പുലർവെട്ടം 390

{പുലർവെട്ടം 390}
 
സൂക്ഷിച്ചുനോക്കിയാൽ ആ മേശയിൽ ചൊരിഞ്ഞുപോയ ഉപ്പുപാത്രം കാണാം. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റുകൊടുക്കുമെന്ന വാക്കിന്റെ നടുക്കത്തിൽ സംഭവിച്ചതാവാം അത്. ഫിലോസഫറായ പൈതഗോറസ് ഉപ്പിനെ നീതിയുടെ പര്യായമായി എണ്ണിയിരുന്നു. അതു തുളുമ്പിപ്പോവുക എന്നാൽ ആസന്നമായ ഒരു നീതിനിഷേധത്തിന്റെ മുന്നറിയിപ്പാവാമെന്ന യവനവിശ്വാസം ‘അന്ത്യ അത്താഴം’ എഴുതുമ്പോൾ ഡാവിഞ്ചിയെ സ്വാധീനിച്ചിട്ടുമുണ്ടാവണം. ചരിത്രത്തിലെ ഏറ്റവും വലിയ അനീതി സംഭവിക്കാനിരിക്കുന്നതേയുള്ളു.
‘നിങ്ങൾ ഭൂമിയുടെ ഉപ്പാണ്, ഉറ കെട്ടുപോയാൽ എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്ത് വലിച്ചെറിഞ്ഞ് മനുഷ്യരാൽ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ല’ എന്ന യേശുമൊഴിയുടെ മുഴക്കം മേശയുടെ ആ വിശദാംശത്തിൽ പതിഞ്ഞിട്ടുണ്ട്. അങ്ങനെ, ആദ്യം പ്രതീക്ഷയുണർത്തി പിന്നീട് ഒറ്റുകാരനായി മാറിയ ഒരാളുടെ രൂപകമായി അതു മാറുന്നു.
അടുപ്പുകല്ലുകൾക്കു താഴെ ചൂടു നിലനിർത്താനുപയോഗിക്കുന്ന ഉപ്പിന് അതു കഴിയാതെവരുമ്പോൾ വീട്ടുകാർ തറയോടിളക്കി അതിനെ പുറത്തുകളഞ്ഞ് പുതിയ ഉപ്പ് നിറയ്ക്കുന്നത് യേശുവിന്റെ ഗ്രാമക്കാഴ്ചകളിലുണ്ട്. ഉപയോഗമില്ലാത്ത ഒന്നിനും അടിസ്ഥാനപരമായ നിലനില്പിന് അർഹതയില്ല. മുറിവുണക്കാനും ജീർണിക്കാതിരിക്കാനും ശുദ്ധീകരിക്കാനും രുചി പകരാനുമൊക്കെയാണ് ഉപ്പ് ഉപയോഗിക്കപ്പെടുന്നത്. സാധകനിൽ നിന്ന് അതു സംഭവിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ ധർമ്മത്തിലാണ് ഒരാൾ കാലിടറി വീഴുന്നത്.
യഹൂദവിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിച്ച ഒരാൾക്ക് തന്റെ പ്രമാണങ്ങളിലേക്ക് തിരികെ വരണമെങ്കിൽ കഠിനമായ ഒരു പ്രായശ്ചിത്തം ചെയ്യേണ്ടിയിരുന്നു. സിനഗോഗിന്റെ കവാടത്തിൽ നിലത്തുകിടന്നിട്ട് അതിലേക്ക് പ്രവേശിക്കുന്നവരുടെ മുഴുവൻ ചവിട്ടേറ്റ് അയാൾ സ്വയം വിനയപ്പെടണം. അത്ര അപൂർവമല്ലാത്ത ഈ കാഴ്ചയും യേശുവിന്റെ ഉറ കെട്ട ഉപ്പ് എന്ന വിചാരത്തെ സ്വാധീനിച്ചിട്ടുണ്ടാവും.
ചില ആദിമ ക്രൈസ്തവസമൂഹങ്ങളിൽ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ എടുത്തിരുന്നു. പരസ്യമായ ഉതപ്പു സംഭവിച്ച ഒരാൾ പ്രാർത്ഥനാസൗഹൃദങ്ങളുടെ കവാടത്തിനു വെളിയിൽ ദൈവത്തിന്റേയും മനുഷ്യരുടേയും കരുണ യാചിച്ചു കിടക്കും. തന്റെ മേൽ ചവിട്ടിപ്പോകുവാൻ അയാൾ ഇതരവിശ്വാസികളോട് അപേക്ഷിക്കുന്നുണ്ടാവും. ഒരു ആചാരം പോലെ അയാൾ ഇങ്ങനെ പറയും: “ഞാനോ ഉറ കെട്ട ഉപ്പ്. എന്റെ വിധി ഇതുതന്നെ.”
‘അച്ഛനു സുഖം തന്നെയോ’ എന്നൊരു കൊച്ചുമകളോട് കുശലം പറയുമ്പോൾ ‘അതു മാത്രം എന്നോടു ചോദിക്കണ്ട’ എന്നു പറഞ്ഞ് അവൾ മുഖം തിരിക്കുന്നു. അപ്പോൾ, ഉപ്പായി മാറാതിരുന്ന ഒരാളുടെ ഉടലിനു മീതെ ഒരു കുഞ്ഞിപ്പാദം കുറുകേ ചവിട്ടിയിറങ്ങുന്നതു കണ്ടതിന്റെ നടുക്കം അവശേഷിക്കുന്നു.
ദൈവമേ!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment