പുലർവെട്ടം 300

{പുലർവെട്ടം 300}

‘വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ ക്ലേശിക്കപ്പെടുന്നു’ എന്ന് പോൾ പറയുന്നതിനെ ഓർമ്മിപ്പിക്കുന്നുണ്ട് നബി തിരുമേനിയുടെ ആദ്യകാല അതിന്ദ്രീയ അനുഭവങ്ങൾ. പ്രവാചകന്റെ നാല്പതാം വയസിലായിരുന്നു അത്. അടിമുടി ഒരു കാതായി അന്നു മുതൽ പ്രവാചകൻ. പ്രാണന്റെ പൊരുൾ മലക്കിന്റെ മൃദുമന്ത്രണങ്ങളിൽ നിന്നു മിടിച്ചു. റമദാൻ ഖുറാൻ അവതരിക്കപ്പെട്ട മാസമാണ്. ദൂതുമായെത്തിയ ഗബ്രിയേലിന്റെ സാന്നിധ്യത്തിൽ നരച്ച ആകാശം ഹരിതാഭമായി. പച്ച പുത്തനുണർവിന്റേയും ഉർവരതയുടേയും വർണമാണ്. ഹിംസയെ പ്രതിരോധിക്കുന്ന എന്തോ ഒന്ന് പച്ചയിലുണ്ട്. ഒരു ആശുപത്രിക്കിടക്കയിൽ പച്ച ബെഡ് ഷീറ്റു പോലും പറയാൻ ശ്രമിക്കുന്നത് അതാണ്. ഒരിറ്റു ചോര വീഴുമ്പോൾ പച്ച അതിനെ തവിട്ടാക്കുന്നു.

മരുഭൂമിയിലെ മനുഷ്യർ പച്ചയെ കിനാവു കണ്ടു തുടങ്ങിയ കാലം ഭൂമിയുടെ ആത്മീയചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. മഹാകാരുണ്യത്തിനു വാഴ്ത്തുമായി ചങ്കുലയ്ക്കുന്ന പ്രാർത്ഥനാനിലവിളികളുടെ മുഴക്കമുണ്ടായി: അല്ലാഹു അക്ബർ (God is most great). എല്ലാ ആരാധനകൾക്കും യഥാർത്ഥത്തിൽ അർഹനായവൻ എന്നാണ് അല്ലാഹു എന്ന അറബി പദത്തിന്റെ അർത്ഥം. ആ ചൈതന്യത്തിനു പരിപൂർണവിധേയനാവുന്നതുവഴി ഒരാൾ എത്തിച്ചേരുന്ന സമാധാനമാണ് ഇസ്‌ലാം; ഇരുനൂറു കോടി മനുഷ്യർ ആചരിക്കുന്ന മോക്ഷവഴി.

കഠിനനിഷ്ഠകളുടെ സഞ്ചിതരൂപമെന്ന ആരോപണമാണ് ഇസ്‌ലാം പലപ്പോഴും നേരിടുന്നത്. എന്നാൽ അതു തന്നെയാണ് ആ ധർമ്മത്തിന്റെ നട്ടെല്ല് എന്നു തോന്നുന്നു. ചില നിഷ്ഠകളും സാധനകളും എല്ലാ ധർമ്മങ്ങളും അർഹിക്കുന്നുണ്ട്. അലസരുടെ രാത്രിസത്രമല്ല മതം. ബലവാന്മാർ സ്വന്തമാക്കുന്ന ദൈവരാജ്യം എന്നൊരു സുവിശേഷസൂചനയുണ്ട്. മുട്ടിത്തുറക്കേണ്ട വാതിലും അന്വേഷിച്ചു കണ്ടെത്തേണ്ട വഴിയുമാണത്. എല്ലാ അത്താഴത്തിനും വില കൊടുക്കേണ്ടിയിരിക്കുന്നു. ആ അർത്ഥത്തിൽ ഒരു തീവണ്ടിയാത്രയിൽ എതിരെയിരിക്കുന്ന മനുഷ്യന്റെ നെറ്റിത്തടത്തിലെ നിസ്കാരത്തഴമ്പ് എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.

ചെറിയൊരു യാത്രയുടെ കാലമായിരുന്നു. എല്ലാത്തിനോടും അനുഭാവവും കരുണയും തോന്നാനുള്ള പ്രായവുമായിരുന്നു. നല്ല തണുപ്പുണ്ട്. സന്ധ്യക്ക് ഒരു പുരാതനക്ഷേത്രത്തിന്റെ നടയിലായിരുന്നു ഞങ്ങൾ. തണുത്തുവിറച്ച് ഒരു ചെറിയ കുട്ടി പാതയോരത്ത് ഇരിപ്പുണ്ട്. അവനൊരു കമ്പിളി സ്വെറ്റർ വാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു. തൊട്ടടുത്തൊരു കടയിൽ വിളിച്ചുകൊണ്ടുപോയി അവന്റെ അളവിനൊത്ത ഒന്ന് കണ്ടെത്തി. അതു ധരിച്ച് പുറത്തേക്കു വരുമ്പോൾ അതിന്റെ കൂട് അവൻ വൃത്തിയായി മടക്കി കൈയിൽ ഒതുക്കിപ്പിടിക്കുന്നതായി തോന്നി. കുനുഷ്ടുബുദ്ധി അതിന്റെ പണിയെടുത്തു. അവനാ കമ്പിളിക്കുപ്പായത്തെ നീറ്റായി പായ്ക്കു ചെയ്ത് ആർക്കെങ്കിലും വിറ്റേക്കുമെന്നുറപ്പിച്ചു. അതവനോടു തുറന്നു പറയുകയും ചെയ്തു. എട്ടുവയസുകാരൻ കുട്ടിയുടെ കണ്ണു നിറഞ്ഞു. അവൻ സ്വെറ്റർ താഴ്ത്തി താഴത്തെ ഷർട്ടിന്റെ ബട്ടണുകൾ തുറന്ന് കഴുത്തിലണിഞ്ഞ ഒരു ചരടു കാണിച്ചു. എന്നിട്ട് പരിപൂർണ്ണ ആത്മവിശ്വാസത്തിൽ പറഞ്ഞു: “ഞാൻ മുസ്‌ലിമാണ്. നുണ പറയില്ല.” ഓർക്കുന്നുണ്ട്, ഒരു അഗ്രഹാരത്തിന്റെ തെരുവിൽ എന്തോ ഒന്നിനു വേണ്ടി അന്വേഷിച്ചപ്പോൾ വയോധികനായ ഒരു മനുഷ്യൻ പറഞ്ഞത്, “ഇടത്തേക്കു തിരിയുന്ന മൂലയിൽ ഒരു ക്രിസ്ത്യാനിയുടെ കടയുണ്ട്. അയാൾ നിങ്ങളെ പറ്റിക്കില്ല.”

മനുഷ്യർ പുലർത്തുന്ന ചില ധാർമ്മികധൈര്യത്തിന്റെ പേരാണ് അവർ ആചരിക്കുന്ന മതമെന്ന മട്ടിലുള്ള ചില വീണ്ടുവിചാരങ്ങളിൽ മതം തേജസുറ്റ ഒരു നാമമാകുന്നു. ശവ്വാൽ അമ്പിളിക്കീറ് ഇന്നു മാനത്തു തെളിയും. ഈദുൽ ഫിത്തർ എന്ന ചെറിയ പെരുന്നാളിന്റെ ഘോഷങ്ങളുയരുന്നു. തക്ബീർ മുഴങ്ങും: അല്ലാഹു അക്ബർ!

– ബോബി ജോസ് കട്ടികാട്

 

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment