പുലർവെട്ടം 332

{പുലർവെട്ടം 332}

മന്യ തീരെ പൊടിയായിരുന്ന കാലം. കുട്ടിയുടുപ്പ് ഇലക്ട്രിക് തേപ്പുപെട്ടി കൊണ്ട് തേച്ചെടുക്കാനുള്ള ശ്രമമാണ്. സംഗതി കത്തുന്നില്ല. കണ്ണു പൂട്ടി പ്രാർത്ഥന തുടങ്ങി. “ഈശോയേ, ഈ അയൺ ബോക്സ് നേരെയാക്കിത്തരണേ.” ഇടംകണ്ണിട്ടു നോക്കി, നമ്മുടെ മുഖത്തെ പരിഹാസം കണ്ട് വളരെ നിഷ്കളങ്കമായി ചോദിച്ചു: “കപ്പൽ കേടായാൽ മാത്രമേ ഈശോ ഇടപെടുകയുള്ളോ?”

ആ പ്രഭാതം തൊട്ട് ഇന്നോളം അവളുണർത്തിയ സന്ദേഹം പരിഹരിക്കപ്പെട്ടിട്ടില്ല. എന്താണ് ചെറിയ കാര്യം? എന്താണ് വലുത്? എന്താണ് സില്ലിയായ പ്രാർത്ഥന? എന്താണ് ഗൗരവമുള്ള പ്രാർത്ഥന? ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ലിസ്യുവിലെ തെരേസയുടെ ആത്മകഥ വായിക്കുകയായിരുന്നു. Doctor of the Church എന്ന അപദാനം ലഭിച്ചിട്ടുള്ളയാളാണ്. അഗാധപാണ്ഡിത്യത്തിനു നൽകുന്ന ആദരവാണത്; ഇത്രയും ദീർഘമായ ചരിത്രത്തിൽ നിന്ന് ഇതുവരെ ഇതിലേക്ക് കണ്ടെത്തിയിട്ടുള്ളത് 36 പേരെ മാത്രമാണ്. പൊതുവെ പുരുഷന്മാർക്കായിരുന്നു ആ ജനുസിൽ പെടാനുള്ള ഭാഗ്യം. അവരെഴുതിക്കൂട്ടിയ വാല്യങ്ങൾക്ക് കണക്കില്ല. ഷെൽഫിൽ നിന്ന് ഒന്നെടുക്കുമ്പോൾ മറ്റൊന്ന് കൈ തട്ടി കാലിൽ വീണാൽ മുപ്പതു ദിവസം കഴിഞ്ഞ് പ്ലാസ്റ്റർ വെട്ടിയാൽ മതി. സ്ത്രീകൾ തെരേസയെക്കൂടാതെ മൂന്നു പേരാണ്. ആവിലായിലെ തെരേസയും സിയന്നായിലെ കാതറിനും ബിൻഗെനിലെ ഹിൽഡെഗാർഡും. ഒടുവിൽ പരാമർശിക്കപ്പെട്ടയാൾ കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ ആരംഭത്തിലാണെങ്കിലും കഴിഞ്ഞ ദശകത്തിലാണ് പോപ് ബനഡിക്റ്റ് പതിനാറാമനാൽ വിശുദ്ധയും വേദപാരംഗതയുമായി പ്രഖ്യാപിക്കപ്പെടുന്നത്. നലം തികഞ്ഞ മിസ്റ്റിക്കുകളാണ് മൂവരും. അവർ അവശേഷിപ്പിച്ച എഴുത്തുകളിലേക്കു നോക്കുമ്പോൾ നിലയില്ലാത്ത കയത്തിലേക്കു നോക്കുന്നതുകണക്കാണ്; തല ചുറ്റും.

നമ്മുടെ ആശാട്ടി ഇതൊന്നും ചെയ്തിട്ടില്ല. കഷ്ടിച്ച് 60 പേജുള്ള ഒരു ആത്മകഥ എഴുതി. ഇരുപത്തിനാലാം വയസിൽ മരിച്ചു. സ്നേഹിക്കുക മാത്രമാണ് തന്റെ ദൈവവിളിയെന്നു വിശ്വസിച്ചു; “My Vocation Is Love”. ആ ആത്മകഥയിലാണ്, ‘എത്ര നാളായി മഞ്ഞു കണ്ടിട്ട് ‘ എന്നവൾ യേശുവിനോടു പരിഭവം പറഞ്ഞെന്നും ആ രാത്രി അവൾ പാർക്കുന്ന ആവൃതിയുടെ മേൽക്കൂരയിൽ മാത്രം മഞ്ഞുപെയ്തെന്നും എഴുതിവയ്ക്കുന്നത്. അവളെ വേദപാരംഗതയാക്കാൻ അർഹയാക്കിയത് ആ ലളിതമായ പുസ്തകമാണ്.

രാത്രി മുഴുവൻ ശീതക്കാറ്റേറ്റ് പുലരിയിൽ തീരത്തെത്തിയപ്പോൾ തീയിൽ ചുട്ട മീനും – തന്തൂരി, അപ്പവുമായി ഉത്ഥിതനായ യേശു കാത്തുനിന്നിടത്താണ് സുവിശേഷം അതിന്റെ പരിസമാപ്തിയിൽ എത്തുന്നതെന്ന് ഇതിനോടു ചേർത്തുവായിക്കാവുന്നതാണ്. ഏറ്റവും ചെറിയ ആവശ്യങ്ങൾക്കും, കബീർ പാടുന്നതുപോലെ ഒരു പൂമ്പാറ്റയുടെ നനുത്ത ചിറകടിക്കുമൊക്കെ ആ ചൈതന്യത്തിന്റെ കരണങ്ങളിൽ മുഴക്കമുണ്ടാവണം.

നമ്മുടെ പ്രശ്നം നമ്മൾ ജറുസലേമിലെ പൈതങ്ങളുടെ സരളത പുലർത്തുന്നുമില്ല, കിഴക്കിന്റെ ജ്ഞാനികളേപ്പോലെ സുരക്ഷിതദേശങ്ങൾ വിട്ട് നക്ഷത്രങ്ങളെ പിൻചെല്ലുന്നുമില്ല എന്നതുതന്നെ. ഇടയിലെവിടെയോ നാം പെട്ടുപോയി. അതുകൊണ്ടാണ് മഴയ്ക്കു വേണ്ടി പ്രാർത്ഥന നടക്കുന്നയിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട് ശേഖരിക്കാവുന്ന മുഴുവൻ ജംഗമവസ്തുക്കളുമായി എത്തുന്ന ജൂണിപ്പർ കേവലഫലിതമായി മാറുന്നത്.

ദൈവം നമ്മൾ വിചാരിക്കുന്നതിനേക്കാൾ പാവമാണെന്നു തോന്നുന്നു.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment