പുലർവെട്ടം 320

{പുലർവെട്ടം 320}

മറക്കില്ല എന്നാണ് നാം ഓരോ നിമിഷവും പറയാൻ ശ്രമിക്കുന്നത്. പഴയ പുസ്തകക്കെട്ടുകൾ അടുക്കിച്ചിട്ടപ്പെടുത്തുമ്പോൾ പലവർണ്ണത്താളുകളുള്ള ഒരു ചെറിയ പുസ്തകം കണ്ണിൽപ്പെടുന്നു. പത്താം ക്ലാസ് പിരിയുമ്പോൾ വാങ്ങിയ ഓട്ടോഗ്രാഫ് ആണത്. ഓരോ താളിലും മറക്കരുതെന്ന വാക്ക് പല രീതിയിൽ സഹപാഠികൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുതന്നെയാണ് അവരുടെ ഓർമ്മപ്പുസ്തകത്തിൽ തിരിച്ചെഴുതാൻ ശ്രദ്ധിച്ചിരുന്നതും.

പിന്നെയും എത്രകാലം കഴിഞ്ഞാണ് നടക്കാനിറങ്ങിയ രണ്ട് ജീവബിന്ദുക്കളുടെ കഥ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ വായിക്കുന്നത്. “നീ ചേച്ചിയെ മറക്കുമോ?” ഏട്ടത്തി ചോദിച്ചു.

“മറക്കില്ല,” അനുജത്തി പറഞ്ഞു.

“മറക്കും,” ഏട്ടത്തി പറഞ്ഞു. “ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.”

നമ്മൾ മോശം മനുഷ്യരായതുകൊണ്ടൊന്നുമല്ല. അത് അങ്ങനെയാണ്. ഗ്രീക്ക് പുരാണങ്ങളിൽ ജനിമൃതികളുമായി ബന്ധപ്പെട്ട് നമ്മുടെ മിഴികളിൽ പെടാത്ത അഞ്ച് നദികളുണ്ട്. അഗ്നിയുടെയും പ്രതിജ്ഞയുടെയും ദുരിതങ്ങളുടെയും വിലാപത്തിന്റേയും ഓർമ്മയുടേതുമാണ് ആ അന്തർവാഹികൾ. അവയിലേറ്റവും കഠിനമായ ഒന്നാണ് മറവിയുടെ നദി എന്നറിയപ്പെടുന്ന ലീതീ; river of forgetfulness. മരണാനന്തരം ആത്മാക്കൾ ഈ നദിയിൽ നിന്ന് പാനം ചെയ്താൽ ഭൗമികമായ ഓർമകൾ, പൂർവ്വജന്മസ്മൃതികൾ എല്ലാം നഷ്ടമാകുമെന്ന ഭീതിദസങ്കല്പമാണത്.

ബന്ധങ്ങളെല്ലാം ജീവിച്ചിരിക്കെതന്നെ മായപോലെ മറഞ്ഞുപോകുന്നുവെന്ന ഉള്ളിന്റെയുള്ളിലെ തിരിച്ചറിവുകളാണ് ഏത് മനുഷ്യന്റെ ജീവിതത്തെയും അസഹ്യമാംവിധം നിസ്സഹായമാക്കുന്നത്. തീവ്രഗന്ധങ്ങളുടെ ചെമ്പകക്കാടുകളിൽ അലയുമ്പോഴും മറവിയുടെ നദിയിൽ പതിക്കുന്നതിനെക്കുറിച്ചുള്ള ആകുലതകളിലൂടെ നമ്മൾ സഞ്ചരിക്കുന്നു.

മിത്തുകൾ ജീവിതത്തിന്റെ അവസാനവാക്കല്ല. കഥകളിലൂടെ ജീവിതത്തിനു കൈമാറിക്കിട്ടുന്ന മുന്നറിയിപ്പുകളാണ്. അതിനുമപ്പുറത്തേക്കു പോകൂ എന്നാണവ തോറ്റം പാടുന്നത്. ഓർമകളെങ്ങു പോകാൻ! ഒരു ചെറിയ കാലത്ത് അവയെ കാണാതിരുന്നാൽപ്പോലും ഉള്ളടരുകൾക്കു താഴെ നിരന്തരം ഒഴുകുന്നതുകൊണ്ട് പുഴ അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കും. പീറ്ററിനെ ഓർമിക്കുന്നു. ഒരു തീകായലിന്റെ ഇടവേളയിൽ അയാൾ വിസ്മൃതിയുടെ മായാനദിയിലേക്ക് വഴുതിപ്പോയി. ഒരു കോഴികൂവലിൽ അതു വീണ്ടെടുക്കപ്പെടുന്നു. മറ്റൊരു തീയുടെ മുന്നിൽ വച്ച് സ്മൃതിയുടെ ഉത്സവം കൊണ്ട് അയാൾ അതിനു പ്രായശ്ചിത്തം ചെയ്യുന്നു. അതേ നാവു കൊണ്ട് ഒരിക്കിൽ ‘അറിയില്ല’ എന്നു പറഞ്ഞതിനു പകരമായി അത്രയും തവണ – മൂന്നാവർത്തി – സ്നേഹിക്കുന്നു എന്നു കണ്ണീരോടെ പറഞ്ഞ് നിലവിളിയിലേക്കു വീഴുന്നു. ഓർമകൾ മടങ്ങിവരികയാണ്. സായന്തനങ്ങളിൽ ചിതറിപ്പോയ ഓർമകളെല്ലാം അടുക്കും ചിട്ടയുമില്ലാതെ വിരുന്നുവരും.

സച്ചിദാനന്ദന്റെ ‘അവസാനത്തെ നദി’ എന്ന അല്പം പരിസ്ഥിതിപ്രാധാന്യമുള്ള കവിതയിൽ ഇങ്ങനെ വായിച്ചിട്ടുണ്ട്. ഓർമ്മയിലെ വീടും ചിരിയും നിഴലുമെല്ലാം കവർന്നെടുത്തു പോകുമ്പോൾ അവസാനത്തെ നദി കുട്ടിയോടു ചോദിക്കുന്നുണ്ട്, നിനക്കെന്നെ ഭയമില്ലേ? ഇല്ല, മരിച്ചുപോയ നദികളുടെ ആത്മാക്കൾ എന്റെ കൂടെയുണ്ട്. സരസ്വതിയും ഗംഗയും കാവേരിയും നൈലും നിളയും… പോയ ജന്മങ്ങളിൽ അവയാണെന്നെ വളർത്തിയത്. കുട്ടി മണി കിലുക്കി, മഴ പെയ്തു. പെട്ടന്ന് നദി തണുത്തു. രക്തവർണം നീലാർദ്രമായി. തളിർപ്പുകളുണ്ടായി. ഘടികാരങ്ങൾ നിലയ്ക്കാതെ ചലിച്ചുകൊണ്ടിരിക്കുന്നു.

ഏത് മറവിയിലും വേർപാടുകളിലും ഒറ്റപ്പെടലുകളിലും എത്രയോ പേരുടെ ഓർമകളുടെ തണുപ്പിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.

എല്ലാ മനസ്സുകളിലും ഒരു മായാനദിയുണ്ട്; ഓർമ്മയുടെ കല്ലോലജാലങ്ങൾ.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment