പുലർവെട്ടം 385

{പുലർവെട്ടം 385}
 
വിദ്യാർത്ഥികളുമായി നെല്ലിയാമ്പതിയിലെത്തിയ ഒരു അധ്യാപകനാണ് നിങ്ങൾ. ഓറഞ്ചുമരത്തോട്ടങ്ങൾ കുട്ടികൾ ആദ്യം കാണുകയാണ്. പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്ന വിധത്തിൽ കുട്ടികൾ ഓരോരോ ചില്ലയിൽ ചാടിക്കുലുക്കുന്നു. സൂക്ഷിപ്പുകാരൻ നിങ്ങളോടാണ് പരാതി പറയുന്നത്, “എന്താ മാഷേ ഈ പിള്ളേര് ഇങ്ങനെ?”
കുട്ടികളോട് ക്ഷോഭിക്കുകയാണ് നോർമൽ സ്ട്രാറ്റജി: “നിങ്ങളോട് ഇതൊക്കെ പറഞ്ഞാണോ ഞാൻ കൊണ്ടുവന്നത്? നിങ്ങളായിട്ട് പള്ളിക്കൂടത്തിന്റെ പേരു കളഞ്ഞു.” തിരിച്ചുവരവ് മൂടിക്കെട്ടിയ മനസ്സുമായാണ്.
വളരെ പണ്ടാണ്. ഒരു ഗുരു തന്റെ ശിഷ്യരുമായി സവാരിക്കിറങ്ങി. യവം കതിരിട്ട വയലിലൂടെ നടക്കുമ്പോൾ ധാന്യമണികൾ പറിച്ച് അവർ വിശപ്പടക്കി. അതു വാസ്തവത്തിൽ അനുവദനീയവുമായിരുന്നു. ‘അയൽക്കാരന്റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോൾ കൈ കൊണ്ട് കതിരുകൾ പറിച്ചെടുത്തുകൊള്ളുക; അരിവാൾ കൊണ്ട് കൊയ്‌തെടുക്കരുത്.’ (നിയമാവർത്തനം 23:25) തർക്കവുമായി എത്തിയ ദേശക്കാരുടെ പ്രശ്നം അതൊരു സാബത്ത് ദിനമാണെന്നുള്ളതാണ്. ഒരു കർമത്തിലും ഏർപ്പെട്ടുകൂടാ എന്ന ചിട്ടയായ അനുശാസനത്തിലാണ് ജൂതബാലകരുടെ വളർച്ച. കതിർമണി പൊട്ടിക്കുന്നതൊക്കെ കൊയ്ത്ത് എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഏറ്റവും ലളിതമായ നിയമങ്ങളേക്കുറിച്ചുപോലും ധാരണയോ മതിപ്പോ അനുശീലനമോ ഇല്ലാത്തവർ എന്ന നിലയിലാണ് അവർ അവതരിപ്പിക്കപ്പെടുന്നത്. വാസ്തവത്തിൽ അത് അവർക്കെതിരായ ആരോപണമല്ല. അവരുടെ പരിശീലനത്തിന് ഉത്തരവാദിയായ ഒരാൾക്കെതിരായ മുനയാണ്, “നിന്റെ ശിഷ്യന്മാർ എന്തുകൊണ്ടാണ് സാബത്തിൽ നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്നത്?”
ഗുരു ഡാം കൂളായിരുന്നു. “ദാവീദും അനുചരൻമാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോൾ എന്തുചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച്, പുരോഹിതൻമാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ?”
ദദാണ്! ഉറ്റവർക്കെതിരായി ചില ആരോപണങ്ങൾ ഉയരുമ്പോൾ അവരെ കൈവിട്ടുകളയുക എന്ന പുരാതനനിയമത്തിന്റെ തിരുത്താണിത്. തീവ്രവാദിസംഘങ്ങളിലൊക്കെ പെട്ടുപോയ മക്കളേക്കുറിച്ചുള്ള ആരോപണങ്ങൾ കേൾക്കുമ്പോൾ അപൂർവമായിട്ടാണെങ്കിലും ഒരു ചെറിയ കോളത്തിൽ ഇങ്ങനെയൊരു അനുബന്ധമുണ്ടാവും; ‘തനിക്കിങ്ങനെയൊരു മകനില്ല എന്നായിരുന്നു യുവാവിന്റെ വയോധികനായ അച്ഛന്റെ പ്രതികരണം.’ അങ്ങനെ പുത്രസ്നേഹത്തേക്കാൾ ദേശസ്നേഹത്തിന് മൂല്യം കൊടുത്ത് ആ അച്ഛനിതാ. എന്തുകൊണ്ടോ അതിലത്ര രോമാഞ്ചം അനുഭവപ്പെടുന്നില്ല. അയാൾ കൂടി വിട്ടുകളഞ്ഞാൽ അവൻ / അവൾ എത്ര പിളർന്നുപോകും! കൂടെയുണ്ടാകും എന്നു കാംക്ഷിച്ചവരാണ് ഇപ്പോൾ മുഖം വെട്ടിത്തിരിക്കുന്നത്. ശിഖയിൽ നിന്ന് ഗർത്തത്തിലേക്കു നോക്കുന്നതുപോലെയാണത്.
പ്രണയത്തിൽ കബളിപ്പിക്കപ്പെടുകയും അപമാനിതാവുകയും ചെയ്ത ഒരു പെൺകുട്ടി. അവൾ നിമിത്തം തങ്ങൾക്കു സംഭവിച്ച മാനക്കേടിനേക്കുറിച്ചാണ് ഓരോരുത്തരുടേയും ദീർഘഭാഷണങ്ങൾ. അവളുടെ തീരെ വയ്യാത്ത പാട്ടി കുഞ്ഞിനെ തേടിവരികയാണ്. മടിയിൽ കിടത്തി എണ്ണമയമില്ലാത്ത മുടയിഴകളിലൂടെ വിരലോടിച്ച് ‘ഒന്നും സംഭവിച്ചിട്ടില്ല, ഞങ്ങളൊക്കെ നിന്നോടൊപ്പം ഇവിടെയൊക്കെത്തന്നയുണ്ട്’ എന്ന് മന്ത്രിക്കുമ്പോൾ മരിച്ചവൾക്ക് ഉയിർപ്പുണ്ടാകുന്നു.
ഇന്നലെ അധ്യാപകദിനമായിരുന്നു. രണ്ടേ രണ്ടു തരം ഗുരുക്കന്മാരേയുള്ളു ഭൂമിയിൽ. കുട്ടികളുടെ സുകൃതങ്ങളിൽ അഭിമാനിച്ച് അതിന്റെ മേനി പറഞ്ഞ് സായന്തനങ്ങളിലേക്ക് എത്തുന്നവർ. മറ്റേത്, അവരുടെ അപമാനങ്ങളിൽ അവരേക്കാൾ അപമാനിതരായി നിന്ന് ആത്മവിശ്വാസം ഉറപ്പിക്കുന്നവർ. എല്ലാവർക്കും സ്തുതിയായിരിക്കട്ടെ.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment