നാന്‍7:37)” ഞങ്ങളോട് കൂടെ ആയിരിക്കുന്ന കർത്താവെ, ഈ പ്രഭാതത്തിൽ അങ്ങയുടെ സ്നേഹം അനുഭവിക്കുവാൻ അനുവദിച്ചതിനെ ഓർത്തു നന്ദി പറയുന്നു. അവിടുന്ന് പാപികളെയും, വഴിതെറ്റിയവരെയും തേടി വന്നവനാണല്ലോ. മനുഷ്യന്റെ ബലഹീനതകളെയും കുറവുകളേയും അങ്ങ് അറിയുന്നു. കല്ലെറിയുവാൻ വിധിച്ചു കൊണ്ട് അങ്ങയുടെ സന്നിധിയിൽ കൊണ്ട് വന്ന സ്ത്രീയോട് അങ്ങ് കാണിച്ച കരുണ ഞങ്ങളുടെ കണ്ണുകളെ ആർദ്രമാക്കുന്നു. കൊടുംപാപിക്ക് പോലും തിരികെ വരുവാൻ അങ്ങ് അവസരം നൽകുന്നല്ലോ. നാഥാ, ഞങ്ങളുടെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു വരുന്ന പാപചിന്തകളെയും, സാഹചര്യങ്ങളെയും നേരിടുവാൻ കൃപ നൽകണമേ. ചിന്തകളെയും, പ്രവർത്തികളെയും വിശുദ്ധീകരിക്കുവാൻ അനുവദിക്കണമേ. പാപം മാനുഷികമാണെങ്കിലും, അതിനെ നേരിടുവാൻ ഉള്ള ദൈവകൃപയിൽ ജീവിക്കുമ്പോൾ വിശുദ്ധി കൈവരിക്കുവാൻ സാധിക്കുമെന്ന സത്യം ഞങ്ങൾ മറക്കാതിരിക്കട്ടെ. ഇന്നേ ദിനത്തിൽ കണ്ടു മുട്ടുന്ന എല്ലാ വ്യക്തികൾക്കും ക്രിസ്തീയ ചൈതന്യം പകരുവാൻ ഞങ്ങളെ ഒരുക്കണമേ. കോവിഡ് മഹാമാരി ആർത്തലച്ചു കൊണ്ട് ഞങ്ങളെ വിഴുങ്ങുവാൻ വരുന്ന ഈ സമയത്തു അങ്ങയുടെ കരുണ ഞങ്ങളിൽ വർഷിക്കണമേ. പട്ടിണി, പട, പഞ്ഞം തുടങ്ങിയവയിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ. ഭാരതത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ക്രിസ്തീയ വിശ്വാസം സംരക്ഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അങ്ങയുടെ സഹായം ദൃശ്യമാകട്ടെ. അയൽരാജ്യങ്ങളുമായി സമാധാനത്തിൽ വർത്തിക്കുവാൻ ഉള്ള സാഹചര്യങ്ങൾ രൂപപ്പെടുവാൻ ഇടയാക്കണമേ. പരിഹസിക്കപെടുന്ന ക്രിസ്തീയ വിശ്വാസസംഹിതകളെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുവാൻ ഞങ്ങളുടെ കരങ്ങൾക്ക് ബലം നൽകണമേ. ആമേൻ
വിശുദ്ധ അംബ്രോസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment