പുലർവെട്ടം 336

{പുലർവെട്ടം 336}

അഗാധമായ അർപ്പണം കൊണ്ടും നിഷ്കളങ്കത കൊണ്ടും എന്നെ സദാ വിസ്മയിപ്പിക്കുന്ന ഒരു കമ്യൂണിറ്റി ജീസസ് യൂത്ത് മൂവ്മെന്റാണ്. ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം അവരോടൊപ്പം ഇരിക്കുമ്പോൾ നിഴൽ പോലെ കൂടെ കൊണ്ടുനടക്കുന്ന എന്റെ സന്ദേഹങ്ങളെ ഓർത്ത് ഞാൻ ലജ്ജിതനാവുന്നു. സംശയങ്ങളിൽ ഇത്ര ലജ്ജിക്കാനൊന്നുമില്ലെന്ന ഒരു സാന്ത്വനവുമായാണ് ദുക്റാന തിരുനാൾ – Saint Thomas Day – വരുന്നത്.

തോമസ് ഇംഗ്ലിഷ് ഭാഷയിൽ ഒരു ശൈലിയാണ്, Doubting Thomas. ഡാനിയൽ ടെയ്ലറിന്റെ The Myth of Certainty, സംശയിക്കുന്ന തോമാമാരെ ഒന്നു മാമ്മോദീസ മുക്കുന്നുണ്ട്. Doubting Christians എന്ന വാക്കിനെ Reflective Christians എന്നു പുനർനാമം ചെയ്യുന്നു. ‘സംശയം’ ഒരു ശേലില്ല, ‘ചിന്ത’ ക്ലാസാണ്! ടെയ്ലർ ഈ റിഫ്ലക്റ്റീവ് ക്രിസ്റ്റ്യൻ കടന്നുപോകുന്ന സംഘർഷങ്ങളെ അക്കമിട്ടു പറയുന്നുണ്ട്. ചില നേരങ്ങളിൽ വളരെ സ്വാഭാവികമായി ദൈവത്തെ കരുതാനാവുക, അടുത്ത നിമിഷം അതത്രയും സില്ലിയായി തോന്നുക, പള്ളിയിൽ നടക്കുന്ന ആരാധന കൃത്രിമമോ ശൂന്യമോ ആയി അനുഭവപ്പെടുക, ഞായറാഴ്ച പള്ളിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് പുറത്തുവച്ച ബുദ്ധി തിങ്കളാഴ്ച എടുക്കാൻ മറന്നോ എന്ന പരിഹാസം നേരിടുക, ചുറ്റിനും നടക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങളിൽ എന്തെങ്കിലുമൊരു ഡിവൈൻ ഡിസൈൻ ഉണ്ടോയെന്ന് സന്ദേഹിയാവുക തുടങ്ങി ശ്വാസം മുട്ടിക്കുന്ന ചെറുതും വലുതുമായ ചോദ്യങ്ങൾക്ക് കപ്പം കൊടുത്ത് ജീവിക്കുകയാണ് അയാളുടെ രീതി. റിഫ്ലക്റ്റീവ് ക്രിസ്റ്റ്യനും അങ്ങനെയല്ലാത്ത ക്രിസ്റ്റ്യനും തമ്മിലുള്ള സാരമായ വ്യത്യാസം, ഉത്തരം കിട്ടാത്ത ചോദ്യത്തേക്കാൾ മോശപ്പെട്ട കാര്യമുണ്ടോ എന്ന് രണ്ടാമത്തെ കൂട്ടർ ആരായുമ്പോൾ, ചോദ്യം ചെയ്യപ്പെടാത്ത ഉത്തരങ്ങളാണ് ആദ്യത്തെ ആളുകളുടെ പ്രശ്നം. ഒരു കഠിനദുഃഖത്തിന്റെ മുഖാമുഖത്തിലാണ് ഈ റിഫ്ലക്റ്റീവ് മനുഷ്യൻ രൂപപ്പെടുന്നതെന്നും ഒന്നു നിരീക്ഷിച്ചാൽ പിടുത്തം കിട്ടും.

തോമസിലേക്ക് വരൂ. ഒറ്റയ്ക്ക് നടക്കാനുള്ള അയാളുടെ ധൈര്യം തന്നെയാണ് അയാളുടെ പ്രത്യേകതയായി സുവിശേഷം എണ്ണുന്നത്. സന്ദേഹങ്ങൾ പൊടിക്കുന്നത് ആ ധൈര്യത്തിൽ നിന്നാണ്. ലോകത്തെ സദാ ആശ്വസിപ്പിക്കുന്ന ‘ഞാൻ വഴിയും സത്യവും ജീവനുമാണെ’ന്ന അരുൾ അയാളുടെ സന്ദേഹങ്ങൾക്ക് ഉത്തരമായാണ് നമുക്ക് ലഭിക്കുന്നത്. അന്നു സംഭവിച്ചതും അതാണ്. ഇതരശിഷ്യർ ഭയം കൊണ്ട് തഴുതിട്ട് ഇരിക്കുമ്പോൾ അയാൾ പുറത്ത് അലയുകയായിരുന്നു. പാതകളിൽ യേശുവിന്റെ ചോരപ്പാടുകൾ ഉണ്ടാവണം. സന്ദേഹികളുടെ തലവര അതാണ്, തനിയെ നിന്നു പൊള്ളുക.

അങ്ങനെ പൊള്ളിയ മനുഷ്യനോടാണ് അകത്തിരുന്നവർ ഉത്ഥിതന്റെ സുവിശേഷം പറയുന്നത്. മറ്റൊരു കെട്ടുകഥയുടെ നാന്ദിയാകും അതെന്ന് അയാൾ വിചാരിച്ചിട്ടുണ്ടാവും. “അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.” ആ വാതുവയ്പ്പിലേക്കാണ് അവിടുന്ന് ഇറങ്ങിവന്നത്. “നിന്റെ വിരൽ ഇവിടെ കൊണ്ടുവരിക; എന്റെ കൈകൾ കാണുക; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.” ‘എന്റെ കർത്താവേ എന്റെ ദൈവമേ’ എന്ന നിലവിളിയിലാണത് അവസാനിക്കുന്നത്. സന്ദേഹികളുടെ ചരിത്രം വഴിമാറാൻ പോകുന്നത് ഇങ്ങനെയാണ്, സ്നേഹത്തിലേക്ക് ഉറ്റുനോക്കാനുള്ള ക്ഷണത്തിൽ.

എല്ലാ സന്ദേഹങ്ങളും ആത്യന്തികമായി മനുഷ്യരുടെയോ ദൈവത്തിന്റെയോ സ്നേഹത്തേക്കുറിച്ചുള്ള സന്നിഗ്ദ്ധതകളിൽ നിന്നും അരക്ഷിതത്വങ്ങളിൽ നിന്നുമാണ് പൊടിക്കുന്നത്. സ്നേഹത്തിന്റെ വിലാപ്പാടിലേക്ക് ഒരു കാഴ്ച ലഭിച്ചാൽ പുലരിയിലെ പുകമഞ്ഞു പോലെ അതു മാഞ്ഞുപോകും.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment