പുലർവെട്ടം 319

{പുലർവെട്ടം 319}

താരതമ്യം എന്ന അവനവൻകടമ്പയിൽ തട്ടിയാണ് മിക്കവാറും പേർ തീവ്രവിഷാദികളാകുന്നത്. ചുറ്റിനും പാർക്കുന്നവരോട് ജീവിതം കുറേയേറെ അനുഭാവവും ആനുകൂല്യവും കാട്ടിയതായി നാം പരാതിപ്പെടുന്നു. ഇന്നലെ വായിച്ചെടുത്ത ആ കഥ അങ്ങനെ ഒരു പരാമർശത്തിലാണ് അവസാനിക്കുന്നത്. കൈവെള്ളയിലെ നാണയത്തിന്റെ തിളക്കം കാണാനാവാത്ത വിധത്തിൽ നിഴൽ വീണിരിക്കുന്നു. “അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ.”

ശ്രദ്ധേയമായ ഒരു ഹ്രസ്വചിത്രം – The Neighbors’ Window – പറയാൻ ശ്രമിക്കുന്നതതാണ്. ഒരു വീട്ടമ്മയുടെ മിഴിയിലൂടെയാണ് കഥ വികസിക്കുന്നത്. ജാലകക്കാഴ്ചകൾ സാധ്യമാവുന്ന വിധത്തിൽ മുഖാമുഖം നിൽക്കുന്ന ഒരു അപാർട്മെന്റിൽ താമസമാക്കുന്ന പുരുഷന്റേയും സ്ത്രീയുടേയും സ്നേഹം നുരയുന്ന ജീവിതം അവളെ കൊതിപ്പിക്കുന്നു. ഇവിടെയാവട്ടെ കുഞ്ഞുങ്ങളുടെ ബഹളവും ജീവിതത്തിന്റെ പെടാപ്പാടുകളും ചില സംഘർഷങ്ങളും. വിരസമാകുന്ന ജീവിതത്തിലെ സ്വപ്നത്തുരുത്തായിട്ടാണ് ആ അയൽവീട് അവൾക്ക് അനുഭവപ്പെടുന്നത്. ഒരു ദിവസം അയൽക്കാരൻ ശയ്യാവലംബിയാകുന്നതായും പിന്നീട് ആരൊക്കെയോ ചേർന്ന് അയാളെ പുറത്തേക്ക് കൊണ്ടുപോകുന്നതും അവൾ കാണുന്നു. ആദ്യമായി തന്റെ അയൽക്കാരിയോടു സംസാരിക്കാൻ അവൾ ഓടിയെത്തുന്നുണ്ട്. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, താനും ഭർത്താവും എത്ര കൗതുകത്തോടുകൂടിയാണ് തങ്ങളുടെ ജാലകത്തിലൂടെ അവളേയും അയാളേയും അവരുടെ കുഞ്ഞുങ്ങളേയും ഉറ്റുനോക്കിയിരുന്നതെന്ന് അയൽക്കാരി അവളോടു പറയുന്നു, ‘Your children are highly adorabale and hilarious’ എന്നാണ് അമ്മയെ അവർ കോംപ്ലിമെന്റ് ചെയ്യുന്നത്.

താരതമ്യങ്ങളുടെ കഠിനമായ നുകം നാം കെട്ടിവയ്ക്കുന്നത് അവരുടെ ഇളംചുമലിലേക്കാണ്. കുട്ടികളെ മത്സരബുദ്ധിയുള്ളവരാക്കുക എന്ന സങ്കല്പത്തിലാണ് പലരുമായി അവരെ താരതമ്യപ്പെടുത്താൻ ശ്രമിക്കുന്നത്. അതു വീട്ടിലെ കുഞ്ഞുങ്ങളാവാം, ക്ലാസ്‌മുറിയിലെ കൂട്ടുകാരാവാം, സഹപ്രവർത്തകരുടെ മക്കളാവാം. എന്തൊരു അപകടം പിടിച്ച കളിയാണിത്. ‘You can’t teach children to behave better by making them feel worse’ എന്ന് കുട്ടികളുടെ മനഃശാസ്ത്രജ്ഞയായ പാം ലിയോ പറയുന്നത് എത്ര ശരിയാണ്. എന്തിലേക്കൊക്കെയാണ് നമ്മളവരെ തള്ളിയിടുന്നത്; കഠിനസമ്മർദം, കളഞ്ഞുപോവുന്ന ആത്മവിശ്വാസം, ലജ്ജ, പൊതുവിടങ്ങളിൽ നിന്നുള്ള അകലം, സിബ്ലിങ് റൈവൽറി അങ്ങനെ. ഇതിന്റെ ഭാരം നിങ്ങളനുഭവിക്കണമെങ്കിൽ, നിങ്ങളുടെ പങ്കാളി മറ്റൊരാളുടെ പങ്കാളിയുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്ന സാഹചര്യം ഓർമിച്ചാൽ മതി. അവൾ ഭക്ഷണം വിളമ്പുമ്പോൾ ‘രാധിക ഇതിനേക്കാൾ നന്നായി പാചകം ചെയ്യു’മെന്ന് പറഞ്ഞുനോക്കൂ. ഈ ലോക്ഡൗൺ കാലത്ത് നിങ്ങൾ പട്ടിണി കൊണ്ട് സമാധിയാകും. എന്തൊരു ബോറാണല്ലേ?

മനുഷ്യരുടെ വിഭിന്നങ്ങളായ സാധ്യതകളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുവേണം നമ്മളവരെ കൂട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആകാശത്തേക്കു വിരൽ ചൂണ്ടാൻ. വിഭിന്നങ്ങളായ അളവുകളിലാണ് ഓരോരുത്തരുടേയും ആന്തരികധനം പങ്കിട്ടുകൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് താലന്തുകളുടെ കഥ പറഞ്ഞപ്പോൾ അഞ്ചും രണ്ടും ഒന്നുമൊക്കെയായി അതു കൈമാറിയെന്ന് യേശു പറഞ്ഞത്. അടിസ്ഥാനസാധ്യതകളിൽത്തന്നെ കാതലായ വ്യത്യാസം സൂക്ഷിക്കുമ്പോൾ പൊതുവായ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് താരതമ്യങ്ങളെ അയുക്തമാക്കുന്ന വിചാരം.

ക്ലാസിൽ ടീച്ചർ ഉഴപ്പനൊരുത്തനെ മോട്ടിവേറ്റ് ചെയ്യുകയായിരുന്നു. “അപ്പൂ, ഈ പരീക്ഷയ്ക്ക് നൂറിൽ എൺപതു വാങ്ങണം.”

“നൂറിൽ നൂറും വാങ്ങും.”

“വെറുതെ തമാശിക്കണ്ട.”

“ആരാ ആദ്യം തമാശ പറഞ്ഞത്?”

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment