{പുലർവെട്ടം 303}
Just as despair can come to one only from other human beings, hope, too, can be given to one only by other human beings.
– Elie Wiesel
ഇറ്റലിയിൽ നിന്ന് ആരംഭിച്ച ഒരു കാര്യം യൂറോപ്പ് ഏറ്റെടുത്തു എന്ന പത്രവാർത്ത കണ്ടു. കടുംവർണങ്ങൾ കൊണ്ട് ജാലകങ്ങളിലും ചുവരുകളിലും മഴവില്ലുകൾ വരച്ചിടുകയാണ് അത്. മഴവില്ലിന്റെ കഥയ്ക്ക് ബൈബിളിനോളം പഴക്കമുണ്ട്. ഒരു കൊടിയ പ്രളയത്തിനു ശേഷം, ഇനി ഭൂമിയിൽ മറ്റൊരു സർവനാശത്തിന്റെ കഥയുണ്ടാവില്ലെന്ന ഉടമ്പടിയുടെ ഭാഗമായിരുന്നു അത്.
മഴവില്ലിനെ ഇന്ദ്രചാപമായിട്ടാണ് ഭാരതം സങ്കല്പിച്ചത്.
കഥകൾ പറഞ്ഞുപറഞ്ഞ് മനോമുകുരങ്ങളിൽ മഴവില്ലെഴുതുക എന്നൊരു രീതി ചരിത്രത്തിന്റെ ഏതൊരു ദുരിതകാലത്തുമുണ്ടായിരുന്നു. ഇംഗ്ലിഷ് സാഹിത്യം പഠിച്ചവർക്ക് ബൊക്കാച്ചോയുടെ ഡെക്കാമറൺ കഥകൾ പരിചയമുണ്ട്. രോഗഭീതികളേയും ദുരന്താനുഭവങ്ങളേയും ജീവിതകാമന കൊണ്ടും ഫലിതം കൊണ്ടും കുറുകെ കടക്കാനുള്ള ശ്രമമായിരുന്നു അത്. മനഃശാസ്ത്രതലങ്ങളുള്ള ആഖ്യാനരൂപമായി വേണം ബൊക്കാച്ചോയുടെ കഥകളെ കാണാൻ. ‘കറുത്ത മരണം’ എന്നു വിശേഷിപ്പിക്കപ്പെട്ട പ്ലേഗ് യൂറോപ്പിനെ വിഴുങ്ങിയ കാലത്തിന്റെ ശേഷിപ്പാണിത്. രാപ്പകൽ തെരുവുകളിൽ മരിച്ചുവീഴുന്ന മനുഷ്യർ, തീവ്രമായ മരണഭയത്തെ ശേഷിച്ചവരിൽ നിറച്ചുതുടങ്ങി. അങ്ങനെ ജീവരക്ഷാർത്ഥം ഫ്ലോറൻസിൽ നിന്ന് ഓടിപ്പോയ ഏഴു സ്ത്രീകളും മൂന്നു പുരുഷന്മാരും ഒരുമിച്ച് കണ്ടുമുട്ടുകയാണ്. ഒരു കൂട്ടുജീവിതത്തിന്റെ ആനുകൂല്യം അവർക്കു ലഭിക്കുന്നു. രോഗഗ്രസ്തമായ മനസ്സിനെ ജീവിതാഭിമുഖ്യത്തിലേക്ക് വിളിച്ചുണർത്തുക എന്ന ദൗത്യമായിരുന്നു അവരുടെ കഥകൾക്ക്. ഒരുതരം കഥാർസിസ് തന്നെയായിരുന്നു അത്. ഡെകാമറൺ എന്നാൽ പത്തു നാളുകൾ എന്നർത്ഥം. അറേബ്യൻ രാത്രികളുടെ കഥ പോലെ തന്നെയാണിതും. കഥ പറഞ്ഞുപറഞ്ഞ് ഉദ്വേഗം നിലനിർത്തി ജീവനെ സംരക്ഷിക്കുക.
പുണ്യഗ്രന്ഥങ്ങളെല്ലാം പറയാൻ ശ്രമിക്കുന്നത് പ്രത്യാശയുടെ കഥകളാണ്. സന്താനഭാഗ്യമില്ലാത്ത ഒരു പുരുഷനും സ്ത്രീയും ആകാശത്തിലെ നക്ഷത്രങ്ങളും ഭൂമിയിലെ മണൽത്തരികളും പോലെ പൈതങ്ങളെ കിനാവു കണ്ടുറങ്ങിയ അബ്രാഹത്തിന്റേതു മുതൽ നൂറു കണക്കിനു പ്രതീക്ഷയുടെ കഥകൾ കൊണ്ട് സമ്പന്നമാണ് ബൈബിൾ. ‘നിന്നോടൊപ്പം ഞാനുണ്ടായിരിക്കും’ എന്ന ഒരേയൊരു ഉറപ്പിന്റെ ബലത്തിൽ ചെറുഗണം മനുഷ്യരേക്കൊണ്ട് മഹാസൈന്യത്തെ നേരിട്ട ഗിഡിയോൺ, സിംഹക്കുഴിയിലെ ഡാനിയൽ, അപമാനിതയായ ഹന്ന, കവണയും കല്ലുമായെത്തുന്ന ഡേവിഡ്, ജറുസലേമിന്റെ പുനർനിർമാണമെന്ന ഭാരിച്ച നുകം ഏറ്റെടുത്ത നെഹെമിയ, നഷ്ടമായതെല്ലാം തിരികെക്കിട്ടിയ ജോബ്, തഴുതിട്ട മുറിയിലെ നഷ്ടധൈര്യരായ അവന്റെ അപ്പസ്തോലന്മാർ, എത്ര അകന്നുപോയോ അതിന്റെ പല മടങ്ങു വേഗത്തിൽ മടങ്ങിയെത്താനാവുമെന്ന ഗുണപാഠവുമായി പോൾ, മരണനേരത്തും പ്രത്യാശയുടെ ആകാശത്തിലേക്ക് ഉറ്റുനോക്കി കരം കൂപ്പുന്ന സ്റ്റീഫൻ… അങ്ങനെ അനേകർ ഒലിവുചില്ലകളുമായി അതിന്റെ പാതയോരത്ത് നിൽപ്പുണ്ട്. ഹോളോകോസ്റ്റ് സ്മാരകങ്ങളിൽപ്പോലും ഇന്നവർ പറയാൻ ശ്രമിക്കുന്നത് നൃശംസതയുടെ ഒരു കാലത്തേക്കുറിച്ചല്ല, മറിച്ച് ചെറുതെങ്കിലും ദീപ്തമായിരുന്ന പ്രതീക്ഷയുടെ കഥകളാണ്. ആ അർത്ഥത്തിൽ അത്തരം മ്യൂസിയങ്ങൾ ഒരുതരം ഹോപ് ക്ലിനിക്കുകളാകുന്നു.
ഞങ്ങളുടെ സമൂഹത്തിലെ ഇളമുറക്കാർ ഈ ദിനങ്ങളിൽ ചെയ്യുന്നതും അതുതന്നെയാണ്. തങ്ങൾക്കറിയാവുന്ന പ്രതീക്ഷയുടെ കഥകൾ പറയുക, കേൾക്കുക. CAP HOPE: Cape of Good Hope എന്ന പേരിൽ ‘പണ്ട് പണ്ട്’ എന്നു പറഞ്ഞ് അവർ കഥ തുടരുകയാണ്. സാംപിൾ ഒരെണ്ണം താഴെ.
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment