പ്രിയപ്പെട്ട മോളോപറബിലച്ചന് പ്രണാമം.
1976 മേയ് 30-ന് ഉച്ചകഴിഞ്ഞാണ് കടുവക്കുളത്തുവച്ച് മോളോപറബിലച്ചനെ ഞാൻ ആദ്യമായി കാണുന്നത് .
അന്ന് ഞാനൊരു കുട്ടിയായിരുന്നു.
അഞ്ചോ ആറോ മിനിറ്റുകൾ മാത്രമേ അന്നദ്ദേഹം എന്നോട് സംസാരിച്ചുള്ളു.
കുറഞ്ഞ സമയം കൊണ്ട് അദ്ദേഹത്തിനെന്നെ മനസിലായെന്നു അന്നെനിക്ക് തോന്നി. അദ്ദേഹം പറഞ്ഞതനുസരിച്ച്
ഒരാഴ്ചക്കകം കടുവാക്കുളത്തെ ഹോളി സ്പിരിറ്റ് മൈനർ സെമിനാരിയിൽ അർത്ഥിയായി ഞാനെത്തുകയും ചെയ്തു.
എന്റെ സമർപ്പിതജീവിതപരിശീലനം 1979 -ൽ തുടങ്ങുന്നതു മുതൽ 1988 -ൽ പൗരോഹിത്യം സ്വീകരിക്കുന്നതുവരെ മോളോപ്പറബിലച്ചനായിരുന്നു സഭാസ്രേഷ്ടൻ.
അതുകൊണ്ട് പലപ്പോഴും അദ്ദേഹത്തെ കാണേണ്ടതുണ്ടായിരുന്നു.
എല്ലാ സന്ദർശനങ്ങളും ഹ്രസ്വവും ഹൃദ്യവുമായിരുന്നു.
സംസാരവിഷയങ്ങളൊക്കെ എന്നും ഏതാണ്ട് ഒന്നുതന്നെയായിരുന്നു.
ഒരു പതിനച്ചു മുതൽ മുപ്പതുവരെ മിനിറ്റുകൾക്കുള്ളിൽ എല്ലാക്കാര്യങ്ങളും
സംസാരിച്ചു ഞങ്ങൾ പിരിഞ്ഞുവെന്നത് നല്ലൊരോർമ്മയാണ്.
എന്റെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലപാടുകളും പരാതികളും ഒക്കെ
ഒരു വിദ്യാർത്ഥിയായിരിക്കെത്തന്നെ ശങ്കയില്ലാതെ അദ്ദേഹത്തോട് തുറന്നു പറയാനും
സംവദിക്കാനും സാധിച്ചിരുന്നുവെന്നത് ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
മഹാനായ മനുഷ്യൻ എന്നദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് ഇന്ന് എനിക്കിഷ്ടം.
മോളോപ്പറബിലച്ചൻ ശാന്തനും സൗമ്യനുമായ വ്യക്തിയായിരുന്നു.
ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാനും ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ വിജയകരമായി
പൂർത്തിയാക്കാനുമുള്ള മാനസികപക്വത അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു ചിരിയിൽ പല മറുപടികളും അദ്ദേഹം ഒതുക്കി.
അടുക്കാൻ മാത്രമല്ല അകലം പാലിക്കാനും അദ്ദേഹത്തിനറിയാമായിരുന്നു.
ആരെയും വെറുപ്പിക്കാത്ത പ്രകൃതമായിരുന്നു മോളോപ്പറബിലച്ചന്റേത്.
ആരോടും ദേഷ്യപ്പടുന്നതായി കണ്ടിട്ടില്ല.
എന്നാൽ ഉരുളക്ക് ഉപ്പേരി പോലെ സംസാരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
വിശ്വാസവും പ്രാർത്ഥനയും പരമപ്രധാനമായി കരുതിയവനാണ് മോളോപ്പറബിലച്ചൻ.
പ്രാർത്ഥനയിലും വിശ്വാസത്തിലും അദ്ദേഹം എന്നും വളർന്നുകൊണ്ടേയിരുന്നു.
ഈ വളർച്ചയായിരുന്നു എന്നും അദ്ദേഹത്തിന്റെ കരുത്തും.
ദൈവാശ്രയബോധം മോളോപ്പറബിലച്ചനിൽ നിന്നും നമുക്ക് പഠിക്കാനാകും.
എന്നും ജീവിതത്തിൽ മഹത്തായ പ്രതീക്ഷകൾ വച്ചു പുലർത്തിയ വ്യകതിയായിരുന്നു അദ്ദേഹം.
അതുകൊണ്ടുതന്നെ എന്നും സംതൃപ്ത്തനും സന്തോഷവാനുമായി അദ്ദേഹം കാണപ്പെട്ടു.
കുടുംബബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും നിലനിർത്താനും അവ പ്രധാമായി കാണാനും അദ്ദേഹം ശ്രദ്ധ ചെലുത്തി.
സ്വന്തം കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും എന്നും കണ്ണിലുണ്ണിയായിരുന്നുവെന്നത് അദ്ദേഹത്തിന്റെ നേട്ടമായിരുന്നു.
ആൽമീയോപദേശങ്ങൾ നൽകുന്നതിൽ സബന്നനും തല്പരനുമായിരുന്നു മോളോപ്പറബിലച്ചൻ.
പ്രബോധനവും ആൽമീയ ശുശ്രുഷയും എന്നും ജീവിതകർമ്മമായി അദ്ദേഹം മനസിലാക്കി.
അത് നിർവഹിക്കുന്നതിൽ അദ്ദേഹം എന്നും സന്തോഷം കണ്ടെത്തി.
പ്രായോഗിക ബിദ്ധിയുടെ ഉടമയായിരുന്നു അദ്ദേഹം.
പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കാൻ മാത്രമല്ല ഞൊടിയിടയിൽ മനുഷ്യരെ മനസിലാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
നിലപാടുകൾ എടുക്കുന്നതിൽ അദ്ദേഹം മടിച്ചും അറച്ചും നിന്നില്ല.
ഒപ്പം നിന്നവർ തെറ്റിദ്ധരിപ്പിച്ച സന്ദർഭങ്ങളിൽ മാത്രമേ അവ പാളിയുള്ളു.
എല്ലാവരുടെയും സ്വീകാര്യതയും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതുമായിരുന്നു അദ്ദ്ദേഹത്തിനു പ്രധാനം.
സഹിഷ്ണതയുടെയും വിട്ടുവീഴ്ചയുടെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും സുവിശേഷം അദ്ദേഹം പ്രയോഗിച്ചു.
അവയുടെ വക്താവാകാൻ അദ്ദേഹം ശ്രമിച്ചു.
അതിലദ്ദേഹം പൂർണമായും വിജയിച്ചു.
അങ്ങനെ മോളോപ്പറബിലച്ചനെ ഞാൻ പരിചയപ്പെട്ടിട്ട് ´നീണ്ട നാല്പത്തിനാല് വർഷങ്ങൾ കടന്നുപോയി.
ഈ കാലയളവിൽ അദ്ദേഹത്തെ പല കുപ്പായങ്ങളിൽ എനിക്ക് കാണാനായി.
കുപ്പായം ഏതായിരുന്നാലും അദ്ദേഹം എന്നും മോളോപ്പറബിലച്ചൻ തന്നെയായിരുന്നു.
എനിക്കാണെങ്കിലോ ആദ്യ കാഴ്ചയിൽ തോന്നിയ ആദരവ് ഇന്നും നിലനിൽക്കുന്നു.
ജോസഫ് പാണ്ടിയപ്പള്ളിൽ


Leave a comment