പുലർവെട്ടം 301

{പുലർവെട്ടം 301}

പഴയൊരു കാലമായിരുന്നു; ക്യാമറ അപൂർവവും വളരെ വിലപിടിച്ചതുമായിരുന്ന ഒരു കാലം. ക്രിസ്റ്റഫർ കൊയ്‌ലോയ്ക്ക് ഒരു തീവണ്ടിയാത്രയിൽ തന്റെ ക്യാമറ നഷ്ടമായി; മുഴുവൻ അക്സസറീസുമുൾപ്പടെ. പൊലീസ് സ്റ്റേഷനിൽ ഒരു ആചാരം പോലെ പരാതി എഴുതിക്കൊടുത്ത് മുറിയിലേക്ക് മടങ്ങിയെത്തിയ അയാൾ എല്ലാ അർത്ഥത്തിലും തകർന്നിരുന്നു. ആ വിഷാദത്തിന്റെ കുളിത്തൊട്ടിയിൽ വച്ചാണ് അയാൾക്ക് ആർക്കിമിഡീസിനെപ്പോലെ ഒരു ബോധം ഉണ്ടായത്. ‘യുറേക്ക’ എന്ന പേരിൽ അയാളത് പിന്നീട് കുറിച്ചുവച്ചു; Now I Can See എന്ന പുസ്തകത്തിൽ. സ്വന്തം വിരലുകളെ അയാൾ വിസ്മയത്തോടെ പരിശോധിച്ചു. ക്യാമറയുടെ അപെർചർ ക്രമീകരിക്കാൻ വേണ്ടി മാത്രമല്ല ഈശ്വരൻ എനിക്കീ നീണ്ട വിരലുകൾ സമ്മാനിച്ചത്. ക്യാമറയിൽ മുങ്ങി കുറേക്കാലത്തേക്ക് പലതും ശ്രദ്ധിച്ചിട്ടില്ല. മൂലയ്ക്കു വച്ചിരിക്കുന്ന ഗിറ്റാറിന്റെ തന്ത്രികൾ അയഞ്ഞുതുടങ്ങി, പാലറ്റിലെ നിറങ്ങൾ കട്ട പിടിച്ചു, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പുസ്തകങ്ങളിൽ നിന്ന് ഇരട്ടവാലൻ തലയുയർത്തുന്നു… എല്ലാത്തിനു വേണ്ടിയും വിരലുകൾ അവശേഷിക്കുന്നുണ്ട്.

എന്തു കവർച്ച ചെയ്യപ്പെട്ടുവെന്നല്ല, എന്ത് അവശേഷിക്കുന്നു എന്ന് ആരായുന്നിടത്താണ് അതിജീവനത്തിന്റെ ആദ്യചുവട്. ‘ചിതയിലെ വെളിച്ചം’ എന്ന പേരിൽ എം എൻ വിജയന്റെ ഒരു പുസ്തകമുണ്ട്. വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലാത്ത വിധത്തിൽ ശക്തമായ ഒരു മെറ്റഫറാണ് ആ ശീർഷകം. ഏതു ദുര്യോഗങ്ങൾക്കിടയിലും എന്തോ ചിലത് തെളിഞ്ഞുവരുന്നുണ്ട്.

ഇത്തവണ ലോട്ടറിയടിച്ചത് പ്രകൃതിക്കാണ്. പ്രകൃതി നിഗൂഢമായ ഒരു ഉണർവിലൂടെ കടന്നുപോകുന്നതായാണ് പരിസ്ഥിതിപഠനമേഖലയിൽ നിന്നുള്ള വർത്തമാനങ്ങൾ. ഒരു വശത്ത് പുറംലോകം കാണാതെ മരണമർമ്മരങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യന്റെ വിജനമായ പാതകൾ… പ്രകൃതിയാവട്ടെ മൃതാവരണങ്ങളില്ലാതെ നീലാകാശം വിടർത്തി. (നേരെ പറഞ്ഞാൽ, ചോർച്ചയുള്ള ഓസോൺ പാളി നേരെയാക്കിക്കിട്ടി.) വന്യജീവികൾ അവർക്കു നഷ്ടമായ സ്വന്തം ജീവിതം തിരഞ്ഞു. പരൽമീനുകളെപ്പോലും കാണുന്ന വിധം ഉറവുകൾ തെളിഞ്ഞു. കാട് ആന്തരികമായ ജീവിതക്രമത്തെ വീണ്ടെടുത്ത് പച്ചപ്പുകളിലേക്ക് വിസ്തൃതമായി. മനുഷ്യരുടെ രോഗാതുരമായ ഒഴിവുകാലങ്ങൾ പ്രകൃതിയുടെ സുഖചികിത്സയായി. ജീവന്റെ വിത്തുകൾ വീണ്ടും പൊട്ടിമുളയ്ക്കുമെന്നതാണ് സൂക്ഷ്മമായ സംവേദനം.

വലിയ കമ്പനികൾ വല്ലപ്പോഴുമൊക്കെ പത്രത്തിന്റെ മുഴുവൻ പേജും വാടകയ്ക്കെടുത്ത് വിളംബരം ചെയ്യുന്ന ഒരു വിശേഷമുണ്ട്; രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനുവേണ്ടി ഞങ്ങൾ ഞങ്ങളെത്തന്നെ പുനരർപ്പിക്കുന്നു. ജീവിതം പതുക്കെപ്പതുക്കെ അതിന്റെ വേഗം വീണ്ടെടുക്കുമ്പോൾ മണ്ണിനും മനുഷ്യർക്കും വേണ്ടി ഒരു പുനരർപ്പണമന്ത്രം മുഴങ്ങിയാൽ നന്ന്. പാഠങ്ങളിൽ നിന്ന് പഠിക്കാത്ത ഏക സ്പീഷിസ് മനുഷ്യനാണെന്നൊരു പരാതി പണ്ടേ ജന്തുലോകത്തിനും സസ്യലോകത്തിനുമുണ്ടായിരുന്നു.

കാളിഘട്ടിനു പുറത്തുള്ള ഒരു കരിങ്കൽമണ്ഡപത്തിലിരുന്ന് ഞങ്ങളന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ പ്രേമപൂർവം ഓർത്തു. ഒരു തുളസിയില ഇഷ്ടദേവതാസങ്കല്പത്തിലേക്ക് അർപ്പിക്കാൻ പോകുമ്പോഴാണ് ആചാര്യന്റെ പ്രജ്ഞയിൽ മിന്നലുണ്ടായത്. പ്രപഞ്ചം മുഴുവൻ ഒരു ശ്രീകോവിലായി പരിവർത്തനം ചെയ്തതായി അയാൾക്ക് അനുഭവപ്പെട്ടു. എന്തിലേക്കും ആരിലേക്കുമാണ് ഞാനിനി ഇലകളും പൂക്കളും അർപ്പിക്കേണ്ടതെന്നോർത്ത് പരവശനായി. പിന്നെ, ഉന്മാദിയേപ്പോലെ എല്ലാ ഇടങ്ങളിലേക്കും തുളസിനാമ്പുകൾ എറിഞ്ഞുകൊണ്ടേയിരുന്നു.

സങ്കടം കൊണ്ടല്ലാതെയും കണ്ണു നിറഞ്ഞൊഴുകാമെന്ന് പിന്നെയും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

– ബോബി ജോസ് കട്ടികാട്

 

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment