{പുലർവെട്ടം 304}

മകരപ്പെരുന്നാളിന്റെ തൊട്ടടുത്ത ദിനങ്ങളിൽ അർത്തുങ്കൽ പള്ളിയിൽ നേർച്ചയിടാനെത്തിയതായിരുന്നു ഞങ്ങൾ. കൊടിമരത്തിനു താഴെ നിൽക്കുമ്പോൾ അപ്പന്റെ ഒരു സ്നേഹിതൻ, ‘ഒന്നു വരൂ’ എന്നു പറഞ്ഞ് അപ്പനെ കൂടെ കൂട്ടി; വാലായി ഞാനും. തൊട്ടടുത്തുള്ള സ്കൂൾ വരാന്തയിൽ വല്ലാതെ മുഷിഞ്ഞുപോയ ഒരു സ്ത്രീ കൂനിപ്പിടിച്ചിരിപ്പുണ്ട്; സ്വന്തമായി ക്ഷേത്രമൊക്കെയുള്ള ഒരു വലിയ തറവാട്ടിലെ ചേച്ചിയാണ്. കുട്ടിയെന്ന നിലയിൽ മനസ്സിലായത് ഇതാണ്: വീടുവിട്ട് ഇറങ്ങിപ്പോയ അവരെ ഏതാനും ദിവസങ്ങൾക്കു ശേഷം പള്ളിപ്പെരുന്നാളിന്റെ തിരക്കിനിടയിൽ വച്ചിട്ട് വിശ്വസിച്ചയാൾ അപ്രത്യക്ഷനായതാണ്. അപ്പൻ പറഞ്ഞു, “ആലപ്പുഴയ്ക്കുള്ള ബസ് ഇപ്പോഴുണ്ട്. ഞങ്ങൾ വീട്ടിലാക്കാം.”

“വേണ്ട സാർ, ആരെങ്കിലും അന്വേഷിച്ചുവരുമോയെന്ന് നോക്കട്ടെ.” അനുനയത്തിനു സാധ്യമല്ലാത്തയത്ര ദൃഢമായിരുന്നു അവരുടെ മറുപടി.

അപ്പോൾ അങ്ങനെയൊരു വശമുണ്ട്. ഇറങ്ങിപ്പോയവരും ഇടറിപ്പോയവരുമൊക്കെ അവരുടെ വിവേകം പ്രകാശിക്കുന്നയന്ന് കുനിഞ്ഞ ശിരസും കലങ്ങിയ കണ്ണുകളുമായി മടങ്ങിയെത്തുമെന്ന് നമ്മളങ്ങു വെറുതെ ധരിക്കുകയാണ്. അത്രയും പാദങ്ങൾ പൊള്ളിയതുകൊണ്ട് ഇനിയൊരു ചുവട് ചവിട്ടാനാവാതെ കുഴഞ്ഞുപോയവർ. അവർ കാത്തിരിക്കുകയാണ്, ആരെങ്കിലുമൊരാൾ എവിടെ നിന്നെങ്കിലും പുറപ്പെട്ടിട്ടുണ്ടാവും. ‘ഒളിച്ചേ കണ്ടേ’ കളിക്കുന്ന കുട്ടികൾ നോക്കി നിൽക്കുമ്പോൾ അങ്ങു വലുതായിപ്പോയതുകണക്കാണ്. കുട്ടികളെ തിരഞ്ഞെത്തുന്നതുപോലെ മുതിർന്നവരെ തേടി വരാൻ ആരുമില്ലെന്ന അറിവാണ് ഒരായുസ്സിൽ ഒരാൾക്ക് കിട്ടാവുന്ന കഠിനമായ പ്രഹരം. അതുകൊണ്ടാണ് അയാൾ നല്ലിടയന്റെ കഥ പറഞ്ഞത്. തിരികെ വരനാവാതെ ആത്മനിന്ദയുടെ മുൾപ്പടർപ്പിൽ കുരുങ്ങിപ്പോയവർക്ക് രക്ഷകന്മാരെ ആവശ്യമുണ്ട്. അനുതാപികളുടെ മടക്കയാത്ര മാത്രമല്ല, അവരെ തേടിയുള്ള അലിവുള്ളവരുടെ അലച്ചിലുകളും കൂടി ചേർന്നാണ് സുവിശേഷദൂത് പൂർത്തിയാവേണ്ടത്.

നിങ്ങളിലാരാണ് നൂറിലൊരാൾ നഷ്ടമായാൽ തൊണ്ണൂറ്റിയൊമ്പതിനേയും വിട്ട് കിട്ടുവോളം അതിനെ തേടാത്തത്. അതിനെ നടക്കാൻ വിട്ടുകൊടുക്കാതെ തോളിലേറ്റി കൊണ്ടുവരികയാണ് എന്ന വിശദാംശത്തിൽ കരുണയുടെ പാൽപ്പത നുരയുന്നു. രക്ഷിക്കപ്പെട്ട ആ നേരം മുതൽ അയാളുടെ ഉയിരിലേക്ക് നിങ്ങൾ ഗ്രാഫ്റ്റ് ചെയ്യപ്പെടുകയാണ്. തിരികെ കൊണ്ടുവന്നു എന്നു നാം കരുതുന്ന പലരോടും നമ്മുടെ ശരീരം പുലർത്തുന്ന ഭാഷ ധാർഷ്ട്യത്തിന്റേയും അസ്പൃശ്യതയുടേയുമാണ്. സ്കൂൾ അസംബ്ലിയിൽ വച്ച് സൗജന്യപുസ്തകം കിട്ടിയവരേപ്പോലെ, ഉയരുന്ന കൈകൊട്ടൽ അപഹാസത്തിന്റേതാണോ അഭിനന്ദനത്തിന്റേതാണോ എന്ന് വേർതിരിക്കാനാവാതെ പിൻനിരയിലേക്കു തല കുനിച്ച് നമ്മളിങ്ങനെ. തിരിച്ചുവന്നവർക്ക് മതിമറന്ന് ആഹ്ലാദിക്കാൻ അവകാശമില്ലെന്നാണ് നമ്മളവരോട് പറയാതെ പറയുന്നത്.

ജോൺ എബ്രഹാമിനു വേണ്ടി സക്കറിയ എഴുതിയ ‘ജോസഫ് ഒരു പുരോഹിതൻ’ എന്ന തിരക്കഥ വീണ്ടും വായിച്ചു. ആഭിമുഖ്യങ്ങളിൽ കാര്യമായ തെളിച്ചമോ ആന്തരികതയിൽ ആഴമോ ഇല്ലാത്ത ജോസഫ് എന്ന മീഡിയോക്കറായ ഒരു പുരോഹിതനെ അനുഭവത്തിന്റേയും ആന്തരികതയുടേയും ആനുകൂല്യമുള്ള ഒരു വല്യച്ചൻ അക്ഷരാർത്ഥത്തിൽ തിരഞ്ഞുകണ്ടെത്തുന്ന കഥയാണത്. സിനിമയാവാതെ പോയ തിരക്കഥയാണ്. 1987 മേയ് മാസത്തിന്റെ കടശിയിൽ കലയേയും ജീവിതത്തേയും ഒരേപോലെ ധൂർത്തടിച്ച ആ അസാധാരണ പ്രതിഭാശാലി കടന്നുപോയതുകൊണ്ട് അതിനി കൊട്ടകയിലേക്ക് എത്തുകയുമില്ല. മലയാളത്തിൽ യേശുവിന്റെ ഗുട്ടൻസ് ഏറ്റവും ഭംഗിയായി പിടുത്തം കിട്ടിയ സക്കറിയയുടെ ആ തിരക്കഥയിൽ, ജോസഫെന്ന പുരോഹിതൻ എല്ലാം വിട്ട് ഒരു കുടുസു ലോഡ്ജിൽ ഒളിച്ചുപാർക്കുന്നിടത്താണ് വല്യച്ചൻ തേടിവരുന്നത്. അയാൾ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “ദൈവത്തിൽ നിന്നുള്ള ഒളിച്ചോടൽ മാത്രമാണ് പാപം. പക്ഷേ, ദൈവം ഒരു വേട്ടനായേപ്പോലെ ഒളിച്ചോട്ടക്കാരെ പിന്തുടരുന്നു. ഔസേപ്പച്ചന്റെ ഒളിച്ചോട്ടം തീർന്നു. വേട്ടനായുടെ പിടിയിൽ നിന്ന് ഔസേപ്പച്ചനു രക്ഷയില്ല.” ഒടുവിലത്തെ ഷോട്ടിൽ ജോസഫിന്റെ തോളിൽ പിടിച്ച് പുറത്തുള്ള കാറിലേക്കു കയറ്റിയ ശേഷം വല്യച്ചനും ഒപ്പം കയറുന്നു. കാർ വളവു തിരിഞ്ഞ് കുന്നിറങ്ങുന്നു.

ശുഭം!

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Fediverse reactions
September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading