പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. (യോഹന്നാ‌ന്‍ 10:27-29)” നല്ല ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങളെ അനുഗ്രഹിക്കുന്നതിനെ ഓർത്തു അങ്ങേയ്ക്ക് നന്ദി അർപ്പിക്കുന്നു. ഈ ദിനത്തിൽ ഞങ്ങൾക്കുള്ള എല്ലാ ആശങ്കകളും അവിടുത്തെ സവിധത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ, ഞങ്ങളുടെ ജീവിതങ്ങൾ അങ്ങയുടെ സംരക്ഷണയിൽ ആയിരിക്കട്ടെ. സാത്താനുമായി നിരന്തരയുദ്ധത്തിൽ ഏർപ്പെടുമ്പോൾ ശക്തി പകർന്നു പരിപാലിക്കണമേ. ഞങ്ങളുടെമാതാപിതാക്കളെ അങ്ങ് പരിപാലിക്കണമേ. കുഞ്ഞുങ്ങളെ സംരക്ഷിക്കണമേ. ദൈവ സ്നേഹം കുടുംബങ്ങളിൽ, ഇടവകയിൽ നിറയപ്പെടുവാൻ ഇടയാക്കണമേ. നാഥാ, ഓരോ വ്യക്തിയുടെയും ഉള്ളം അറിയുന്ന അങ്ങ് അവരുടെ വേദനകൾ അറിയുന്നുവല്ലോ. സ്നേഹമായി കടന്നു വരണമേ, സ്വാന്തനമായി അങ്ങ് ഒഴുകി ഇറങ്ങണമേ. കോവിഡ് മഹമാരിയിൽ വലിയ നിരാശ അനുഭവിക്കുന്ന മക്കളുണ്ട് . അവരുടെ മേൽ കരുണ ആയിരിക്കണമേ. സന്തോഷത്തിന്റെ ആത്മാവിനെ വർഷിക്കണമേ. സ്നേഹവും ധൈര്യവും നൽകി പരിപാലിക്കണമേ. ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ മുന്നോട്ട് പോകുവാൻ സാധിക്കാതെ വിഷമിക്കുന്നവർക്ക് പുതു വഴി തുറന്ന് നൽകണമേ. സാമ്പത്തിക ബാദ്ധ്യതകൾ ഞെരുക്കുന്നവർക്ക് വിടുതൽ നൽകണമേ. വസ്തു വിൽക്കുവാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ കാര്യങ്ങൾ ലഭിയ്ക്കുവാൻ ഇടയാകട്ടെ. ഓൺലൈൻ വിദ്യാഭ്യാസത്തിൽ ആയിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വിവേകവും, ജ്ഞാനവും നൽകി അനുഗ്രഹിക്കണമേ. കോവിഡ് ഒരു നന്മയുടെ കാലമാക തക്ക വിധത്തിൽ പ്രാർത്ഥനയിൽ വളരുവാനും, കൂടുതൽ അറിവ് നേടുവാനും ഞങ്ങൾക്ക് സാധിക്കട്ടെ. ഒരു ദിനം പോലും പാഴാക്കാതെ അദ്ധ്വാനിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആശുപത്രിയിൽ ആയിരിക്കുന്നവർക്ക് സൗഖ്യം നൽകണമേ. എത്രയും പെട്ടന്ന് കോവിഡിന് പ്രതിമരുന്നു കണ്ടെത്തുവാൻ ശാസ്ത്ര ലോകത്തെ ദൈവമേ അങ്ങു അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ സെബസ്സ്ത്യാനോസ്, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment