🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
06-Sep-2020, ഞായർ
23rd Sunday in Ordinary Time
Liturgical Colour: Green.
____
ഒന്നാം വായന
എസെ 33:7-9
ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവന്റെ ദുഷിച്ച വഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആ ദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍ നിന്നും ദുര്‍മാര്‍ഗത്തില്‍ നിന്നും പിന്മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും. നീതിമാന്‍ തന്റെ നീതി വെടിഞ്ഞു തിന്മ പ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാന്‍ ഇടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍ അവന്‍ തന്റെ പാപം നിമിത്തം മരിക്കും. അവന്‍ ചെയ്തിട്ടുള്ള നീതിനിഷ്ഠമായ പ്രവൃത്തികള്‍ അനുസ്മരിക്കപ്പെടുകയില്ല. അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. പാപം ചെയ്യരുതെന്ന നിന്റെ താക്കീതു സ്വീകരിച്ച് നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്റെ ജീവനെ രക്ഷിക്കും.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 95:1-2, 6-7, 8-9
R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം. കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.
R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം. എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം.
R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതു പോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.
R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
____
രണ്ടാം വായന
റോമാ 13:8-10
നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.
സഹോദരരേ, പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.
കർത്താവിന്റെ വചനം.
____
സുവിശേഷ പ്രഘോഷണവാക്യം
യോഹ 17:17
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം; സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!
Or:
2 കോറി 5:19
അല്ലേലൂയാ, അല്ലേലൂയാ!
ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ
രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചു കൊണ്ട് ക്രിസ്തു വഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
അല്ലേലൂയാ!
____
സുവിശേഷം
മത്താ 18:15-20
നിന്റെ സഹോദരന്‍ നിന്റെ വാക്കു കേള്‍ക്കുന്ന പക്ഷം നീ അവനെ നേടിക്കഴിഞ്ഞു.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നിന്റെ സഹോദരന്‍ തെറ്റു ചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനു വേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടു പോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment