{പുലർവെട്ടം 391}
ഷൂസെ സരമാഗോയുടെ Small Memories എന്ന തീരെച്ചെറിയ പുസ്തകം വായിച്ചുതീരുമ്പോൾ സ്വാഭാവികമായും നമ്മുടെതന്നെ കുട്ടിക്കാലത്തെയാണ് റീ-വിസിറ്റ് ചെയ്യുന്നത്. പതിനെട്ടാം മാസത്തിൽ അച്ഛനും അമ്മയും കുട്ടിയെ അമ്മയുടെ നാട്ടിൽനിന്ന് ലിസ്ബൺ പട്ടണത്തിലേക്കു കൊണ്ടുപോയി. തെല്ലു മുതിർന്നു കഴിയുമ്പോൾ പലയാവർത്തി അയാൾ തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും തേടി ആ ഗ്രാമത്തിലേക്കെത്തുന്നുണ്ട്.
മിക്കവാറും പേർക്ക് അമ്മവീടിനേക്കുറിച്ച് ഹൃദ്യമായ ഓർമകളുണ്ടാകുമെന്നുതന്നെ കരുതുന്നു. ഞങ്ങളുടെ കാര്യത്തിൽ അമ്മവീട്ടിലായിരുന്നു വേനലവധിയുടെ ഏകദേശം മുഴുവൻ സമയവും. പരീക്ഷ കഴിഞ്ഞ് വേനലിന്റെ സ്കൂൾപൂട്ട് എന്നാണെന്ന് എ. ഇ. ഒ. കഴിഞ്ഞാൽ അച്ചട്ടായി മനസിലാക്കിയിരുന്ന ഒരാൾ അമ്മയുടെ അപ്പനായിരുന്നു. എന്തൊക്കെ കൗതുകങ്ങളായിരുന്നു നെൽവയലുകളും ചെറുതോടുകളും പരൽമീനുകളും മാമ്പഴവും ചെറുവഞ്ചിയുമൊക്കെച്ചേർന്ന് സൃഷ്ടിച്ചെടുത്തത്!
സരമാഗോയുടെ വീട്ടുകാരും കൃഷിക്കാരാണ്. അറിവിന്റേയും കറയില്ലാത്ത സ്നേഹത്തിന്റേയും സ്രോതസായിട്ടാണ് അയാൾ അവരെ ഓർമിച്ചെടുക്കുന്നത്. കടുത്ത ദാരിദ്ര്യം കൊണ്ട് പന്ത്രണ്ടാം വയസിൽ പള്ളിക്കൂടം വിടേണ്ടിവന്ന ഒരാളാണ് ടിയാൻ എന്നുകൂടി ഓർക്കണം. നാലു വയസെത്തിയ ജ്യേഷ്ഠന്റെ മരണം, തണുപ്പുള്ള രാത്രികളിൽ അശുക്കളായ പന്നിക്കുട്ടന്മാരെ സ്വന്തം കിടക്കയിൽ പുതപ്പിച്ചുകിടത്തുന്ന ഗ്രാമീണകാരുണ്യം, ശൈത്യകാലത്തിനു ശേഷം പുതപ്പുകൾ പോലും പണയം വയ്ക്കേണ്ടീവരുന്ന ദാരിദ്ര്യം, വായനയോടുള്ള ആഭിമുഖ്യങ്ങൾ രൂപപ്പെടുന്നത്, മീൻപിടുത്തം… അങ്ങനെ കിളുന്തോർമകളുടെ മൊസയ്ക് ചിത്രമാണിത്.
ബാല്യത്തിലെ ചില ക്ഷതങ്ങൾ അയാളതു കുറിക്കുന്ന എൺപതാം വയസിലും മായ്ച്ചുകളയാനാവാതെ അയാളോടൊപ്പമുണ്ട്. ഒരിക്കൽ ഒരു കുതിരസവാരി അയാൾക്ക് നിഷേധിക്കപ്പെട്ടു. അതിനേക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞുവയ്ക്കുന്നത്: “I’m still suffering from the effects of a fall from a horse I never rode. There are no outward signs, but my soul has been limping for the last 70 years.” ഒരിക്കലും സഞ്ചരിക്കാത്ത ഒരു കുതിരയിൽനിന്ന് ഉണ്ടായ വീഴ്ചയുടെ പരിക്കുകൾ അയാളോടൊപ്പം ജീവിതസായന്തനത്തിലുമുണ്ട്; പുറത്ത് അങ്ങനെയൊരു അടയാളമില്ലെങ്കിൽപ്പോലും. കഴിഞ്ഞ എഴുപതു വർഷങ്ങളായി അയാളുടെ ആത്മാവ് മുടന്തിക്കൊണ്ടിരിക്കുകയായിരുന്നു.
കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ഒരു ഓർമപ്പെടുത്തലായി അത് അനുഭവപ്പെട്ടു. പുളിങ്കുരുവിന്റെ തളിർപ്പിൽ ഒരു മൊട്ടുസൂചി കുത്തുന്നതുപോലെയാണ് ബാല്യത്തിലെ അപമാങ്ങൾ. എത്ര വലിയ മരമായി മാറുമ്പോഴും അതിന്റെ പാടുകളുണ്ടാവും. എന്നാൽ ഒരു പുളിമരത്തിൽ നിങ്ങൾ വീശുന്ന മഴു പോലും ഒരു പരിക്കും അവശേഷിപ്പിക്കാതെ തെറിച്ചുപോകുന്നതു കാണാം. അതുകൊണ്ടൊക്കെ ആയിരിക്കണം രാജകുമാരന്മാരെക്കണക്ക് കുഞ്ഞുങ്ങളെ വളർത്തുവാൻ പ്രകാശമുള്ള മനുഷ്യരൊക്കെ പറഞ്ഞുകൊണ്ടിരുന്നത്. പല കാരണങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ട ഒരു കുട്ടിയുണ്ടായിരുന്നു. അവന്റെ പിതൃത്വമുൾപ്പടെ പരിഹാസവിഷയമായി. മുതിർന്നപ്പോൾ അവൻ പറഞ്ഞു: “ഈ കുഞ്ഞുങ്ങളിലൊന്നിനെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക. അതുവഴി അവരുടെ മാലാഖമാർ ദൈവസന്നിധിയിൽ നിങ്ങൾക്കെതിരെ കണക്കു ബോധിപ്പിക്കാൻ പോവുകയാണ്.” ബാല്യം സുരക്ഷിതമാകാത്തവർക്ക് ജീവിതം ആകുലതകളുടേയും അരക്ഷിതത്വങ്ങളുടേയും ഭീതിയുടേയും ചോരുന്ന കൂടാരമാകുന്നു.
എന്നാലും പുസ്തകത്തിന്റെ റ്റോൺ ഇതല്ല. തൊണ്ണൂറു വയസുള്ള അയാളുടെ മുത്തശ്ശി നിരീക്ഷിക്കുന്നതുപോലെ, “The world is so beautiful, it makes me sad to think I had to die.” വിട്ടുപോകാനാവാത്ത വിധത്തിൽ എത്ര വശ്യമാണ് ഈ പ്രപഞ്ചം!
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Leave a comment