{പുലർവെട്ടം 360}
മൃതദേഹം ദഹിപ്പിക്കാൻ തയാറായ ആലപ്പുഴ രൂപതയെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നത് ടിവിയിൽ കണ്ടുകൊണ്ടാണിത് കുറിച്ചുതുടങ്ങുന്നത്. ഇന്നലെ നമ്മൾ സൂചിപ്പിച്ച കൾചറൽ ഫ്യൂഷന്റെ ഏറ്റവും നല്ല വർത്തമാനപാഠമാണത്.
ക്യാറ്റക്കൂംസ് – catacombs – മനുഷ്യകരങ്ങൾ സൃഷ്ടിച്ച പുരാതന ഭൂഗർഭപഥങ്ങളാണ്. Among the tombs എന്നർത്ഥം വരുന്ന cata tumbas എന്ന ലത്തീൻ ശൈലിയിൽ നിന്നാണാ പദം. അപരിചിതർക്ക് ആഴയക്കുഴപ്പം ഉണ്ടാക്കുന്ന വിധത്തിൽ സങ്കീർണമായിട്ടാണത് വിന്യസിക്കപ്പെട്ടിരിക്കുന്നത്. അതിലേക്കു പ്രവേശിക്കുന്ന സന്ദർശകരെ അനുഗമിക്കാൻ ഒരു വഴികാട്ടി ഉണ്ടോയെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തുന്നുണ്ട്. മതപരമായ ഒത്തുചേരലിനുള്ള ഒളിയിടം എന്നതിനേക്കാൾ ആദിമക്രൈസ്തവരുടെ ഒരു സെമിത്തേരി എന്ന നിലയിലായിരുന്നു അവയുടെ പ്രസക്തി. അവരിൽ പലരും റോമിന്റെ കണ്ണിൽ അടിമകളായിരുന്നു. എന്നിട്ടും അവർക്ക് ഏറ്റവും കുലീനമായ മൃതസംസ്കാരം നൽകാൻ ആദിമസമൂഹം ശ്രദ്ധിച്ചിരുന്നു. ഇത്തരം ഇടങ്ങളിൽ പീറ്ററിനേയും പോളിനേയും അടക്കിയെന്നു വിശ്വസിക്കുന്ന ആപ്പിയൻ വെയിലെ – Appian Way – സമാധിയിൽ സദാ സന്ദർശകരുണ്ട്.
യേശുവിനോളം പഴക്കമുള്ള ഒരു ബോധമാണത്. ജീവിതത്തിൽ യേശുവിനു ലഭിച്ച ഓരേയൊരു ലക്ഷ്വറി ശ്രേഷ്ഠമായ ഒരു സംസ്കാരമായിരുന്നു. കുരിശിൽ മരിച്ചവരെ അതിൽത്തന്നെ ഉപേക്ഷിച്ചുപോവുകയെന്നതാണ് റോമൻരീതി. ജീവിക്കുന്നവർക്കുള്ള മുന്നറിയിപ്പാണത്. ഋതുക്കൾക്ക് അവരെ വിട്ടുകൊടുക്കും; കഴുകന്മാർക്കും അവരുടെ ഓഹരി ലഭിച്ചിട്ടുണ്ടാവും. ഇതുകേട്ട് അമ്പരക്കേണ്ട. വർത്തമാനത്തിൽ ‘ദാഖ്മ’ എന്ന നിശബ്ദഗോപുരത്തിൽ അതിപ്പോഴും സംഭവിക്കുന്നുണ്ട്. സൊരാഷ്ട്രിയനിസത്തിൽ മൃതശരീരങ്ങളെ കഴുകന്മാർക്കു നേദിക്കുകയാണ് രീതി. അവരുടെ വിശ്വാസമനുസരിച്ച് തീ, വെള്ളം, മണ്ണ്, കാറ്റ് എന്നീ നാല് എലമെന്റ്‌സിനെ മലിനപ്പെടുത്താൻ മനുഷ്യന് അവകാശമില്ല എന്ന ബോധത്തിൽ നിന്നാണത്.
സംസ്കൃതികളേക്കുറിച്ചുള്ള പഠനങ്ങളിലെല്ലാം മൃതസംസ്കാരത്തേയും ഒരു സുപ്രധാന ഏകകമായി ഗണിക്കാറുണ്ട്. പിരമിഡുകൾ പോലും വാസ്തവത്തിൽ പറയാൻ ശ്രമിക്കുന്ന പാഠമതാണ്. വൈവിധ്യമാർന്ന ഗോത്രങ്ങളിൽ ഏറ്റവും ആദരപൂർവം സങ്കല്പിക്കപ്പെട്ട ഒന്ന് മൃതശരീരങ്ങളായിരുന്നു. നമ്മുടെ ദേശത്തിന്റെ സംസ്കാരപഠനങ്ങൾ തന്നെ ഒന്നോർത്തുനോക്കൂ. ദ്രാവിഡജനത മൃതരെ മറവു ചെയ്യുന്ന രീതികളിലുള്ള വൈവിധ്യമാണ് അവരുടെ സംസ്കാരത്തെ നിർണ്ണയിക്കുന്നതെന്ന് പറയാറുണ്ട്. ചരിത്രത്തിലത് മഹാശിലാസംസ്കാരം എന്നാണ് അറിയപ്പെടുന്നത്. കല്ലറകൾ, മേശക്കല്ലുകൾ, കൽവൃത്തങ്ങൾ, കുടക്കല്ലുകൾ, തൊപ്പിക്കല്ലുകൾ, പുലച്ചിക്കല്ലുകൾ, നന്നങ്ങാടികൾ അല്ലെങ്കിൽ താഴികൾ എന്നിങ്ങനെ കേരളത്തിലങ്ങോളം അതിന്റെ സ്മാരകചിഹ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ മൃതശരീരങ്ങളെ അനാദരവോടും അലക്ഷ്യമായും കൈകാര്യം ചെയ്യുന്ന രീതി ഒരു സമൂഹത്തിനും ദേശത്തിനും ഭൂഷണമല്ല; അതു പള്ളിത്തർക്കങ്ങളിൽ പെട്ടാലും സാംക്രമികരോഗഭീഷണിയിൽ ഊതിവീർപ്പിക്കപ്പെട്ടാലും.
ഓർക്കുന്നു, പി. എൻ. ദാസ് എങ്ങനെയാണ് പ്രിയപ്പെട്ട ഒരാളെന്ന നിലയിൽ ഉള്ളിലേക്കു പ്രവേശിച്ചത്. ഷെൽവിയുടെ ‘ഓർമ’ പുസ്തകത്തിൽ അദ്ദേഹമെഴുതിയ ചെറിയൊരു കുറിപ്പുണ്ടായിരുന്നു. അന്യദേശക്കാരനായ ഒരു കുട്ടിയെ നിളയുടെ തീരത്ത് സംസ്കരിച്ച അനുഭവമായിരുന്നു അത്. ഏറ്റവും പ്രാർത്ഥനയോടും ആദരവോടും കൂടിയാണ് ആ രാത്രിയിൽ അവരത് അനുഷ്ഠിച്ചത്.
ജീവിച്ചിരിക്കുന്നവർ മാത്രമല്ല മരിച്ചവരും ദയ അർഹിക്കുന്നുണ്ട്.
– ബോബി ജോസ് കട്ടികാട്
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment