പുലർവെട്ടം 324

{പുലർവെട്ടം 324}

വിനിമയം ചെയ്യപ്പെടാത്ത വിശിഷ്ടദാനങ്ങൾക്ക് എന്തു സംഭവിക്കുമെന്നു സൂചിപ്പിക്കാൻ വേണ്ടികൂടിയാണ് അവൻ താലന്തിന്റെ കഥ പറഞ്ഞത്. ഇന്ന് വൈവിധ്യമാർന്ന കഴിവുകളേയും സിദ്ധികളേയും അടയാളപ്പെടുത്താനാണ് താലന്ത് എന്ന സൂചന ഉപയോഗിക്കുന്നതെങ്കിൽപ്പോലും, നൈസർഗികവും പ്രാഥമികവുമായ നമ്മുടെ ചില സാധ്യതകളായി അതിനെ കാണുകയാണ് കുറേക്കൂടി യേശുപാർശ്വത്തിൽ നിന്നുള്ള വായന. താലന്ത് ഇന്നൊരു നാണയരൂപമായി പരിഗണിക്കാമെങ്കിലും അതിന്റെ ആദ്യപശ്ചാത്തലത്തിൽ ഒരു അളവുതൂക്കമാണ്; കട്ടി എന്നു വിളിക്കാം. മിക്കവാറും വെള്ളിയാണതിന്റെ ലോഹം.

ജീവിതത്തോട് ശുഭാപ്തിവിശ്വാസം പുലർത്താത്ത ഒരാൾ താലന്ത് കുഴിച്ചിടാൻ തീരുമാനിക്കുന്നു. അതുപോലും അയാളിൽനിന്ന് അപഹരിക്കപ്പെട്ടു എന്നതാണ് കഥാന്ത്യത്തെ കഠിനമാക്കുന്നത്. വിളക്കു കൊളുത്തി പറയുടെ കീഴിൽ സൂക്ഷിക്കുക എന്ന യേശുവിന്റെ ഡ്രൈ ഹ്യൂമറിലും ഇതിന്റെ പ്രതിദ്ധ്വനികളുണ്ട്. കുട്ടികളൊഴിച്ച് എല്ലാവർക്കുമറിയാം അതിന്റെ ജ്വാല കെട്ടുപോയേ തീരൂ എന്ന്.

ഇന്നലെ വായനാദിനമായിരുന്നു. ബ്രെയിൻ ഷ്രിങ്കിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമായാണതിനെ ഇന്നെണ്ണുന്നത്. എന്തും ഉപയോഗത്തിലോ വിനിമയത്തിലോ അല്ലാതെയാകുമ്പോൾ എന്തു സംഭവിക്കുന്നു എന്നറിയാൻ ചില പരിണാമപാഠങ്ങൾ മതി. അടർന്നുപോവുകയോ രൂപഭേദം സംഭവിക്കുകയോ നിലനിൽക്കുമ്പോൾത്തന്നെ ഉപയോഗശൂന്യമായി മാറുകയോ ഒക്കെയായിരുന്നു അതിന്റെ തലവിധി. ഒടുവിലത്തേതിനെ സൂചിപ്പിക്കാൻ വെസ്റ്റിജ്യാലിറ്റി – vestigiality – എന്നൊരു പദമുണ്ട്. മനുഷ്യശരീരത്തിലെ അപ്പെൻഡിക്സ്, പാമ്പുകളുടേയും തിമിംഗലങ്ങളുടേയും പിൻകാലുകൾ – hindlimb, ചെറുദ്വീപുകളിലെ കിളികളുടെ പറക്കാൻ കൊള്ളാത്ത ചിറകുകൾ ഒക്കെ ഉദാഹരണമായി എണ്ണാം.

മനുഷ്യന്റെ സാംസ്കാരികപരിണാമചരിത്രത്തിൽ അങ്ങനെ അടയാളപ്പെടാൻ പോകുന്ന ഒരു കാലമാണ് ഉമ്മറത്തു നിൽക്കുന്നത്. നമ്മുടെ രണ്ടു അടിസ്ഥാനസിദ്ധികൾ സസ്പെൻഡ് ചെയ്യപ്പെടുകയാണ്; സ്പർശവും സ്മിതവും. എത്ര കാലത്തേക്കാണതെന്ന് അറിഞ്ഞുകൂടാ. പതിവായി പോയിക്കൊണ്ടിരിക്കുന്ന ഒരു സൂപ്പർ മാർക്കറ്റിൽ പോയി. സ്റ്റാഫേത്, കസ്റ്റമറേത് എന്നു തുടങ്ങി എല്ലാം സ്ഥലജലഭ്രമങ്ങളായി. മുഖാവരണത്തിനു പിന്നിൽ അവർ പുഞ്ചിരിക്കുകയാണോ പരിഹസിക്കുകയാണോ കഠിനമായി നിരീക്ഷിക്കുകയാണോ… ഒന്നും പിടുത്തം കിട്ടുന്നില്ല. ഈ ആശങ്ക നമ്മൾ വ്യാപരിക്കുന്ന സമസ്തമേഖലകളിലും ഉണ്ടായിരിക്കും.

പുഞ്ചിരിയിൽ പിശുക്കു കാട്ടിയാണ് കാലവും സമൂഹവും മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്നത്. അഥവാ പുഞ്ചിരിച്ചെങ്കിൽത്തന്നെ അതു കൈവിരലിൽ എണ്ണാവുന്നവരിലേക്ക് ചുരുങ്ങിപ്പോയി. സ്പർശത്തിനും ഇതുതന്നെയായിരുന്നു കുഴപ്പം. അളന്നുമുറിച്ച് ഒന്നോ രണ്ടോ പേരിലേക്ക് പരിമിതപ്പെടുത്തിയതായിരുന്നു പുരോഗതിയുടെ ഒരു ലക്ഷണമായി നമ്മളെണ്ണിയത്. ഒരു യാത്രയിൽ മയക്കത്തിൽ തോളിലേക്ക് വഴുതിവീഴുന്ന സഹയാത്രികനെ കൊട്ടിയുണർത്തി തിരുത്തുകയായിരുന്നു നമ്മുടെ രീതി. പ്ലേറ്റോണിക് സ്പർശങ്ങളേക്കുറിച്ച് നമുക്കൊരു മതിപ്പുമില്ലായിരുന്നു. ഇനി ഉറ്റവരെ തൊടണമെങ്കിൽപ്പോലും അവർ കുളിച്ചുവന്നോയെന്ന് തിട്ടപ്പെടുത്തേണ്ടിവരും.

ഉവ്വ്, ഇതെല്ലാം മാറും. നമ്മൾ തിരികെ വന്നവരുടെ ആഹ്ലാദത്തോടെ സമസ്ത പ്രപഞ്ചത്തേയും നോക്കി പുഞ്ചിരിക്കും. മുങ്ങാൻ പോകുന്നവരേപ്പോലെ എല്ലാവരേയും മുറുകെപ്പിടിക്കും. അതുവരെ പഞ്ചേന്ദ്രിയങ്ങളുടെ ഉപവാസമാണ്.

ഓപ്പറേഷനിടയിൽ മുല്ലായ്ക്ക് ബോധം വീണു. അമ്പരന്നു നിൽക്കുന്ന ഡോക്ടറോട് മുല്ലാ കളി പറഞ്ഞു, “ആ മുഖംമൂടിയങ്ങ് മാറ്റിയേരെ. എനിക്കാളെയൊക്കെ മനസ്സിലായി.”

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment