പുലർവെട്ടം 388

{പുലർവെട്ടം 388}
 
അധ്യാപികയായ ബോബി ജോസിന്റെ ‘ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങങ്ങൾ’ എന്ന പുസ്തകത്തിൽ ആ പദം പരാമർശിച്ചുകണ്ടു – Potluck. വിരുന്നിനു ക്ഷണം കിട്ടിയവർ ഓരോ വിഭവങ്ങളുമായി എത്തുന്ന രീതിയാണത്. Pot, luck ഈ പദങ്ങൾ ചേർന്നോ വടക്കേ അമേരിക്കക്കാരുടെ പരമ്പരാഗതവിരുന്നിന്റെ പേരായ potlatch എന്നതിൽ നിന്നോ ആയിരിക്കാം ഈ സങ്കല്പമുണ്ടായത്. Faith supper എന്നാണ് പള്ളിയങ്കണത്തിൽ ഇതിനു പേര്.
കപ്പൂച്ചിൻ ധ്യാനരീതിയിൽ ഇതിന്റെയൊരു വകഭേദം ഉണ്ടായിരുന്നു. വലിയ അംഗസംഖ്യയുള്ള ഇടവകകളിൽ അവസാനദിവസം എല്ലാവർക്കും പള്ളിയിൽ നിന്നുതന്നെ ഭക്ഷണം കൊടുക്കണം എന്നു പറഞ്ഞ് സംഘാടകരെ പരിഭ്രമിപ്പിക്കുകയായിരുന്നു അതിന്റെ നടപ്പുരീതി. ധ്യാനം തീരുന്നതിന്റെ തലേന്ന്, പിറ്റേന്നുവരുമ്പോൾ വീട്ടിൽ നിന്ന് എന്തെങ്കിലുമൊന്ന് – എത്ര ചെറിയ അളവിലായാൽപ്പോലും – ഉണ്ടാക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടും. അതൊരു മനോഹരമായ കാഴ്ചയാണ്. പള്ളിയങ്കണം മുഴുവൻ ഭക്ഷണപ്പൊതികളുമായി ഇടവകക്കാർ. വലിയ കുട്ടകളിൽ അവ ശേഖരിക്കപ്പെടുന്നു. പിന്നെ, പത്തോ ഇരുപതോ പേർ വരുന്ന ചെറിയ വൃത്തങ്ങൾ രൂപപ്പെടുന്നു. തങ്ങൾക്കുള്ളത് ശേഖരിച്ചുകൊണ്ടുവരാൻ ഒരോരോ ലീഡർമാരെ അവർ നിശ്ചയിക്കുന്നു. ഊഹിക്കാവുന്നതുകണക്ക് നൂറുകണക്കിനു പൊതികളിൽ നിന്ന് ഭീകരമായ ഖനനത്തിൽ ഏർപ്പെടുകയാണ് നേതാക്കൾ. അവർ മടങ്ങിയെത്തി എല്ലാവരും ഇരുന്നുകഴിയുമ്പോഴാണ് ഈ ഫെയ്ത്ത് സപ്പറിലെ ട്വിസ്റ്റ്. അനൗൺസ്‌മെന്റ് ഇങ്ങനെയാണ്- ഓരോരുത്തരും അവരവർ ശേഖരിച്ചുവച്ച പൊതികൾ മറ്റു വൃത്തങ്ങളിലുള്ളവരുമായി കൈമാറുക. ആദ്യത്തെ അമ്പരപ്പിനുശേഷം പള്ളിയങ്കണം മുഴുവൻ പൊട്ടിച്ചിരിയാണ്. ആ പൊട്ടിച്ചിരിയുടെ ഇടയിൽത്തന്നെ വിരുന്ന് ആരംഭിക്കുന്നു.
ഭക്ഷണം കൈമാറുന്നതിനേക്കാൾ ഹൃദ്യമായ മറ്റെന്തുണ്ടാവും! ഒരുമിച്ച് ഭക്ഷണം കഴിക്കുക എന്നതു മാത്രമല്ല, ഒരേ ഭക്ഷണം കഴിക്കുന്നു എന്നതിലൂടെക്കൂടിയാണ് നീതിയുടെ ബാലപാഠങ്ങൾ ഉള്ളിൽ പതിയുന്നത്. സിനിമാരംഗത്തെ ഒരു നിശബ്ദവിപ്ലവം അതായിരുന്നു; എല്ലാവർക്കും ഒരേ മെസ് വിളമ്പുക. മിലിറ്ററിയിൽ റാങ്ക് വ്യത്യാസമനുസരിച്ച് ഭക്ഷണത്തിലും വ്യത്യാസമുണ്ടെന്നുതന്നെയാണ് മനസ്സിലാക്കാൻ കഴിയുന്നത്. ശരീരമാണ് പട്ടാളത്തിന്റെ മൂലധനം. പട്ടാളത്തിന്റെ മാത്രമല്ല, ഏതൊരു തൊഴിലിന്റേയും ക്യാപിറ്റൽ അതുതന്നെയാണ്. ശരീരത്തെ ഒരേപോലെ സംരക്ഷിക്കുന്നു എന്ന ഉറപ്പാണ് പല തരം ഭക്ഷണങ്ങളിലൂടെ വയലേറ്റ് ചെയ്യപ്പെടുന്നത്.
ദാരിദ്ര്യത്തിൽപ്പോലും ഭക്ഷണം കൂടുതൽ കരുതാനായി ശ്രദ്ധിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു. മിക്കവാറും വീടുകളിൽ വലിയ കലത്തിൽ സദാ ചക്കരക്കാപ്പി തിളച്ചുകിടപ്പുണ്ടാവും. ആര് ഏതു നേരത്തുവന്നാലും ഒരു ഗ്ലാസ് ഉറപ്പാണ്. കൂടുതൽ ചോറ് വച്ചിരുന്നു. അവസാനത്തെ ബോട്ട് വന്നുപോയി എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമായിരുന്നു ആ കലത്തിൽ വെള്ളമൊഴിച്ചിരുന്നത്. നമ്മുടെ ദേശത്തിന്റെ കഥ മാത്രമായിരുന്നില്ല അത്. ആരെങ്കിലുമൊരാൾ ഏതു രാവിൽ വേണമെങ്കിലും വന്നേക്കാം എന്ന ബോധം പുലർത്തിയിരുന്ന ഒരു കാലം.
വേദപുസ്തകത്തിലെ ലളിതമായ ഒരു നിർദേശത്തിന് അറിഞ്ഞോ അറിയാതെയോ ഉത്തരം നൽകുകയായിരുന്നു അവർ. വലിയൊരു പുരുഷാരത്തിന്റെ വിശപ്പിനെ അഭിമുഖീകരിക്കുവാൻ വൈകാരികധൈര്യമില്ലാതെപോയ ശിഷ്യന്മാർ അവരെ ഇരുട്ടുംമുൻപേ പറഞ്ഞുവിടാനാണ് ശ്രമിക്കുന്നത്. എന്നാൽ യേശു പറഞ്ഞു, “നിങ്ങൾ തന്നെ അവർക്കു ഭക്ഷിക്കാൻ കൊടുക്കുക”. ഒരു പഞ്ഞമാസത്തിന്റെ സാധ്യത ഓരോ ദിനവും തിടം പ്രാപിക്കുമ്പോൾ ആ അനുശാസനത്തിന് കുറേക്കൂടി കാതും ഹൃദയവും നൽകേണ്ടതുണ്ട്.
അടുത്തയിടെ നിര്യാതനായ ലൂയി പീറ്റർ ഒരു ആമുഖവുമില്ലാതെ ഒരിക്കൽ കയറിവന്നു പറഞ്ഞത് ഇങ്ങനെയാണ്, “അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റുന്നതിൽ ഒരു അത്ഭുതവുമില്ല. എന്റെ അമ്മ അതു നിത്യവും ചെയ്തിരുന്നു. യഥാർത്ഥ അത്ഭുതം അയ്യായിരം അപ്പം അഞ്ചു പേരേക്കൊണ്ട് കഴിപ്പിക്കുന്നതാണ്.” 😃
 
-ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment